Varadyam

‘സനാതന ചിന്തയില്‍ നിന്ന് മാറിനില്‍ക്കാനാവില്ല

Published by
ശ്യാംകൃഷ്ണ

യഥാര്‍ത്ഥത്തില്‍ മലയാളനവീനത ഇവിടെ പലരും ഘോഷിച്ചതുപോലെ വൈദേശികമായ അസ്തിത്വപ്രതിസന്ധിയുടെയും അരാജകത്വത്തിന്റെയുമൊന്നും ആവിഷ്‌കാരമായിരുന്നില്ല. മറിച്ച്, ദാര്‍ശനികതയെ കലാനുഭൂതിയാക്കിയ പ്രസ്ഥാനമായിരുന്നു. ചുരുങ്ങിയപക്ഷം ആഴവും പരപ്പുമുള്ള ജീവിതവീക്ഷണം സ്വന്തമായ ഉന്നതശീര്‍ഷരായ എഴുത്തുകാരുടെ രചനകളിലെങ്കിലും. ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നതിനുവേണ്ടിയാണ് പുസ്തകത്തിന് ‘ചിതയും ചിദാകാശവും’ എന്ന ശീര്‍ഷകം നിശ്ചയിച്ചത്. അനര്‍ത്ഥകവും അപ്രസക്തവുമായ ഭൗതികസാന്നിധ്യങ്ങള്‍ എരിഞ്ഞടങ്ങുമ്പോള്‍ ശുദ്ധബോധത്തിനു പ്രാപ്യമാകുന്ന അപരിമേയവും അനുഭവൈകവേദ്യവുമായ ആനന്ദത്തിന്റെ അനാദ്യന്തവിശാലത എന്ന ചിന്തയില്‍നിന്നാണ് അതു തോന്നിയത്

ഭാരതീയദര്‍ശനത്തിന്റെ അചഞ്ചലമായ ശാസ്ത്രീയസത്യത്തില്‍ വേരുറപ്പിച്ച് മലയാളസാഹിത്യ – സാംസ്‌കാരിക – സാമൂഹികമണ്ഡലങ്ങളിലെ സൃഷ്ടികളെയും പ്രവണതകളെയും സശ്രദ്ധം നിരീക്ഷിക്കുകയും, സര്‍ഗ്ഗാത്മകമായ വിമര്‍ശനത്തിലൂടെ ഉന്നതമായൊരു സാംസ്‌കാരികവീക്ഷണം ലക്ഷ്യംവയ്‌ക്കുകയും ചെയ്യുന്നുവെന്നതാണ് ഡോ. എ. എം. ഉണ്ണിക്കൃഷ്ണനെ മറ്റു വിമര്‍ശകരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. ഒരു ഭാരതീയന്നും സനാതനചിന്താധാരയില്‍നിന്നു മാറിനില്‍ക്കാന്‍ സാധിക്കില്ലെന്നും, എല്ലാ നവീന ആശയങ്ങളുടെയും അന്തര്‍ധാര തനതുസംസ്‌കാരത്തില്‍ നിന്നുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കേരളസര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസറും ഡീനും ആയിരുന്ന, പ്രഭാഷകനും എഴുത്തുകാരനുമായ ഡോ.എ എം ഉണ്ണിക്കൃഷ്ണനുമായുള്ള ദീര്‍ഘസംഭാഷണം ഈ ലക്കം മുതല്‍.

തീവ്രഗവേഷകനും എഴുത്തുകാരനുമാകണമെന്ന ആഗ്രഹം മനസ്സിലാദ്യം അങ്കുരിച്ചതെന്നാണ്?

= എംഎ പഠനകാലത്താണ് വിദ്യാര്‍ത്ഥി എന്ന യോഗ്യത എനിക്കുണ്ടായത് എന്നുപറയണം. ബിഎ ഇംഗ്ലിഷ് ഐച്ഛികമായി പഠിച്ച ശേഷം മലയാളം എംഎക്കു ചേര്‍ന്നപ്പോള്‍ ആദ്യം അന്ധാളിപ്പു തോന്നി. പ്രാചീന – മധ്യകാലസാഹിത്യത്തെക്കുറിച്ചുള്ള പഠനഗവേഷണങ്ങള്‍ എത്ര ക്ലിഷ്ടമാണ് എന്നു മനസ്സിലായി. ആ രംഗത്ത് അമൂല്യസംഭാവന ചെയ്ത ചിലരുടെ പ്രയത്‌നം ഉള്ളില്‍ അദ്ഭുതവും പ്രചോദനവും ജനിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപകരില്‍ ചിലര്‍ നടത്തിക്കൊണ്ടിരുന്ന പരിശ്രമങ്ങളും സ്വാധീനിച്ചിട്ടുണ്ട്.

