തിരുവനന്തപുരം: ഇഡിയെ അടിക്കാൻ ആഹ്വാനം ചെയ്ത സിപിഎം നേതാക്കൾ ആരുമുണ്ടായിരുന്നില്ല, പിണറായി വിജയന്റെ വീട്ടുവാതിൽക്കൽ പ്രതികളെ തെളിവെടുക്കാൻ കൊണ്ടുവന്നപ്പോൾ. മുദ്രാവാക്യം വിളിച്ചും അഭിവാദ്യം അർപ്പിച്ചും ചേർത്തുനിർത്തും പാർട്ടിയും നേതാക്കളും എന്ന് കരുതിയാണ് പ്രതികൾ വന്നത്. ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സിപിഎം നേതാക്കൾകൂടിയായ അക്രമികൾക്ക് എതിരേ കേരള പോലീസ് എടുത്തിരിക്കുന്ന കേസിൽ നേതാക്കളും പ്രതിയാകുമെന്നാണ് ലഭിക്കുന്ന വിവരം.
അതിനിടെയാണ് കരുവന്നൂർ സഹകരണ ബാങ്കിലെ സഖാക്കളായ നിക്ഷേപകരുൾപ്പെടെയുള്ളവരെ നേതാക്കൾ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഇപ്പോൾ എംപിയായ മുൻ മന്ത്രി, മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ, ഇപ്പോൾ എംഎൽഎ ആയ, മുൻ മന്ത്രി സി. മൊയ്തീൻ തുടങ്ങി പാർട്ടി ജില്ലാ സെക്രട്ടറിയടക്കം നേതാക്കൾക്കെതിരേ കള്ളപ്പണക്കേസിൽ പ്രതിയാക്കിക്കൊണ്ടുള്ള പിഎംഎൽഎ കോടതിയുടെ നടപടി.
ലഭിക്കുന്ന വിവരമനുസരിച്ച് ഇഡി തിങ്കളാഴ്ച കരവന്നൂർ കേസിൽ ഇടക്കാല കുറ്റപത്രം സമർപ്പിക്കും. അതിൽ എംപി:കെ. രാധാകൃഷ്ണനും എംഎൽഎ:സി.മൊയ്തീനും പ്രതികളാകും. തുടർന്ന് സ്പീക്കർമാരുടെ അനുമതി വാങ്ങി ഇരുവരേയും അറസ്റ്റ് ചെയ്യാനാണ് സാധ്യതകൾ ഏറെ.
ഇതിനൊപ്പം തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രേരണക്കുറ്റം, ആസൂത്രണം, സഹായിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറി എ.വി. ഗോവിന്ദനുൾപ്പെടെയുള്ളവർക്കെതിരേയും കേസെടുക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതരതാകും. അല്ലെങ്കിൽ ഈ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഇടപെടാനുള്ള സാധ്യത എന്തൊക്കെയെന്ന് പഠിക്കുകയാണ് ഇഡി. അങ്ങനെയാണെങ്കിൽ ആക്രമണ വേളയിൽ സ്ഥലത്തുണ്ടായിരുന്ന എംപിമാരായ ജോൺ ബ്രിട്ടാസ്, എ.എ. റഹിം എന്നിവർക്കെതിരേ കേസുണ്ടാവുമോ എന്ന കാര്യവും അറിയാം.
അതിനിടെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയും നടക്കുകയാണ്.
















