മിയാമി: ഇക്കുറി വടക്കേ അമേരിക്കന്‍ മണ്ണിലെ മൂന്ന് രാജ്യത്തായി ലോകകപ്പ് ഫുട്ബോളില്‍ വിരുന്നെത്തിയ ഒരു കുഞ്ഞു കൂട്ടരുടെ വലിയ കഥയാണിത്. പക്ഷെ ഈ കഥയ്‌ക്ക് സ്വയം ഒരു സംശയം ബാക്കി, കഥ ഇവിടെ തീരുകയാണോ അതോ ഇനിയും നടക്കാനിരിക്കുന്ന ലോകകപ്പുകളിലേക്കുള്ള തുടക്കം മാത്രമോ? നാല് വര്‍ഷത്തിനപ്പുറം വീണ്ടും പൊന്നുംകപ്പുയര്‍ത്തുന്നതിനായന ലോകപന്ത് തട്ടാന്‍ കാലാള്‍പ്പട നിരക്കുമ്പോള്‍ അക്കൂട്ടത്തില്‍ കേപ് വെര്‍ദെ എന്ന ഇത്തിരി കുഞ്ഞന്‍ രാജ്യക്കാരുടെ വലിയ വിസ്മയം വീണ്ടും കാണാനൊക്കുമോ, ഒത്തുകിട്ടിയാല്‍ തന്നെ ഗോള്‍ വലയ്‌ക്ക് മുന്നില്‍ സേവുകളിലൂടെ ലോകത്തെ ത്രസിപ്പിച്ച, ഫുട്ബോളിലെ ലോക ചക്രവര്‍ത്തി മെസിയെ വിറപ്പിച്ച വൊസീഞ്ഞ ടീമിനൊപ്പം കാണുമോ? ഇന്ന് ലോകകപ്പ് വേദിയില്‍ നിന്ന് കരഘോഷത്തിന്റെ അകമ്പടിയില്‍ പുറത്തേക്ക് നടക്കുന്ന ആ ധീര ഗോള്‍കീപ്പറുടെ പ്രായം 40, ഇനിയൊരു നാല് വര്‍ഷം കൂടി കഴിയുമ്പോള്‍ അയാള്‍ 44കാരനാകും. അന്നും ലോകകപ്പ് വേദിയില്‍ അയാളുണ്ടെങ്കില്‍ കളിക്ക് മുമ്പേ രണ്ട് റിക്കാര്‍ഡുകള്‍ ഭേദിച്ചുകൊണ്ടായിരിക്കും കളത്തിലിറങ്ങുകയെന്ന് ഉറപ്പ്. ഏറ്റവും കൂടിയ പ്രായത്തില്‍ ലോകകപ്പിന് ഇറങ്ങുന്ന ഫുട്ബോളര്‍, ഒപ്പം ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും മുതിര്‍ന്ന ഗോളി.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കച്ചവടക്കണ്ണുമായി ലോകം ചുറ്റിക്കൊണ്ടിരുന്ന യൂറോപ്യന്‍മാര്‍ അടിമകളെ തേടി എത്തിച്ചേര്‍ന്ന പ്രദേശത്തിന്റെ പച്ചപ്പ് കണ്ട് പച്ച മുനമ്പ് എന്ന അര്‍ദ്ധത്തിലാണ് കേപ് വെര്‍ദെ എന്ന പേര് നല്‍കിയത്. 1975ല്‍ രാജ്യം സ്വതന്ത്രമാക്കപ്പെട്ടു. പതിറ്റാണ്ടുകള്‍ക്കിപ്പുറം യൂറോപ്യന്‍ വമ്പന്‍ ഫുട്ബോളര്‍മാരും ലാറ്റിനമേരിക്കയില്‍ നിന്നെത്തിയ മനോഹര കളിശൈലിയുടെ ഉടമകളും, ഏതാനും ആഫ്രിക്കന്‍ കരുത്തരും അരങ്ങ് വാഴുന്ന ലോകകപ്പ് ഫുട്ബോളിലേക്ക് കന്നിയങ്കത്തിനായി കടന്നുവന്ന അവരുടെ 26 പേര്‍ക്ക് പറയാനുണ്ടായിരുന്നത് ഇരുണ്ട യുഗത്തെ കുറിച്ചോ, യൂറോപ്യന്‍മാരുടെ അധിനിവേശത്തോട് ചെറുത്തു നിന്ന കദനകഥയോ ആയിരുന്നില്ല. ഏത് വമ്പന് മുന്നിലും തോല്‍ക്കാന്‍ തയ്യാറെല്ലെന്ന് കളിച്ച് പറയുന്ന പോരാട്ട വീര്യത്തിന്റെ അധ്യായം എഴുതി ചേര്‍ക്കുന്ന കഥകളെക്കുറിച്ചായിരുന്നു.