എങ്കിലും അദ്ധ്യാപനവും പ്രഭാഷണവും ഒക്കെയായി കഴിയുകയായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍. അങ്ങനെയിരിക്കെ ഒരുദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ഡോ. ദേശമംഗലം രാമകൃഷ്ണനെ കണ്ടു. അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട്. സാര്‍ എന്നോടു പറഞ്ഞു, ഉണ്ണിക്കൃഷ്ണന്‍ നല്ല പഠനങ്ങള്‍ നടത്തണം, ഗൗരവമുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കണം. എന്റെ ഒപ്പം പഠിച്ച പലരും കവിതയും കഥയുമൊക്കെ എഴുതി പ്രസിദ്ധരായിത്തീര്‍ന്നിരുന്നു അക്കാലത്ത്. എനിക്ക് ആ വഴി അനുകൂലമല്ല. പക്ഷേ കഠിനാധ്വാനം ചെയ്യാനും തളരാതെ പ്രവര്‍ത്തിക്കാനും സാധിക്കുന്നവനാണ് ഞാന്‍ എന്ന് ദേശമംഗലം സാറിന് നല്ല വിശ്വാസമുണ്ടായിരുന്നു. സാറിന്റെ ഉപദേശം ഞാന്‍ മനസ്സില്‍ ഒതുക്കിവച്ചു, മറക്കാതെ അധ്വാനിച്ചു. അങ്ങനെയാണ് രചനകള്‍ വന്നുതുടങ്ങിയത്.

ദീര്‍ഘകാലം അദ്ധ്യാപകനായിരുന്നു. ആ കാലഘട്ടത്തെക്കുറിച്ചും
ശിഷ്യസമ്പത്തിനെക്കുറിച്ചും പറയാമോ?

= 1987-ല്‍ കോട്ടയംജില്ലയിലെ പാമ്പാടി കെ ജി കോളജിലാണ് എന്റെ അദ്ധ്യാപകജീവിതം ആരംഭിച്ചത്. 1996 മുതല്‍ 2011 വരെ കോട്ടയം ബസേലിയസ് കോളജിലായിരുന്നു. 2005 – 2006 ല്‍ ഡെപ്യൂട്ടേഷനില്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2006ല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അദ്ധ്യാപകനിയമനം ലഭിച്ചെങ്കിലും ആറുമാസം തികയും മുന്‍പേ എന്നെ അവിടെനിന്നു പുറത്താക്കി. എന്റെ രാഷ്‌ട്രീയാദര്‍ശമായിരുന്നു കാരണം. 2011ല്‍ കേരള സര്‍വകലാശാലയില്‍ പ്രൊഫസറായി ചേര്‍ന്നു. 2021ല്‍ സീനിയര്‍ പ്രൊഫസറായി. ഇതിനിടെ 2015-16ല്‍ കാസര്‍കോട്ടെ കേരളകേന്ദ്രസര്‍വകലാശാലയില്‍ മലയാളവിഭാഗം സ്ഥാപകാധ്യക്ഷനായി നിയോഗിക്കപ്പെട്ടു. ആ വകുപ്പ് ആരംഭിച്ച് ബാലാരിഷ്ടത മാറ്റി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളതും സര്‍വകലാശാലയ്‌ക്കകത്തും പുറത്തും ഏറ്റവും ശ്രദ്ധാര്‍ഹവും ആക്കുന്നതിന് സാധിച്ചു. 2024ല്‍ 37 വര്‍ഷത്തെ അധ്യാപകവൃത്തി പൂര്‍ത്തിയാക്കി ഫാക്കല്‍റ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസിന്റെ ഡീന്‍ ആയിരിക്കെ കേരളസര്‍വകലാശാലയില്‍നിന്നു വിരമിച്ചു. പക്ഷേ പടിയിറങ്ങേണ്ടി വന്നില്ല. എമരിറ്റസ് പ്രൊഫസര്‍ പദവിയില്‍ മൂന്നുവര്‍ഷത്തേക്ക് കൂടി സര്‍വകലാശാല പുനര്‍നിയമനം നല്‍കുകയാണുണ്ടായത്. ആ ഉത്തരവാദിത്വത്തില്‍ ഇപ്പോഴും തുടരുന്നു.

