ചില വിജയങ്ങള്‍ സ്‌കോര്‍ബോര്‍ഡില്‍ അവസാനിക്കും. ചിലത് ചരിത്രപുസ്തകങ്ങളില്‍ ഇടംപിടിക്കും. എന്നാല്‍ അപൂര്‍വം ചില വിജയങ്ങള്‍ മാത്രമാണ് ഒരു ജനതയുടെ കൂട്ടായ ഓര്‍മയിലും പാട്ടുകളിലും കഥകളിലും തലമുറകളുടെ സംഭാഷണങ്ങളിലും എന്നും ജീവിക്കുന്നത്. പ്രീക്വാര്‍ട്ടറില്‍ നാളെ രാത്രി ബ്രസീല്‍, നോര്‍വെയെ നേരിടുമ്പോള്‍ അത്തരത്തിലൊരു കഥയാണ് ഓര്‍മയിലെത്തുന്നത്.
1998ല്‍ ലോകകപ്പ് ഫൈനല്‍ ഓര്‍മയില്ലേ? സിനദിന്‍ സിദാന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് ടീം റൊണാള്‍ഡോ നസാരിയോ എന്ന കൗമാരക്കാരന്റെ ബ്രസീലിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ ചരിത്ര ഫൈനല്‍. അന്ന് തകര്‍ന്നത് അഞ്ചാം ലോകകിരീടം എന്ന ബ്രസീലിന്റെ സ്വപ്നമായിരുന്നു. ആ മത്സരം എല്ലാവരും ഓര്‍മിക്കും അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. എന്നാല്‍, അതേ ലോകകപ്പില്‍ മറ്റൊരു തിരിച്ചടി ബ്രസീലിനുണ്ടായിരുന്നു. അന്ന് ലോകത്തെ ഏറ്റവും മികച്ച ടീമായിരുന്ന ബ്രസീല്‍ എന്നും ഭയപ്പെടുന്ന രാത്രിയില്‍ നോര്‍വെ ബ്രസീലിനെ 2-1ന് പരാജയപ്പെടുത്തി. പ്രാഥമിക റൗണ്ടിലായിരുന്നു ഇത്. ബ്രസീലിന് അത് ചരിത്രത്തിലെ ഒരു തോല്‍വി മാത്രമായിരിക്കാം. എന്നാല്‍ നോര്‍വേയ്‌ക്ക് അത് ഇന്നും ഒരു രാജ്യത്തിന്റെ ആത്മവിശ്വാസം ജനിച്ച രാത്രിയാണ്. ആ മത്സരം നോര്‍വെയുടെ സാംസ്‌കാരികണ്ഡലത്തില്‍ത്തന്നെ ഏറ്റവം മികച്ച ഓര്‍മ, അല്ലെങ്കില്‍ നോര്‍വീജിയന്‍സിന് അതൊരു ദേശീയ ഓര്‍മയാണ്.
1998 ജൂണ്‍ 23
ഫ്രാന്‍സിലെ മാര്‍സെയിലെ വെലോഡ്രോം സ്റ്റേഡിയത്തില്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങിയപ്പോള്‍, മറുവശത്ത് നിന്നത് ലോകം മുഴുവന്‍ ആരാധിച്ച ബ്രസീല്‍. റൊണാള്‍ഡോയും ബെബെറ്റോയും ദുംഗയും കഫുവുമെല്ലാം അണിനിരന്ന സാംബാസേന. ജയിക്കുമെന്ന വിശ്വാസത്തോടെ മൈതാനത്തിറങ്ങിയ ബ്രസീലിന് മുന്നില്‍ പ്രതീക്ഷയേക്കാള്‍ ധൈര്യം മാത്രമായിരുന്നു നോര്‍വേയുടെ കൈമുതല്‍. കളിയുടെ 78-ാം മിനിറ്റില്‍ ബെബെറ്റോയുടെ ഗോള്‍ ബ്രസീലിനെ മുന്നിലെത്തിച്ചപ്പോള്‍, കഥ അവസാനിച്ചുവെന്ന് പലരും കരുതി. പക്ഷേ നോര്‍വേയ്‌ക്ക് അത് കഥയുടെ തുടക്കമായിരുന്നു. ആദ്യം ടോറെ ആന്ദ്രെ ഫ്ലോ സമനില കണ്ടെത്തി. പിന്നീട് ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ കെറ്റില്‍ റെക്ഡാല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ വലയിലെത്തിച്ചു. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ തെളിഞ്ഞത് ഒരു ഫലം മാത്രമല്ലായിരുന്നു. ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച ഒരു അത്ഭുതത്തിന്റെ ജനനമായിരുന്നു അത്. ബ്രസീല്‍ തോറ്റു, നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍.
ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നോര്‍വേയില്‍ ആ രാത്രിയെ ആളുകള്‍ ‘മാര്‍സെയിലെ അത്ഭുതം’ എന്ന പേരിലാണ് ഓര്‍ക്കുന്നത്. അത് ഒരു മത്സരം മാത്രമല്ല; ഒരു വികാരമാണ്. ഒരു തലമുറയുടെ അഭിമാനമാണ്. ഒരു രാജ്യം തന്റെ ചെറിയ ഫുട്ബോള്‍ ചരിത്രത്തില്‍ എഴുതിയ ഏറ്റവും വലിയ കവിതയാണ്.
