സാന്‍ഫ്രാന്‍സിസ്‌ക്കോ: ബോസ്‌നിയക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ ഗോളിന് വഴിയൊരുക്കുകയും രണ്ടാമത്തെ ഗോള്‍ ഫ്രീകിക്കിലൂടെ നേരിട്ട് നേടുകയും ചെയ്ത മാലിക് ടില്‍മാന്‍ ആണ് ഇപ്പോള്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ആരാധകരുടെ പ്രിയ താരം. 2002 മെയ് 28ന് ജര്‍മ്മനിയിലാണ് ടില്‍മാന്‍ ജനിച്ചത്. അച്ഛന്‍ അമേരിക്കന്‍ സൈനികനും അമ്മ ജര്‍മ്മന്‍ പൗരയുമാണ്. ജര്‍മ്മനിയുടെയും യുഎസ്എയുടെയും പൗരത്വമുള്ള ടില്‍മാന്‍, ആദ്യകാലങ്ങളില്‍ ജര്‍മ്മനിയുടെ ജൂനിയര്‍ ടീമുകള്‍ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. എന്നാല്‍ 2022ല്‍ അദ്ദേഹം അമേരിക്കന്‍ ദേശീയ ടീമിനായി കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ആയാണ് 24കാരനായ ടില്‍മാന്‍ തിളങ്ങുന്നത്. മൈതാന മധ്യത്തില്‍ കളി മെനയാനുള്ള അദ്ദേഹത്തിന്റെ മികവ് യുഎസ്എ ടീമിന് വലിയ കരുത്താണ്.
പ്രമുഖ ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നുവന്ന ടില്‍മാന്‍, നിലവില്‍ പ്രമുഖ ജര്‍മ്മന്‍ ബുണ്ടസ്‌ലിഗ ക്ലബ്ബായ ബയേര്‍ ലെവര്‍കൂസന് വേണ്ടിയാണ് കളിക്കുന്നത്. ഇതിനു മുന്‍പ് സ്‌കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്‌സ്, ഡച്ച് ക്ലബ്ബായ പിഎസ്‌വി ഐന്തോവന്‍ എന്നിവര്‍ക്കായും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 2025ലെ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പില്‍ യുഎസ്എയെ ഫൈനലില്‍ എത്തിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു.
















