സ്വന്തം ജീവിത പ്രശ്‌നങ്ങളോടും മസാംഖ്യ ദര്‍ശനത്തിന്റെ ദ്വൈത സിദ്ധാന്തമനുസരിച്ച് ആത്യന്തിക സത്യം രണ്ട് തത്ത്വങ്ങളാകുന്നു- പ്രകൃതിയും പുരുഷനും. പ്രകൃതിയെന്നത് പ്രപഞ്ചത്തിന്റെ അടിസ്ഥാന ഊര്‍ജമാണ്. ഇതിന്റെ പരിണാമത്തിലൂടെയാണ് പ്രപഞ്ചം വികാസം പ്രാപിച്ചത്. പുരുഷന്‍ പരിണാമ വിധേയമാകാത്ത നിശ്ചലതത്ത്വമാകുന്നു. ബോധമാണ് ഇതിന്റെ സ്വരൂപം. ഓരോ ജീവിയിലും സ്ഥിതി ചെയ്യുന്ന ആത്മതത്ത്വമാണ് പുരുഷന്‍. പ്രകൃതി വികാസം പ്രാപിക്കുന്നത് ആത്മാവിന്റെ ആസ്വാദനത്തിനു വേണ്ടിയാകുന്നു. എന്നാല്‍ ആത്മാവ് നേരിട്ട് പ്രകൃതിയുടെ ഉല്‍പ്പന്നങ്ങളെ അനുഭവിക്കുന്നില്ല. ഇവയ്‌ക്കിടയില്‍ ഒരു മധ്യസ്ഥനുണ്ട്. അതാണ് ബുദ്ധി, അഹംബോധം, മനസ്സ് എന്നിവയടങ്ങുന്ന അന്തരംഗം.
അത്യന്തം സൂക്ഷ്മമായിട്ടുള്ള ആത്മീയ സത്ത ക്രമേണ സ്ഥൂലാകൃതി പ്രാപിക്കുന്നതാണ് ദൃശ്യ പ്രപഞ്ചമെന്ന് സ്വാമി വിവേകാനന്ദന്‍ സൃഷ്ടിയെപ്പറ്റി വ്യാഖ്യാനിച്ചിട്ടുണ്ട്. അതായത് ആത്യന്തിക സത്യവും പ്രപഞ്ചവും രണ്ടല്ല, ഒന്നുതന്നെയാകുന്നു. ആത്മാവ്, മനസ്സ്, ദ്രവ്യം എന്നിങ്ങനെയുള്ള തത്ത്വങ്ങളുടെ അന്തസ്സത്തയില്‍ ഭേദമില്ല എന്നതാണ് ഇവിടെ ശ്രദ്ധേയമായിട്ടുള്ളത്. അവയുടെ സ്വരൂപം, ധര്‍മ്മം എന്നീ കാര്യങ്ങളില്‍ മാത്രമാണ് വ്യത്യസ്തത. പക്ഷേ സാംഖ്യയോഗയില്‍ പരിണാമവിധേയമാകാത്ത നിശ്ചല സ്വരൂപമാകുന്ന ആത്മാവും പരിണമിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയും ഒന്നല്ല, രണ്ട് വ്യത്യസ്ത സത്തകളാകുന്നു. ആത്മാവും മനസ്സും തമ്മിലുള്ള ഭേദവും ഇതിനെ ആശ്രയിച്ചുള്ളതാകുന്നു. മനസ്സ് പ്രകൃതിയുടെ ഉല്‍പ്പന്നമാണ്. അതിനാല്‍ ആത്മാവും മനസ്സും ഒന്നാകുന്നില്ല. ധ്യാനം മുഖേന ചിത്തവൃത്തികള്‍ നിരോധിക്കപ്പെടുമ്പോള്‍ അന്തരംഗവും ആത്മാവും തമ്മില്‍ വേര്‍പെടുന്നു. ചിത്തവൃത്തികളുടെ ഊര്‍ജസ്രോതസ്സ് പ്രകൃതിയാകുന്നതിനാല്‍ അവ പ്രകൃതിയിലേക്ക് ലയിച്ചു ചേരുന്നു.
