കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നിറഞ്ഞ കല്ലറ ഇന്ന് തുറന്ന് പരിശോധിക്കും. ആർഡിഓയുടെ അനുമതി ലഭിച്ചതോടെയാണ് പോലീസ് കല്ലറ തുറക്കാൻ തീരുമാനിച്ചത്. രാവിലെ പത്ത് മണിയോടെ അതീവ സുരക്ഷയിലും വിദഗ്ധ സംഘത്തിന്റെ സാന്നിധ്യത്തിലുമായിരിക്കും നടപടികൾ.
കഴിഞ്ഞ 13-ാം തീയതി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്ക് സമീപം പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത വസ്തുക്കൾ കണ്ടെത്തിയത്. കല്ലറയിൽ ഒരു മൃതദേഹത്തിന് പകരം മൂന്നെണ്ണം ഉണ്ടെന്നും ശാസ്ത്രീയമായ വിശദമായ പരിശോധന അനിവാര്യമാണെന്നുമാണ് പള്ളി അധികൃതരുടെ നിലപാട്.
കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ മൃതദേഹം ഇവിടെയുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണ്ണായകമാകും.