ആ ഓര്‍മയ്‌ക്ക് പിന്നാലെ പുസ്തകങ്ങള്‍ പിറന്നു. ഡോക്യുമെന്ററികള്‍ നിര്‍മിക്കപ്പെട്ടു. ടെലിവിഷന്‍ പരിപാടികള്‍ ആ രാത്രിയെ വീണ്ടും വീണ്ടും തിരികെ കൊണ്ടുവന്നു. സ്‌കൂള്‍കുട്ടികള്‍ക്ക് പറയുന്ന ഫുട്ബോള്‍ കഥകളിലും പബ്ബുകളിലെ ചര്‍ച്ചകളിലും കുടുംബസംഗമങ്ങളിലുമെല്ലാം ആ രണ്ട് ഗോളുകള്‍ ഇന്നും ജീവിക്കുന്നു. ആള്‍ട്ട് ഫോര്‍ നോര്‍വെ (‘Alt for Norge’ ) എന്ന ഡോക്യുമെന്ററി അന്നത്തെ പരിശീലകന്‍ ഡ്രില്ലോ എന്ന എജില്‍ ഓസ്ലെന്റെ നേതൃത്വത്തിലുള്ള സുവര്‍ണതലമുറയുടെ കഥ പറയുന്നു.
‘Miraklet i Marseille’ (‘മാര്‍സെയിലെ അത്ഭുതം’) എന്ന പുസ്തകം ആ മത്സരത്തിന്റെ ചരിത്രം വിശദമായി രേഖപ്പെടുത്തുന്നു. അതുപോലെ ഗാനങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും ഫുട്ബോള്‍ ചര്‍ച്ചകളിലും ആ വിജയം ഇന്നും പതിവായി ഓര്‍മ്മിക്കപ്പെടുന്നു.
കാരണം, അതിനുശേഷം ഏറെക്കാലം ലോകകപ്പെന്ന സ്വപ്നം നോര്‍വേയ്‌ക്ക് അകന്നുപോയിരുന്നു. 2002 മുതല്‍ 2022 വരെ ലോകകപ്പ് വേദി അവരെ കാണാതെ കടന്നുപോയി. അപ്പോഴെല്ലാം 1998 എന്ന വര്‍ഷം നോര്‍വീജിയന്‍ മനസ്സില്‍ കൂടുതല്‍ തിളങ്ങിക്കൊണ്ടേയിരുന്നു. സമയം കടന്നുപോയപ്പോള്‍ ആ വിജയം പഴയതായില്ല; മറിച്ച് കൂടുതല്‍ വിലപ്പെട്ടതായി. ഇന്ന് എര്‍ലിങ് ഹാലാന്‍ഡിന്റെയും മാര്‍ട്ടിന്‍ ഓഡെഗാഡിന്റെയും പുതിയ തലമുറ ലോകകപ്പില്‍ വീണ്ടും ബ്രസീലിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍, നോര്‍വേയുടെ ഓര്‍മകളില്‍ ആദ്യം തെളിയുന്നത് ആ മാഴ്സെ രാത്രി തന്നെയാണ്.
നോര്‍വെയെ ഭയപ്പെടണം
ബ്രസീലിന്റെ ഫുട്ബോള്‍ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും പരാജയപ്പെടുത്താന്‍ കഴിയാത്ത ടീമാണ് നോര്‍വെ. ഇരുടീമും നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും നോര്‍വെ ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലായി.
2026 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ വീണ്ടും ബ്രസീലും നോര്‍വേയും ഏറ്റുമുട്ടാനിരിക്കുകയാണ്. ബ്രസീലിന് ഇത് ലോകകപ്പ് കിരീടത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണെങ്കില്‍, നോര്‍വേയ്‌ക്ക് 1998-ലെ ചരിത്രം ആവര്‍ത്തിക്കാനുള്ള അവസരമാണ്. 1998 ടീമിലെ പ്രതിരോധതാരം ഇഗ്‌നെ ബ്യോണെബൈ പറയുന്നത് ഇങ്ങനെയാണ്, ‘1998-ലെ ഓര്‍മ്മകള്‍ അഭിമാനകരമാണ്. എന്നാല്‍ ഇപ്പോഴത്തെ തലമുറയ്‌ക്ക് സ്വന്തമായി പുതിയ ചരിത്രം സൃഷ്ടിക്കേണ്ട സമയമാണിത്’ എന്നതാണ്. അതായത്, പഴയ നേട്ടത്തില്‍ മാത്രം ജീവിക്കാതെ എര്‍ലിങ് ഹാലന്‍ഡ്, മാര്‍ട്ടിന്‍ ഒലെഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ തലമുറയും സ്വന്തം മുദ്ര പതിപ്പിക്കണമെന്നാണ് മുന്‍താരങ്ങളുടെ ആഗ്രഹം.
















