തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സ്വിട്‌സര്‍ലന്‍ഡ് ആസ്ഥാനമായ എം എസ് സി കമ്പനിക്ക് 49 ശതമാനം ഓഹരി കൈമാറാനുളള നീക്കത്തില്‍ അദാനി ഗ്രൂപ്പിനെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ അതൃപ്തി അറിയിച്ചു.ഓഹരി ഘടനയില്‍ മാറ്റം വേണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണ്ടതുണ്ടെന്നും തുടര്‍ തീരുമാനം കര്‍ശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സര്‍ക്കാരുമായി ആലോചിക്കാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായത്.സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സഷന്‍ കരാര്‍ പ്രകാരമാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം യാഥാര്‍ത്ഥ്യമായത്.
സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം സാധ്യമാകൂ. കണ്‍സഷന്‍ കരാറില്‍ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തിന് അനുമതി ആവശ്യപ്പെട്ട് നേരത്തെ അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു.എംഎസ്സിക്ക് 49 ശതമാനം ഓഹരി കൈമാറാനുള്ള തീരുമാനം അദാനിഗ്രൂപ്പ് ബുധനാഴ്ചയാണ് സര്‍ക്കാരിനെ അറിയിച്ചത്.
















