മയാമി: ഗ്രൂപ്പ് ഘട്ടത്തില്‍ സ്പെയിനിനെയും ഉറുഗ്വെയെയും സൗദി അറേബ്യയെയും ഉജ്ജ്വല പ്രതിരോധം തീര്‍ത്ത് വരച്ചവരയില്‍ പിടിച്ചുകെട്ടി ചരിത്രം കുറിച്ച ഈ ലോകകപ്പിലെ നവാഗതരായ കേപ് വെര്‍ദെ റൗണ്ട് ഓഫ് 32ലെ പോരാട്ടത്തിനിറങ്ങുന്നു. നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് എതിരാളികള്‍. നാളെ പുലര്‍ച്ചെ 3.30നാണ് കളി. മെസിയുടെ അര്‍ജന്റീനയെയും കരുത്ത പ്രതിരോധം തീര്‍ത്ത് ഗോളടിക്കാന്‍ വിടാതെ കേപ് വെര്‍ദെ പിടിച്ചുകെട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഗ്രൂപ്പ് ജെയില്‍ നിന്ന് മൂന്ന് കളികളും ആധികാരികമായി ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് മെസ്സിപ്പട നോക്കൗട്ട് റൗണ്ടിലെത്തിയത്. അള്‍ജീരിയയെ 3-0നും ഓസ്ട്രിയയെ 2-0നും ജോര്‍ദാനെ 3-1നും പരാജയപ്പെടുത്തിയ അവര്‍ ആകെ മൂന്ന് കളികളില്‍ നിന്ന് എട്ട് ഗോളുകള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് ഒരെണ്ണം മാത്രം. മൂന്ന് കളികളില്‍ നിന്ന് ആറ് ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ എംബപ്പെയ്‌ക്കൊപ്പം ഒന്നാമതാണ് മെസി. ഗ്രൂപ്പിലെ അവസാന കളിയില്‍ ആദ്യ ഇലവനില്‍ ഇല്ലാതിരുന്ന മെസി ഇന്ന് തുടക്കം മുതല്‍ മൈതാനത്തുണ്ടാവും. 4-4-2 ശൈലിയില്‍ ഇറങ്ങുന്ന ടീമില്‍ മെസിക്കൊപ്പം ലൗതാരോ മാര്‍ട്ടിനസും സ്ട്രൈക്കറായി എത്തും. മികച്ച മധ്യ-മുന്നേറ്റ നിരയാണ് സ്‌കലോണിയുടെ സംഘത്തിന്റെ കരുത്ത്. ഡിപോളും മക്ക്അലിസ്റ്ററും ഫെര്‍ണാണ്ടസും അല്‍മാഡയും അടങ്ങുന്ന മധ്യനിര എതിരാളികളുടെ പേടിസ്വപ്നമാണ്. പ്രതിരോധത്തില്‍ മൊലിന, റൊമേരോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ഫകുണ്ടോ എന്നിവരും അണിനിരക്കുമ്പോള്‍ അര്‍ജന്റൈന്‍ ടീം തികച്ചും സന്തുലിതമാണ്. ഗോള്‍വലയ്‌ക്ക് മുന്നില്‍ എമിലിയാനോ മാര്‍ട്ടിനസും എത്തും. എന്നാല്‍ 40-ാം വയസ്സിലും അക്രോബാറ്റിക് സ്റ്റൈലില്‍ രക്ഷപ്പെടുത്തലുകള്‍ നടത്തി അത്ഭുത പ്രകടനം നടത്തുന്ന വൊസീഞ്ഞോയെ കീഴടക്കി ഗോളടിക്കാന്‍ മെസ്സിയും കൂട്ടരും അല്പം വിയര്‍ക്കുമെന്ന് ഉറപ്പാണ്.
