വാന്‍കൂവര്‍: ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ബി ജേതാക്കളെ നിര്‍ണയിച്ച മത്സരത്തില്‍ ആതിഥേയരായ കാനഡയെ തുരത്തി സ്വിറ്റ്സര്‍ലന്‍ഡ്. ആദ്യ റൗണ്ടില്‍ രണ്ട് വിജയവും ഒരു സമനിലയും സഹിതം ഏഴ് പോയിന്റുമായാണ് ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ജേതാക്കളായിരിക്കുന്നത്.
വാശിയേറിയ പോരാട്ടത്തില്‍ കാനഡയെ പരാജയപ്പെടുത്തിയത് 2-1ന്. ഗോള്‍രഹിതമായി തീര്‍ന്ന കളിയുടെ ആദ്യ പകുതിയില്‍ കാനഡയുടെ ഭാഗത്ത് നിന്ന് എണ്ണം പറഞ്ഞ ഏതാനും മുന്നേറ്റങ്ങളുണ്ടായി. കരുത്തു കുറഞ്ഞ ഓണ്‍ ടാര്‍ഗറ്റുകള്‍ വലയിലെത്താതെ പോകുകയായിരുന്നു. രണ്ടാം പകുതി തുടങ്ങി സെക്കന്‍ഡുകള്‍ക്കകം സ്വിസ് നിക്ഷേപം തുടങ്ങി. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ റൂബന്‍ വര്‍ഗാസ് സ്‌കോര്‍ ചെയ്തു. 57-ാം മിനിറ്റില്‍ ജോഹാന്‍ മന്‍സാംബിയിലൂടെ സ്വിസ് ലീഡ് ഇരട്ടിച്ചു. 76-ാം മിനിറ്റില്‍ കാനഡയ്‌ക്കായി പ്രോമിസ് ഡേവിഡ് സ്‌കോര്‍ ചെയ്തു.
