അതിപുരാതന കാലത്ത് ബുദ്ധനു മുമ്പ് ജീവിച്ചിരുന്ന കപില മഹര്‍ഷി ഉപദേശിച്ചതാണ് സാംഖ്യ ദര്‍ശനമെന്നും, ഈ ദര്‍ശനം തുടക്കത്തില്‍ പ്രകൃതി, ആത്മാവ് എന്നിവ കൂടാതെ ഈശ്വരതത്ത്വത്തെയും അംഗീകരിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഉപനിഷത്തുകളിലും സ്മൃതികളിലും പുരാണങ്ങളിലും മഹാഭാരതത്തിലും മറ്റും സാംഖ്യദര്‍ശനത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്.
പതഞ്ജലി മഹര്‍ഷിയാണ് യോഗയുടെ ഉപദേഷ്ടാവ്. സാധാരണയായി ‘യോഗ’ യെന്നത് വ്യക്തിബോധം സമഷ്ടിബോധവുമായി യോജിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പതഞ്ജലിയോഗയുടെ ലക്ഷ്യം വ്യത്യസ്തമാകുന്നു. ആത്മാവ് പ്രകൃതിയില്‍ നിന്നു വേര്‍പെടുന്നതിലേക്കായി അനുഷ്ഠിക്കപ്പെടുന്ന ചര്യകള്‍ അടങ്ങുന്നതാണ് യോഗ.
സാംഖ്യവും യോഗയും പരസ്പര പൂരകങ്ങളായിട്ടുള്ള ദര്‍ശനങ്ങളാകുന്നു. സാംഖ്യം പ്രപഞ്ചത്തെയും ജീവാത്മാവിനെയും സംബന്ധിക്കുന്ന സൈദ്ധാന്തികമായ അറിവ് പ്രദാനം ചെയ്യുന്നതില്‍ കേന്ദ്രീകൃതമാകുന്നു. യോഗയാവട്ടെ ഈ അറിവ് സാക്ഷാത്കരിക്കാനുള്ള മാര്‍ഗത്തെയാണ് ഉപദേശിക്കുന്നത്. സാംഖ്യത്തിന്റെ സിദ്ധാന്തം യോഗ അതേപടി അംഗീകരിക്കുന്നതു കൊണ്ടും, പതഞ്ജലി യോഗയുടെ ചര്യകള്‍ സാംഖ്യം അതിന്റെ പ്രായോഗിക വിദ്യയായി സ്വീകരിക്കുന്നതുകൊണ്ടും, ഈ രണ്ട് ദര്‍ശനങ്ങള്‍ ഒരുമിച്ചാണ് പരാമര്‍ശിക്കപ്പെടാറുള്ളത്.
അദ്വൈത ആചാര്യനായ ശങ്കരാചാര്യര്‍ സാംഖ്യത്തിന്റെ ദ്വൈതത്തെ എതിര്‍ക്കുന്നു. പക്ഷേ സാംഖ്യത്തിലെ മുഖ്യ പ്രശ്നമായി പൊതുവെ പരിഗണിക്കപ്പെടുന്നത് അതിലെ ദ്വൈതമല്ല. അനേകം ആത്മാക്കളുണ്ടെന്ന സാംഖ്യത്തിന്റെ നിലപാടാണ് പൊതുവെ അസ്വീകാര്യമായിട്ടുള്ളത്. ഉപനിഷത്തുകളില്‍, ആത്മാക്കളെല്ലാം ഒരേതരം സത്തയാകുന്നതിനാല്‍ മോക്ഷാവസ്ഥയില്‍ അവ വേറിട്ടുനില്‍ക്കുന്ന തത്ത്വങ്ങളല്ല. ഇപ്രകാരം സാംഖ്യത്തിന്റെ അനേകവാദം എതിര്‍ക്കപ്പെടുന്നുണ്ടെങ്കിലും പ്രകൃതിയുടെ ഉല്‍പ്പന്നങ്ങളെ മനസ്സിലാക്കുന്നതിനും, ആത്മാവിനെ അവയില്‍ നിന്നു വേറിട്ട തത്ത്വമായി തിരിച്ചറിയുന്നതിനും സാംഖ്യ യോഗ അത്യന്തം ഉപകാരപ്രദമാകുന്നു. ഇക്കാരണത്താലാണ് അദ്വൈതവാദിയായ സ്വാമി വിവേകാനന്ദന്‍ പതഞ്ജലി യോഗയെ രാജയോഗയെന്നു വിളിച്ചത്. ആത്മാവിനെ അന്തരംഗത്തില്‍ നിന്നു വേര്‍തിരിച്ചെടുക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായിട്ടാണ് പതഞ്ജലി യോഗയെ സ്വാമികള്‍ കണ്ടത്.