അതേസമയം ആദ്യമായി ലോകകപ്പില്‍ പങ്കെടുക്കാനെത്തിയ കേപ് വെര്‍ദെ വിസ്മയം തീര്‍ത്താണ് നോക്കൗട്ട് റൗണ്ടിലെത്തിയത്. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലെത്തുന്ന ഏറ്റവും ചെറിയ ജനസംഖ്യയുള്ള രാജ്യമായി അവര്‍ ചരിത്രവും സൃഷ്ടിച്ചു. ഗ്രൂപ്പ് എച്ചില്‍ സ്പെയിനിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കേപ് വെര്‍ദെ റൗണ്ട് ഓഫ് 32ല്‍ എത്തിയത്.
ഗ്രൂപ്പ് മത്സരത്തില്‍ മൂന്നും സമനില പിടിച്ചുവാങ്ങിയ അവര്‍ കരുത്തുറ്റ പ്രതിരോധം തീര്‍ത്താണ് സപെയിനിനെയും ഉറുഗ്വെയെയും പിടിച്ചുകെട്ടിയത്. കേപ് വെര്‍ദെ കെട്ടിപ്പൊക്കിയ പ്രതിരോധത്തിനും ഗോളി വൊസീഞ്ഞോയുടെ അത്ഭുത പ്രകടനത്തിനും മുന്നില്‍ സ്പെയിനിന്റെ താരനിര ഒരിക്കല്‍ പോലും ഗോളടിക്കാനാവാതെ വിയര്‍ത്തു. ഈ മത്സരത്തില്‍ മാത്രം 7 ഉജ്ജ്വല രക്ഷപ്പെടുത്തലുകളാണ് വൊസീഞ്ഞോ നടത്തിയത്. ഗ്രുപ്പിലെ മൂന്ന് മത്സരങ്ങളില്‍ രണ്ട് ക്ലീന്‍ ഷീറ്റുകളാണ് വെര്‍ദെ സ്വന്തമാക്കിയത്. ഉറുഗ്വെയ്‌ക്കെതിരെ രണ്ട് ഗോള്‍ വഴങ്ങിയെങ്കിലും രണ്ടെണ്ണവും തിരിച്ചുകൊടുക്കുകയും ചെയ്തു.
കടലാസില്‍ കരുത്തര്‍ അര്‍ജന്റീനയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ശക്തമായ പ്രതിരോധത്തിലൂടെ അര്‍ജന്റീനയെ സമ്മര്‍ദ്ദത്തിലാക്കി, മികച്ച കൗണ്ടര്‍ അറ്റാക്കുകളിലുടെയും സെറ്റ് പീസുകളിലൂടെയും അവസരങ്ങള്‍ സൃഷ്ടിച്ച് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേപ് വെര്‍ദെക്കാവും. കഴിഞ്ഞ കളികളില്‍ അത് കണ്ടതുമാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി എതിരാളികളെ സമ്മര്‍ദത്തിലാക്കുക എന്നതായിരിക്കും അര്‍ജന്റീനയുടെ ലക്ഷ്യം. ഇരു ടീമുകളും തമ്മില്‍ ആദ്യമായാണ് ഏറ്റുമുട്ടാനിറങ്ങുന്നത്.
സാധ്യതാ ഇലവന്‍
അര്‍ജന്റീന: എമിലിയാനോ മാര്‍ട്ടിനസ്, നഹുവല്‍ മൊലിന, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ഫകുണ്ടോ മദീന, റോഡ്രിഗോ ഡി പോള്‍, മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, തിയാഗോ അല്‍മാഡ, ലയണല്‍ മെസ്സി, ലൗടാരോ മാര്‍ട്ടിനെസ്.
കേപ് വെര്‍ദെ: വൊസീഞ്ഞ, സ്റ്റീവന്‍ മൊറേറ, റോബര്‍ട്ടോ പിക്കോ, ഡൈനി ബോര്‍ജസ്, സിഡ്നി കബ്രാള്‍, കെവിന്‍ പിന, റയാന്‍ മെന്‍ഡസ്, ഡെറോയ് ഡ്വാര്‍ട്ടെ, ജാമിറോ മോണ്ടെറോ, ജോവന്‍ കബ്രാള്‍, ഡെയ്‌ല ലിവ്‌റമെന്റോ.
