പ്രതിരോധവും മുന്നേറ്റവും ഒരുപോലെ സാധ്യമാകുന്ന സ്പെയിനിനെ ഗോളടിക്കാതെ തടഞ്ഞു നിര്‍ത്തി അട്ടിമറിയേക്കാല്‍ മധുരതരമായ ഗോളില്ലാ സമനില പൊരുതി നേടിക്കൊണ്ട് അറ്റ്ലാന്റ സ്റ്റേഡിയിലാണ് ഇവരുടെ വീര്യം ലോകം കാണ്‍കെ കത്തിയുയരാന്‍ തുടങ്ങിയത്. കാളപ്പോരുകാരുമായുള്ള ആ യുദ്ധം തീര്‍ന്നപ്പോള്‍ എല്ലാവരും വിലയിരുത്തി, ഇവര്‍ക്ക് പ്രതിരോധത്തില്‍ ശ്രദ്ധയൂന്നി കളിക്കാനേ സാധിക്കൂ എന്ന്. രണ്ടാം മത്സരത്തില്‍ ഉറുഗ്വേയ്‌ക്കെതിരെ ആ കുറ്റം പറച്ചിലിന് മറുപടി നല്‍കി. കളിയില്‍ ആദ്യം ഗോളടിച്ചത് കേപ്പ് വെര്‍ദെയായിരുന്നു. പിന്നാലെ ഉറുഗ്വേ രണ്ടെണ്ണം തിരിച്ചടിച്ച് വാശി തീര്‍ത്തപ്പോള്‍ അതിനെ മറികടന്ന് ഒരു ഗോള്‍ കൂടി നേടി ഉറുഗ്വേയെ മെരുക്കി നിര്‍ത്താന്‍ കേപ്പിന് സാധിച്ചു. മൂന്നാം ഗ്രൂപ്പ് പോരാട്ടത്തില്‍ സൗദി അറേബ്യയുമായി പൊരുതി ഗോളില്ലാ സമനില പിടിച്ചു. നോക്കൗട്ടിലേക്ക് മുന്നേറാന്‍ ഈ വലിയ കുഞ്ഞന്‍മാര്‍ക്ക് അത് ധാരാളമായിരുന്നു.
റൗണ്ട് ഓഫ് 32 ഒരു സ്വപ്നം പോലെയായിരുന്നു. എതിരാളികള്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന. ഓരോ ഗോളിലും നിലവിലെ ജേതാക്കളായ അര്‍ജന്റീന ജയം ഉറപ്പിക്കും, വിടാതെ പിന്തുടര്‍ന്ന് കേപ്പ് ഗോള്‍ നേടും. അധിക സമടത്തും അര്‍ജന്റീന 2-1ന് മുന്നില്‍ കടന്നു. 103-ാം മിനിറ്റില്‍ ഇടത് വിങ്ങിലൂടെ രണ്ട് അര്‍ജന്റൈന്‍ പ്രതിരോധക്കാരെ കേപ്പിന്റെ സിഡ്നി കബ്രാല്‍ വട്ടം കറിക്കുമ്പോള്‍ അപകടകരമായൊരു ക്രോസ് ഒരുങ്ങുന്നുണ്ടെന്ന് അര്‍ജന്റൈന്‍ ഗോള്‍ മുഖം കരുതലെടുത്തു. കബ്രാലിന്റെ സഹതാരങ്ങള്‍ ഹെഡ്ഡര്‍ ഫിനിഷിനായി തയ്യാറെടുത്തു. ലക്ഷോപലക്ഷം കാഴ്‌ച്ചക്കാരും ആ ക്രോസിന്റെ ഫലം കാണാന്‍ കാത്തിരുന്നപ്പോള്‍, വലംകാല്‍ കൊണ്ട് കബ്രാല്‍ ഞെട്ടിച്ചു, തൊടുത്ത ഷോട്ട് ഉയര്‍ന്ന് പൊന്തി മഴവില്ലഴകില്‍ പറന്നിറങ്ങിയത് നേരെ അര്‍ജന്റീന ഗോള്‍ വലയുടെ വലത് മൂലയില്‍. ഒന്നാന്തരം ഗോളി എമിലിയാനോ ചാടി നോക്കി, അതല്ലാതെ മറ്റൊരു നിവൃത്തിയുണ്ടായിരുന്നില്ല. പക്ഷെ പന്ത് ഗോള്‍ പോസ്റ്റിനകത്ത് വലയുടെ ഇഴകളെ തഴുകിയൂര്‍ന്ന് വീഴുമ്പോള്‍ ഗാലറികളില്‍ ഒരു കടലിരമ്പം. കേപ്പ് വെര്‍ദെ ഒരു കുഞ്ഞന്‍ കഥയല്ല, വരാനിരിക്കുന്ന വീര്യത്തിന്റെ വരവറിയിക്കലായിരിക്കുന്നു എന്ന് ലോകം വിളിച്ചറിയിക്കുന്ന നിമിഷമായിരുന്നു അത്. മത്സരഫലത്തിനൊടുവില്‍ ലോകകപ്പില്‍ നിന്നും പുറത്തേക്ക് നടന്നിരിക്കാം, ഇനിയും ലോക ഫുട്ബോള്‍ പ്രേമികള്‍ക്കായി ആഫ്കോണും കോണ്‍ഫെഡറേഷന്‍ കപ്പും അതിലുപരി ലോകകപ്പിലും ഈ കഥ തീരാതെ തുടരുമെന്ന് ആശിക്കാം, കാത്തിരിക്കാം.
















