മുംബൈ:: മോദി സര്‍ക്കാരിനെയും ഇന്ത്യന്‍ റെയിവേയെയും പ്രതിക്കൂട്ടിലാക്കാന്‍ വ്യാജ വീഡിയോയുമായി രാഹുല്‍ ഗാന്ധി നടത്തിയ ശ്രമം മുളയിലേ നുള്ളി ഇന്ത്യന്‍ റെയില്‍വേ. പരീക്ഷാ ദിവസങ്ങളിൽ ഉത്തരേന്ത്യൻ ട്രെയിനുകളിൽ ഉണ്ടാകുന്ന കടുത്ത തിരക്കു കാരണം ട്രെയിനില്‍ പോകുന്ന വിദ്യാർത്ഥികൾ ശ്വാസം മുട്ടി മരിക്കുന്നുവെന്നാണ് പാടലീപുത്രയില്‍ നടന്ന സംഭവമെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ ഒരു വീഡിയോ പങ്കുവെച്ചത്. എന്നാല്‍ ഇത് വ്യാജവീഡിയോ ആണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ റെയില്‍വേ വസ്തുതകള്‍ നിരത്തി ഇതിന് ശക്തമായ മറുപടി നല്‍കി. ഈ വീഡിയോ പാടലീപുത്രയിലേതല്ലെന്നും ഈ വീഡിയോയിലെ യുവാവ് മരിച്ചിട്ടില്ലെന്നും ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ വോട്ട് ചോരി പോലെ രാഹുല്‍ ഗാന്ധിയുടെ മറ്റൊരു ആരോപണം കൂടി പൊളിഞ്ഞു.
പരീക്ഷ എഴുതാൻ പോയ ഒരു ഉദ്യോഗാർത്ഥി കടുത്ത തിരക്ക് കാരണം ട്രെയിനിനുള്ളിൽ ശ്വാസം മുട്ടി മരണപ്പെട്ടു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ആണ് രാഹുൽ തന്റെ എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവെച്ചത് ഈ ദൃശ്യങ്ങൾ തന്റെ മനസ്സിനെ ശരിക്കും ഉലച്ചുകളഞ്ഞു എന്നായിരുന്നു രാഹുൽ ഗാന്ധി കുറിച്ചത്.
ഈ ദാരുണ സംഭവത്തിന് പിന്നാലെ ബിഹാറിലെ പാടലീപുത്രയിൽ നൂറുകണക്കിന് ആളുകൾ റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചതായും ഈ വീഡിയോയിൽ ആരോപിച്ചിട്ടുണ്ടായിരുന്നു. പരീക്ഷാ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി കൃത്യമായ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു എന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി ഈ വീഡിയോ പങ്കുവെച്ചത്.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് റെയിൽവേ മന്ത്രാലയം ഉടനടി ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. ഈ വീഡിയോയിൽ കാണിക്കുന്ന സംഭവം പാടലീപുത്ര സ്റ്റേഷനിൽ നിന്നുള്ളതല്ലെന്നും കപ്പലിലോ ട്രെയിനിലോ തിരക്ക് കാരണം ആരും മരണപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി. കടുത്ത ചൂടും ക്ഷീണവും കാരണം ഒരു യുവാവിന് സുഖമില്ലാതെയായ ദൃശ്യങ്ങളെയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് എന്നാണ് റെയിൽവേയുടെ വാദം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും റെയില്‍വേ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു.
