മനുഷ്യനും പ്രപഞ്ചവും
യുങ്ങിന്റെ ധാരണയില്‍ വ്യക്തിയുടെ സ്വത്വം അയാളുടെ ബോധമനസ്സും അബോധവും ചേര്‍ന്നതാകുന്നു. ബോധമനസ്സുകളുടെയെല്ലാം സ്രോതസ്സ് അബോധമാകുന്നതിനാല്‍ സമഷ്ടിയുമായുള്ള വ്യക്തിയുടെ ബന്ധം അബോധത്തിന്റെ തലത്തില്‍ മാത്രമാകുന്നു. അബോധത്തിന്റെ ആദിരൂപങ്ങള്‍ വ്യക്തികളില്‍ മാത്രമൊതുങ്ങുന്ന സത്തകളല്ല, അവ സമഷ്ടിയുടെയും ആദിരൂപങ്ങളാകുന്നു.
സാംഖ്യ യോഗയിലാകട്ടെ വ്യക്തിയുടെ സ്വത്വം ബോധമനസ്സോ മനസ്സിന്റെ മറ്റ് സൂക്ഷ്മതലങ്ങളോ അല്ല. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ കേവല ബോധമാകുന്ന ആത്മാവാകുന്നു. അയാളുടെ ബോധമനസ്സും വാസനകളും മറ്റും പ്രപഞ്ചത്തിന്റെ തന്നെ പരിണാമഫലങ്ങളില്‍പ്പെടുന്നവയാണ്. ഇത് വ്യക്തമാക്കുന്നതാണ് സാംഖ്യത്തിന്റെ പ്രകൃതി പരിണാമസിദ്ധാന്തം. നിശ്ചലനനും നിഷ്‌ക്രിയനും സാക്ഷിയുമായി വ്യക്തികളില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധ ബോധ സ്വരൂപമാണ് ആത്മാവ്. ഇതാകുന്നു വ്യക്തിയുടെ യഥാര്‍ത്ഥ സ്വത്വം. പക്ഷേ പ്രകൃതിയില്‍ നിന്ന് പരിണമിച്ച വസ്തുക്കളാല്‍ വലയം ചെയ്യപ്പെട്ടുനില്‍ക്കുന്ന അവസ്ഥയില്‍ ആത്മാവ് ആ വസ്തുക്കളോട് ചേര്‍ന്ന് ഏതാണ്ട് താദാത്മ്യം പ്രാപിച്ച നിലയിലാകുന്നു. ആത്മാവിനു ചുറ്റും പ്രപഞ്ചം സൃഷ്ടിക്കുന്ന ശക്തികവചങ്ങളാണ് വ്യക്തിയുടെ അന്തരംഗവും ശരീരവും. ഈ പുരങ്ങളില്‍ വസിക്കുന്നതിനാലാണ് ആത്മാവ് പുരുഷന്‍ എന്ന സംജ്ഞയാല്‍ വിളിക്കപ്പെടുന്നത്. സാംഖ്യ യോഗയില്‍ പുരുഷനും പ്രകൃതിയും വ്യത്യസ്തങ്ങളായിട്ടുള്ള അനശ്വര സത്യങ്ങളാകുന്നു. ഇവയുടെ മിശ്രിതങ്ങളാകുന്നു വ്യക്തികള്‍. ഇവയെ വേര്‍പെടുത്തുന്നതിന് ആദ്യം പ്രകൃതിയുടെ പരിണാമ വസ്തുക്കളെ തിരിച്ചറിയേണ്ടതുണ്ട്.
