
ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
ഹൂസ്റ്റണ്‍: ആഫ്രിക്കന്‍ ഫുട്‌ബോള്‍ പാരമ്പര്യേതരവും കാടത്തം നിറഞ്ഞതുമാണെന്ന ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗറുടെ പ്രസ്താവന വിവാദത്തില്‍. ആഫ്രിക്കന്‍ ഫുട്‌ബോള്‍ ശൈലി കാടത്തം നിറഞ്ഞതും അസംഘടിതവും തന്ത്രപരമായി പിന്നാക്കം നില്‍ക്കുന്നതുമാണെന്നാണ് ഷൈ്വന്‍സ്റ്റൈഗര്‍ വിമര്‍ശിച്ചത്. ഇതിനെതിരെ ഐവറി കോസ്റ്റ് പരിശീലകന്‍ എമേഴ്‌സ് ഫേ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
ജര്‍മന്‍ ടെലിവിഷന്‍ ചാനലായ എആര്‍ഡിയില്‍ മത്സര വിശകലനത്തിനിടെയാണ് ഷൈ്വന്‍സ്‌റ്റൈഗര്‍ ഈ പരാമര്‍ശം നടത്തിയത്. ആഫ്രിക്കന്‍ ടീമുകളുടെ കളിശൈലി യൂറോപ്യന്‍ ടീമുകളുടേതില്‍ നിന്ന് വ്യത്യസ്തമാണെന്നും അത് തന്ത്രപരമായ അച്ചടക്കത്തേക്കാള്‍ ശാരീരിക മികവിനെയും വന്യതയെയും ആശ്രയിക്കുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ഈ വാക്കുകള്‍ സമൂഹമാധ്യമങ്ങളിലും ഫുട്‌ബോള്‍ ലോകത്തും വലിയ വിമര്‍ശനത്തിന് ഇടയാക്കി.
ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ കുറസാവോയെ തോല്‍പ്പിച്ച് റൗണ്ട് ഓഫ് 32 ഉറപ്പിച്ചശേഷമാണ് ഐവറി കോസ്റ്റ് പരിശീലകന്‍ എമേഴ്‌സ് ഫേ വിഷയത്തില്‍ പ്രതികരിച്ചത്. ”ഷൈ്വന്‍സ്‌റ്റൈഗര്‍ പോലൊരു ലോകോത്തര മുന്‍താരത്തില്‍ നിന്ന് ഇത്തരമൊരു പൊതുവല്‍ക്കരണം പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സത്യത്തില്‍ നിരാശ തോന്നി,” ഫേ പറഞ്ഞു.
ആഫ്രിക്കന്‍ ഫുട്‌ബോളിനെക്കുറിച്ച് പതിറ്റാണ്ടുകളായി പ്രചരിച്ചുവരുന്ന പഴയ മുന്‍വിധികളാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഫ്രിക്കന്‍ ടീമുകള്‍ ഇന്ന് യൂറോപ്യന്‍, ദക്ഷിണ അമേരിക്കന്‍ ശക്തികള്‍ക്ക് തുല്യമായ ടാക്ടിക്കല്‍ അച്ചടക്കവും സാങ്കേതിക മികവും പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ചിലര്‍ക്ക് ഈ പരാമര്‍ശം വംശീയ മുന്‍വിധിയുടെ ഭാഗമായിപ്പോലും തോന്നാം. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ വംശീയവാദിയെന്ന് വിളിക്കുന്നില്ല. തെറ്റായ വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ എന്നും ഫേ കൂട്ടിച്ചേര്‍ത്തു.
കളിക്കാരനായിരുന്ന കാലത്ത് ഷൈ്വന്‍സ്‌റ്റൈഗറുടെ വലിയ ആരാധകനായിരുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന കൂടുതല്‍ വേദനിപ്പിച്ചതെന്നും ഫേ പറഞ്ഞു.
അതേസമയം, ആഫ്രിക്കന്‍ ടീമുകള്‍ക്ക് ഇത്തരം അഭിപ്രായങ്ങള്‍ക്ക് ഏറ്റവും മികച്ച മറുപടി നല്‍കാനാകുക കളിക്കളത്തിലെ പ്രകടനത്തിലൂടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ നിലവാരം തെളിയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഷൈ്വന്‍സ്‌റ്റൈഗറുടെ പരാമര്‍ശത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരും മുന്‍ താരങ്ങളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ആധുനിക ഫുട്‌ബോളില്‍ ആഫ്രിക്കന്‍ ടീമുകള്‍ വലിയ മുന്നേറ്റം കൈവരിച്ച സാഹചര്യത്തില്‍ ഇത്തരം പൊതുവല്‍ക്കരണ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് പൊതുവെയുള്ള പ്രതികരണം.