വയനാട്: അര്‍ബുദ ബാധിതനായ വനവാസി വയോധികന് മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ് , ജില്ലാ സമൂഹികനീതി ഓഫീസര്‍മാരോട് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശിച്ചു.
അര്‍ബുദം ബാധിച്ച് മുഖത്ത് പുഴുവരിച്ച നിലയില്‍ തൃശിലേരി കാനഞ്ചേരി കോളിമൂല ഉന്നതിയിലെ ബോളന്‍(66) നെയാണ് ആശുപത്രികളില്‍ എത്തിച്ചത്.മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രി, നല്ലൂര്‍നാട് കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലും എത്തിച്ചെങ്കിലും ഉത്തരവാദപ്പെട്ടവര്‍ കൈയൊഴിഞ്ഞെന്നാണ് കമ്മീഷന് ലഭിച്ച പരാതി.
നാട്ടുകാരും രാഷ്‌ട്രീയ പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെയാണ് ചികിത്സ ലഭ്യമായത്. അടുത്ത ബന്ധുക്കളില്ലാത്ത വയോധികനെ സഹായിക്കാന്‍ പട്ടികവര്‍ഗ വകുപ്പ് തയാറായില്ലെന്നും ആക്ഷേപമുണ്ട്.
