അന്തരംഗം പ്രകൃതിജന്യം
ആദിശക്തിയാകുന്ന പ്രകൃതിയും അത് പരിണമിച്ചവയും ചേര്‍ന്ന് 24 തത്ത്വങ്ങളാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനം: പ്രകൃതിയില്‍ നിന്ന് മഹത്ത്, പിന്നീട് അഹം എന്നിവയുണ്ടാകുന്നു. അഹം മൂന്നായി പിരിയുന്നു- സത്വം, തമസ്സ്, രജസ്സ്. സൃഷ്ടിക്ക് അനുകൂലമായിട്ടുള്ള ഭാവമാണ് സത്വം, തമസ്സ് പ്രതികൂലവും. രജസ്സാവട്ടെ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഊര്‍ജം പകരുന്ന ക്രിയാശക്തിയാകുന്നു.
സാത്വിക അഹത്തില്‍ നിന്ന് മനസ്സും പത്തുതരം ഇന്ദ്രിയശക്തികളും ജന്മം കൊള്ളുന്നു. താമസിക അഹത്തില്‍ നിന്ന് ആദ്യം അഞ്ച് സൂക്ഷ്മ മൂലകങ്ങള്‍ അഥവാ പഞ്ചതന്മാത്രകള്‍ രൂപാന്തരപ്പെടുന്നു. അവയില്‍ നിന്ന് നിശ്ചിതക്രമത്തില്‍ പഞ്ചഭൂതങ്ങള്‍ ഉദ്ഭവിക്കുന്നു. ഇപ്രകാരം പ്രകൃതി, മഹത്ത്, അഹം, മനസ്സ്, 10 ഇന്ദ്രിയ തത്ത്വങ്ങള്‍, പഞ്ചതന്മാത്രകള്‍, പഞ്ചഭൂതങ്ങള്‍ എന്നിങ്ങനെ 24 ശക്തികളാണ് സൃഷ്ടിക്കാധാരമായിട്ടുള്ളത്.
മനുഷ്യന്റെ ബുദ്ധിയും അഹവും മനസ്സും ശരീരവും പ്രകൃതിയുടെ ഉല്‍പ്പന്നങ്ങളാകുന്നു. പക്ഷേ, ബുദ്ധി അഹം മനസ്സ് എന്നിവ ദൃശ്യലോകത്തെ ദ്രവ്യങ്ങളുടെ ഉല്‍പ്പന്നമല്ല. ശരീരം മാത്രമാണ് ദ്രവ്യനിര്‍മിതമായിട്ടുള്ളത്. വ്യക്തിയില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധി മഹത്തത്ത്വത്തിന്റെ പരിച്ഛേദമാണ്. മനസ്സാകട്ടെ അഹത്തിന്റെ ഉല്‍പ്പന്നവും. ഇപ്രകാരം ബുദ്ധിയും മനസ്സും തമ്മില്‍ വലിയ അന്തരമുണ്ട്. ബുദ്ധി മഹത്തത്ത്വത്തിന്റെ പരിച്ഛേദമാകയാല്‍ വിശാലവും, സാമാന്യബോധ നിയമങ്ങള്‍ അനുസരിച്ച് യുക്തിചിന്ത നടത്തുകയും അതുവഴി വ്യക്തികള്‍ തമ്മില്‍ ധാരണാസംബന്ധമായ സമന്വയം സാധ്യമാക്കുകയും ചെയ്യുന്നു. അഹത്തിന്റെ ഉല്‍പ്പന്നമാകുന്ന മനസ്സ് സര്‍ഗാത്മകവും വൈകാരികവുമായിട്ടുള്ള വ്യക്തിയുടെ പ്രത്യേക മാനസിക സ്വഭാവം പ്രകടമാക്കുന്നതാണ്.
