ന്യൂദല്‍ഹി: നീറ്റ്-യുജി പുനഃപരീക്ഷയ്‌ക്ക് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ടെലിഗ്രാം മെസേജിംഗ് പ്ലാറ്റ്ഫോം ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് അടിയന്തരമായി കേള്‍ക്കാന്‍ ജസ്റ്റിസ് തേജസ് കരിയയുടെ അവധിക്കാല ബെഞ്ച് വിസമ്മതിച്ചു. മറുപടി നല്‍കാന്‍ കേന്ദ്രം സമയം തേടിയതോടെ കേസ് വ്യാഴാഴ്ച ഉച്ചയ്‌ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ടെലിഗ്രാമിന്റെ വിലക്കിന് മതിയായ കാരണങ്ങളുണ്ടെന്ന് അദേ്ദഹം കോടതിയെ അറിയിച്ചു.
ജൂണ്‍ 21 ന് നടക്കുന്ന നീറ്റ് (യുജി) 2026 പുനഃപരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 22 വരെ കേന്ദ്രസര്‍ക്കാര്‍ മെസേജിംഗ് ആപ്പായ ടെലിഗ്രാമിലേക്കുള്ള ആക്സസ് താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കാനും പരീക്ഷയുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കാനും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
















