Kerala

താമരശേരിയില്‍ യുവതി ജീവനൊടുക്കിയത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനാലെന്ന ആരോപണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: താമരശേരിയില്‍ യുവതി ജീവനൊടുക്കിയത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനാലെന്ന ആരോപണവുമായി വീട്ടുകാര്‍. ഈ മാസം എട്ടാം തിയതിയാണ് താമരശേരി അമ്പായത്തോട് മിച്ചഭൂമിയില്‍ താമസിക്കുന്ന പ്രദീപ് കുമാര്‍-ബിന്ദു ദമ്പതികളുടെ മകള്‍ നന്ദന പ്രദീപ്(22) ആത്മഹത്യ ചെയ്തത്.

കോഴിക്കോട്ടെ സ്വകാര്യ മാള്‍ സന്ദര്‍ശിച്ചപ്പോഴാണ് ചൈനീസ് ഷെഫായി ജോലി ചെയ്യുന്ന കൊണ്ടോട്ടി പുളിക്കല്‍വയല്‍ സ്വദേശിയെ നന്ദന പരിചയപ്പെട്ടത്. ഇരുവരും സൗഹൃദത്തിലാവുകയും പിന്നീട് വിവാഹ താല്‍പര്യം അറിയിക്കുകയും ചെയ്തു. വീട്ടുകാരുടെ സമ്മതപ്രകാരമാണ് വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയതെന്ന് നന്ദനയുടെ ബന്ധുക്കള്‍ പറയുന്നു. അഭിനവിന്റെ വീട്ടുകാര്‍ താമരശേരിയിലെ നന്ദനയുടെ വീട്ടിലേക്ക് വരികയും ചെയ്തു.ഇയാളുമായി വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടക്കവെ നന്ദനയെ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവാഹ നിശ്ചയത്തിനായി വളയിടല്‍ തിയതിയും കുറിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ യുവാവ് വിവാഹത്തിന് താല്‍പര്യമില്ലെന്ന വിവരം നന്ദനയെ അറിയിച്ചു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആരോപണ വിധേയനായ യുവാവ് നന്ദനയെ ബോഡി ഷെയ്‌മിംഗ് നടത്തിയിരുന്നതായും പെരുമാറ്റം ശരിയല്ലെന്ന് കുറ്റപ്പെടുത്തിയിരുന്നതായും നന്ദനയുടെ സഹോദരി ആരോപിച്ചു.

 

 

 

Recent Posts