ശുദ്ധബോധവും അഹംബോധവും
സാംഖ്യ യോഗയുടെ സിദ്ധാന്തമനുസരിച്ച് ശരീരം പഞ്ചഭൂതനിര്‍മിതമാണ്. അന്തസ്തലത്തില്‍ ശുദ്ധബോധമാകുന്ന ആത്മാവ്, മഹത്തിന്റെ അംശമാകുന്ന ബുദ്ധി, അഹം ബോധം, അഹത്തിന്റെ ഉല്‍പ്പന്നമാകുന്ന മനസ്സ് എന്നിവയടങ്ങുന്നു. യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ബോധമനസ്സ് അബോധത്തിന്റെ സൃഷ്ടിയാണ്. സാംഖ്യ യോഗയില്‍ അത്യന്തം സൂക്ഷ്മമാകയാല്‍ അഗ്രാഹ്യമായിട്ടുള്ള പ്രകൃതി തത്ത്വത്തിന്റെ ഉല്‍പ്പന്നമാണ് ബോധമനസ്സ്. ഇവിടെ യുങ്ങിന്റെ സമാഹൃത അബോധത്തിനും പ്രപഞ്ചതത്ത്വമാകുന്ന സാംഖ്യ യോഗയുടെ പ്രകൃതിക്കും തമ്മില്‍ സമാനതയുണ്ട്. പക്ഷേ യുങ്ങിന്റെ അപഗ്രഥനവും സാംഖ്യ യോഗ സിദ്ധാന്തവും തമ്മില്‍ സുപ്രധാനമായ ഒരു അന്തരമുണ്ട്. യുങ്ങിന്റെ ബോധമനസ്സില്‍ ശുദ്ധബോധത്തിന്റെ സാന്നിധ്യമില്ല. എന്നാല്‍ സാംഖ്യ- യോഗയില്‍ പ്രകൃതിക്കൊപ്പം പ്രാധാന്യമുള്ള തത്ത്വമാണ് മനുഷ്യന്റെ ആത്മാവാകുന്ന ശുദ്ധബോധം. ഈ കേവലബോധത്തിന്റെ താല്‍പ്പര്യാര്‍ത്ഥമാണ് പ്രകൃതിയും അതിന്റെ ഉല്‍പ്പന്നങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ബോധമനസ്സിന് പ്രവര്‍ത്തനക്ഷമമാകാന്‍ ഊര്‍ജവും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബോധവും വേണം. ഊര്‍ജം പകരാന്‍ അബോധത്തിലെ ലിബിഡോയെ അംഗീകരിക്കുന്ന യുങ് ബോധത്തിന്റെ വിഷയത്തില്‍ പ്രത്യേകമായി ശ്രദ്ധവയ്‌ക്കുന്നില്ല. അതുകാരണം ബോധത്തെയും അബോധത്തിന്റെ സൃഷ്ടിയായി കരുതുന്നു. ഭാരതീയ ദര്‍ശനം സൃഷ്ടിതലത്തില്‍ ബോധത്തെയും ഊര്‍ജത്തെയും വേര്‍തിരിച്ചു കാണുന്നതാണ്. ഈ പ്രത്യേക വിഷയത്തിലുള്ള ദ്വൈതം സാംഖ്യ യോഗക്ക് മാത്രമല്ല, ഭാരതീയ ദര്‍ശനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായിട്ടുള്ളതാണ്. അതിനാലാണ് ഉപനിഷത്തുകള്‍ ബ്രഹ്‌മത്തെ വിഷയി – വിഷയം എന്ന ദ്വൈതത്തെ അതിക്രമിച്ചു നില്‍ക്കുന്ന ആത്യന്തികമായിട്ടുള്ള അവസ്ഥയായി കരുതുന്നത്. മനുഷ്യന്റെ അനുഭവങ്ങള്‍ക്കെല്ലാം വിഷയി – വിഷയം എന്ന ദ്വയാവസ്ഥയുണ്ട്. ഇതില്‍ വിഷയി ബോധസ്വരൂപവും വിഷയം ഊര്‍ജ സ്വരൂപവുമാകുന്നു. ഏകത്വവാദവും സാംഖ്യയോഗയുടെ ദ്വൈതവും തമ്മിലുള്ള വ്യത്യാസമെന്നത് സൃഷ്ടിക്കതീതമായിട്ടുള്ള ആത്യന്തിക സത്യം ഏകമാണോ രണ്ടാണോ എന്ന കാര്യത്തിലാണ്. ഏകത്വവാദത്തില്‍ ആത്യന്തികമായി വിഷയിയും വിഷയവും ചേര്‍ന്ന ഒറ്റ തത്ത്വം മാത്രമേയുള്ളു. എന്നാല്‍ സാംഖ്യ യോഗയില്‍ പുരുഷനും പ്രകൃതിയും (വിഷയിയും വിഷയവും അഥവാ ബോധവും ശക്തിയും) എപ്പോഴും രണ്ടായിത്തന്നെ നിലകൊള്ളുന്നു.
