തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ എ.സന്തോഷ് കുമാറിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. 2011-15 കാലയളവില്‍ ജില്ലാ ഗവ. പ്ലീഡര്‍ ആയിരുന്നു ഇദ്ദേഹം.
കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം, ചെറിയതുറ വെടിവെപ്പ് തുടങ്ങിയ കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു എ.സന്തോഷ് കുമാര്‍.പ്രോസിക്യൂട്ടറായിരുന്ന ഗീനാ കുമാരിക്ക് പകരമാണ് സന്തോഷ് കുമാറിന്റെ നിയമനം. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സന്തോഷ് കുമാര്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ഹാജരാകും.
കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ്‌കുമാറിനെ കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച, എസ് എഫ് ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഗീനാകുമാരി കോടതിയില്‍ വാദിച്ചത്.കേസില്‍ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചത് വലിയ വിവാദമായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തും നല്‍കി.
ഗീനാ കുമാരിയെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതായുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കും.
















