മട്ടാഞ്ചേരി: സെന്‍സസ് എന്യുമറേറ്റേര്‍മാരായ അദ്ധ്യാപകരെ വെട്ടിലാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും ജില്ലാ കളക്ടറുടെയും ഉത്തരവുകള്‍. സെന്‍സസ് പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമായ കെട്ടിടനമ്പര്‍ രേഖപ്പെടുത്തുന്ന മൂന്ന് ദിവസം അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കരുതെന്നും സെന്‍സസ് പ്രവര്‍ത്തനം സ്‌കൂള്‍ സമയം കഴിഞ്ഞും ശനി, ഞായര്‍ ദിവസങ്ങളിലുമായി നടത്തണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന്റെ ഉത്തരവില്‍ പറയുന്നത്.
വിദ്യാഭ്യാസ സ്‌പെഷല്‍ സെക്രട്ടറി അധ്യക്ഷനായ യോഗ തീരുമാനമാണെന്ന് ഉത്തരവില്‍ പറയുന്നു. അവധിദിനത്തില്‍ ജോലിയെടുത്തവര്‍ക്ക് ഒക്ടോ. 31നകം പ്രധാനാദ്ധ്യാപകരുടെ അനുമതിയോടെ അവധി (ഓഫ്) എടുക്കാം. സെന്‍സസ് വകുപ്പിന്റെ ഉത്തരവില്‍ ജൂലൈ മാസം പത്ത് ദിവസമോ, ഇരുപത് അര്‍ധ ദിനങ്ങളോ അവധിയെടുത്ത് പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്നാണ്. എന്നാല്‍ ദേശീയ പ്രാധാന്യമുള്ള സെന്‍സസ് പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ എന്യൂമറേറ്റര്‍മാര്‍ക്ക് സൗകര്യങ്ങളൊരുക്കണമെന്നും ഇതിന് ആരും തടസം നില്‍ക്കരുതെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. തടസം നില്‍ക്കുന്നവര്‍ക്കെതിരെ 1948ലെ സെന്‍സസ് ആക്ട് പ്രകാരവും അതിലെ വ്യവസ്ഥകള്‍ പ്രകാരവും നടപടികളെടുക്കുമെന്നുമാണ് ഉത്തരവിട്ടിരിക്കുന്നത്.
സ്‌കൂളുകളിലെ 50-60 ശതമാനത്തോളം അദ്ധ്യാപകരെയും സെന്‍സസ് ജോലിക്കായി നിയമിച്ച സ്ഥിതിയില്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നാണ് അദ്ധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. ഡയറക്ടറും കളക്ടറും വിരുദ്ധമായ ഉത്തരവിട്ടതോടെ സെന്‍സസ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അദ്ധ്യാപകര്‍ ആശങ്കയിലാണ്.
അതേസമയം രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ (സെന്‍സസ്) ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എന്യുമറേറ്റര്‍മാര്‍ വീടുകളിലെത്തി തുടങ്ങി. ജൂലൈ 30 വരെയാണ് എന്യുമറേഷന്‍. ആദ്യത്തെ മൂന്നുദിവസം വീടുകള്‍ക്ക് നമ്പറിടുന്ന പ്രവര്‍ത്തനമാണ് നടക്കുക. ഒരു എന്യുമറേറ്റര്‍ക്ക് 800 വരെ ജനസംഖ്യയുള്ള പ്രദേശമാണ് നല്‍കിയിരിക്കുന്നത്. തദ്ദേശസ്ഥാപനത്തിലെ ഒരു വാര്‍ഡിന്റെ ഭാഗമായിരിക്കും ഇത്. മൂന്നുദിവസം കൊണ്ട് വീടുകള്‍ക്ക് നമ്പറിടുന്നതു കൂടാതെ പ്രദേശത്തിന്റെ സ്‌കെച്ചും എന്യുമറേറ്റര്‍മാര്‍ തയ്യാറാക്കും. വീടുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
ഓണ്‍ലൈനില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ സെല്‍ഫ് എന്യുമറേഷന്‍ ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെല്‍ഫ് എന്യുമറേഷന്‍ ചെയ്തവരുടെ വീടുകളില്‍ എന്യുമറേറ്റര്‍ എത്തുമ്പോള്‍, ഓണ്‍ലൈനില്‍ ചെയ്തതിന്റെ നമ്പര്‍ വാങ്ങി മൊബൈല്‍ ആപ്പില്‍ നോക്കും. അതിലെ വിവരങ്ങള്‍ വീട്ടുകാരെ ധരിപ്പിച്ചശേഷം അപ്‌ലോഡ് ചെയ്യും. സെല്‍ഫ് എന്യുമറേഷന്‍ ചെയ്യാത്തവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അപ്‌ലോഡ് ചെയ്യും. സെല്‍ഫ് എന്യുമറേഷന്റെ സമയം ചൊവ്വാഴ്ച അവസാനിച്ചിരുന്നു.
