അപവര്‍ഗമാണ് മോക്ഷം
പ്രകൃതിയില്‍ നിന്നുള്ള മോചനമാണ് ആത്മസാക്ഷാത്കാരത്തിലേക്ക് നയിക്കുന്നതെന്നാണ് സാംഖ്യ യോഗ സിദ്ധാന്തം. അന്തരംഗത്തില്‍ നിശ്ചലതത്ത്വമായി ശുദ്ധബോധസ്വരൂപമായ ആത്മാവ് കുടികൊള്ളുന്നു. എന്നാല്‍ ജീവാത്മാവാകട്ടെ ബുദ്ധി, അഹം, മനസ്സ്, ശരീരം എന്നിവയുമായി താദാത്മ്യം പ്രാപിച്ചാണ് നിലകൊള്ളുന്നത്. ഇവയുമായുള്ള ജീവാത്മാവിന്റെ ബന്ധം വേര്‍പെടുത്തുന്നതാണ് അപവര്‍ഗം അഥവാ മോക്ഷം. ബുദ്ധി, അഹം, മനസ്സ് എന്നിവ പ്രകൃതിജന്യമായ അനാത്മതത്ത്വക്കളാകുന്നു. അവയ്‌ക്ക് ബോധം പകരുന്നത് ആത്മാവാകുന്നു. ചലനം അവയുടെ സഹജസ്വഭാവമാകുന്നു. ഇപ്രകാരം ബുദ്ധി അഹം മനസ്സ് എന്നിവ ബോധസ്വരൂപം ആര്‍ജിച്ച് സദാ ചലിക്കുകയും പ്രവര്‍ത്തനനിരതമാവുകയും ചെയ്യുന്നു. ഇവയില്‍ നിന്ന് നിശ്ചലതത്ത്വമായ ആത്മാവിനെ വേര്‍തിരിക്കുന്നതാണ് മോക്ഷം.
യുങ് മാത്രമല്ല, പാശ്ചാത്യ മനഃശാസ്ത്രത്തിന്റെ ഒരു ശാഖയും നിശ്ചലതത്ത്വമാകുന്ന ശുദ്ധബോധത്തെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ പാശ്ചാത്യ തത്ത്വശാസ്ത്രത്തിന്റെ തുടക്കത്തില്‍ പ്ലേറ്റോയും അരിസ്റ്റോട്ടിലും ചിത്സ്വരൂപത്തെയും ദ്രവ്യത്തെയും തമ്മില്‍ വേര്‍പെടുത്തിക്കണ്ടിരുന്നു. ആശയരൂപം (Form), ദ്രവ്യം (Matter) എന്നിങ്ങനെ രണ്ടുതരം തത്ത്വങ്ങളെ അവര്‍ അംഗീകരിച്ചിരുന്നു. അരിസ്റ്റോട്ടില്‍ ഇവ രണ്ടിനും യാഥാര്‍ത്ഥ്യം കല്‍പ്പിക്കുകയും ചെയ്തു. ഇതനുസരിച്ച് ഒരു വ്യക്തി ആശയരൂപവും ദ്രവ്യവും ചേര്‍ന്നതാകുന്നു. അരിസ്റ്റോട്ടിലിന്റെ ഈ ചിന്ത സാംഖ്യ യോഗ ദര്‍ശനത്തോട് ഏതാണ്ട് അടുത്തു നില്‍ക്കുന്നതാണ്. ദ്രവ്യത്തിന്റെ യാതൊരു വിധ കലര്‍പ്പുമില്ലാത്ത ആശയരൂപത്തെ (Matterless Form) ഈശ്വരനെന്നും അരിസ്റ്റോട്ടില്‍ നിര്‍വചിക്കുകയുണ്ടായി.
മനോനിയന്ത്രണം, അപവര്‍ഗത്തിലേക്കുള്ള മാര്‍ഗ്ഗം
പതഞ്ജലിയുടെ അഷ്ടാംഗ യോഗയിലെ ആദ്യ ചുവടുകള്‍ ധര്‍മ്മപാതയിലൂടെ നയിക്കുന്നതാണ്. അഹിംസ, സത്യം, അസ്തേയം, ബ്രഹ്‌മചര്യം, അപരിഗ്രഹം എന്നീ യമങ്ങളിലൂടെയും ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നീ നിയമങ്ങളിലൂടെയും ധാര്‍മികത വളര്‍ത്തി മനോനിയന്ത്രണം സാധ്യമാക്കുകയെന്നതാണ് ലക്ഷ്യം വയ്‌ക്കുന്നത്. ‘ആസനം’ എന്ന മൂന്നാമത്തെ പടി ശരീരത്തെ കുറച്ചു സമയത്തേക്ക് സുസ്ഥിരമായ അവസ്ഥയില്‍ സൂക്ഷിക്കുന്നതിനു വേണ്ടിയാണ്. എന്നാല്‍ ഇന്ന് കൂടുതല്‍ പേര്‍ വിവിധങ്ങളായിട്ടുള്ള ആസനങ്ങള്‍ ശീലിക്കുക വഴി ഹഠയോഗയിലെയും പതഞ്ജലിയോഗയുടെയും മാര്‍ഗങ്ങള്‍ കൂട്ടിക്കുഴയ്‌ക്കുന്നതു കാണാം. അഷ്ടാംഗ യോഗയിലെ അടുത്ത അംഗങ്ങള്‍ പ്രാണായാമം, പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി എന്നിവയാണ്. പതഞ്ജലി യോഗയുടെ മാര്‍ഗം പ്രധാനമായി ധ്യാനത്തിന്റേതാകുന്നു. ധ്യാനത്തെ ഫലപ്രദമാക്കാന്‍ മനോനിയന്ത്രണം ആവശ്യമാകുന്നു. മനസ്സിന്റെ അസ്ഥിരത ഒഴിവാക്കാന്‍ വേണ്ടിയാണ് ആസനവും പ്രാണായാമത്തിലൂടെയുള്ള നാഡീശുദ്ധിയും ശാരീരിക ബലവും മറ്റും ഉപദേശിച്ചിട്ടുള്ളത്. ‘പ്രത്യാഹാരം’ ഇന്ദ്രിയദമനത്തിനും ‘ധാരണം’ മനോനിയന്ത്രണത്തിനുമാണ് പരിശീലിക്കുന്നത്. ധ്യാനത്തിലൂടെ മനോവൃത്തികളെ നിരോധിക്കുന്നതിലൂടെ സമാധിയിലേക്ക് നയിക്കപ്പെടുന്നതാണ്. ഈ അവസ്ഥയില്‍ യോഗി ആത്മാവിനെ തന്റെ അന്തരംഗത്തിലെ അനാത്മ തത്ത്വങ്ങളില്‍ നിന്ന് വേറിട്ട തത്ത്വമായും തന്റെ യഥാര്‍ത്ഥ സ്വത്വമായും സ്വയം അനുഭവിക്കുന്നു. ഇവിടെ സാംഖ്യ യോഗ സിദ്ധാന്തം യുങ്ങിന്റേതില്‍ നിന്നു വളരെ വ്യത്യസ്തമാണ്. സാംഖ്യ യോഗയില്‍ കേവലബോധമാണ് മനുഷ്യന്റെ യഥാര്‍ത്ഥ സ്വത്വം. എന്നാല്‍ യുങ്ങിന്റെ അപഗ്രഥനത്തില്‍ ബുദ്ധിയും അഹവും മനസ്സും പിന്നെ അബോധവും കൂടിച്ചേര്‍ന്ന സങ്കീര്‍ണമായിട്ടുള്ള ഒന്നാണ് വ്യക്തിയുടെ സ്വത്വം.
(അടുത്തത്: സ്വത്വ പുനഃസ്ഥാപനം ഉപനിഷത്തില്‍)
