നാലുപതിറ്റാണ്ടിനോടടുത്ത സുദീര്‍ഘമായ അദ്ധ്യാപകജീവിതമാണ് എന്റേത്. അത് ഏറെക്കുറെ തൃപ്തികരമായിരുന്നു എന്നാണ് എന്റെ വിലയിരുത്തല്‍. വേണ്ടത്ര തയ്യാറെടുപ്പു കൂടാതെ ഒരു ക്ലാസില്‍ പോലും പോയിട്ടില്ല. വിദ്യാര്‍ത്ഥികളോട് ഹൃദയബന്ധം നിലനിര്‍ത്താനും സാധിച്ചിട്ടുണ്ട്. അവരുടെ സ്‌നേഹവും അംഗീകാരവും അര്‍ഹിക്കുന്നതിലധികം ലഭിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. എന്റെ യാത്രയയപ്പുപരിപാടികള്‍ ഉള്‍പ്പെടെ ധാരാളം അനുഭവങ്ങള്‍ ഇതിനു തെളിവായുണ്ട്. അതിനുകാരണം ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളെ പരിചരിക്കാന്‍ അവസരം കിട്ടി എന്നതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അവരുടെ കലര്‍പ്പില്ലാത്ത സ്‌നേഹവും കരുതലും ഇന്ന് എന്റെ രക്ഷാകവചമാണ്. വിവിധ നിലയിലുള്ള അദ്ധ്യാപകര്‍, സിവില്‍ സര്‍വീസിലെ ഉന്നതര്‍, സ്ഥാപനമേധാവികള്‍, ന്യായാധിപര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നാനാനിലയില്‍ ജീവിക്കുന്ന ഒട്ടേറെപ്പേര്‍ അവരിലുണ്ട്. ആ പേരുകള്‍ പറയാന്‍ തുടങ്ങിയാല്‍ വളരെ നീണ്ട പട്ടികയാകും. കൂട്ടത്തില്‍ ചിലരൊക്കെ എന്നെക്കാള്‍ അറിവും പ്രാഗല്ഭ്യവും നേടിയവരാണ്. ഇതാണ് എന്റെ ജീവിതത്തിലെ ധന്യത! ചെയ്ത കര്‍മം വിഫലമായില്ല എന്നതിന്റെ സാക്ഷ്യം.

ഔദ്യോഗികകൃത്യനിര്‍വഹണത്തിനിടെ ധര്‍മാദര്‍ശങ്ങളില്‍നിന്നു വ്യതിചലിക്കാത്തതിന് ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അവയില്‍ വെളിപ്പെടുത്താവുന്നവ ഏതെങ്കിലുമുണ്ടോ?

= പലതുണ്ട്. ചിലതു പറയാം. 2007ല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്നു പുറത്താക്കിയ കാര്യം മുന്‍പു സൂചിപ്പിച്ചല്ലോ. ബസേലിയസ് കോളജില്‍ പുനര്‍നിയമനം ലഭിച്ച എനിക്ക് രണ്ടുവര്‍ഷക്കാലം ശമ്പളം തരാതെ ബുദ്ധിമുട്ടിച്ചു ഇടതുസര്‍ക്കാര്‍. അത് നിയമപരമായി നേടിയെടുത്തപ്പോള്‍ രണ്ട് ഇന്‍ക്രിമെന്റ് ബാര്‍ ചെയ്തുകൊണ്ട് പ്രതികാരവുമായി മുന്നോട്ടു പോയി. ഇത്തരം വേട്ടയാടലിന് നിരന്തരം ഇരയായിട്ടുണ്ട്.

2007ല്‍ത്തന്നെ ഉണ്ടായ മറ്റൊന്നിനെക്കുറിച്ചു കൂടി പറയാം. അത് കേരള സര്‍വകലാശാലയില്‍നിന്നായിരുന്നു. മലയാളം ലക്ചറര്‍ നിയമനം എനിക്കു കിട്ടാതിരിക്കുന്നതിനുവേണ്ടി നടത്തിയ ഹീനമായ മെരിറ്റ് അട്ടിമറിയാണത്. മെരിറ്റില്‍ ഒന്നാമനായിരുന്ന എന്നെ ഒഴിവാക്കുകയും ഇടതുപക്ഷത്തിന്റെ ഒരു വിധേയനെ നിയമിക്കുകയും ചെയ്യണമായിരുന്നു അവര്‍ക്ക്. എന്നെ രണ്ടാംസ്ഥാനത്തേക്കു തള്ളാന്‍ ഇന്റര്‍വ്യൂവില്‍ കൃത്രിമം കാട്ടുകയേ പോംവഴിയുണ്ടായിരുന്നുള്ളൂ. ഇന്റര്‍വ്യൂവില്‍ ഏറ്റവും നന്നായി പങ്കെടുത്ത ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 25ല്‍ പരമാവധി 18 മാര്‍ക്ക് തരുകയുണ്ടായി. പക്ഷേ ഇടത് ആശ്രിതന്‍ അപ്പോള്‍ വളരെ പിന്നിലായിരുന്നു. അതു മറികടക്കാന്‍ എന്തു തിരിമറിയും നടത്തണം. അതു പതിവാണല്ലോ. ഇവിടെയും അതുതന്നെ ചെയ്തു. അധാര്‍മികമായി അഞ്ചു മാര്‍ക്ക് കൂട്ടിക്കൊടുത്തു. അപ്പോള്‍ അയാള്‍ കഷ്ടിച്ച് എന്നെക്കാള്‍ ഒരു മാര്‍ക്കിന് മുന്നിലെത്തി. വിവരാവകാശനിയമമനുസരിച്ചു സമ്പാദിച്ച സ്‌കോര്‍ഷീറ്റ് കൈയില്‍വച്ചുകൊണ്ടാണ് ഞാനിതു പറയുന്നത്. രേഖകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണ്. ഇത് കേട്ടുകേള്‍വിയില്ലാത്ത മാര്‍ക്ക് ദാനമായിരുന്നു. ഇതേ അധികാരികള്‍ തന്നെയാണ് അസിസ്റ്റന്റ് നിയമനത്തിലൂടെ സര്‍വകലാശാലയുടെ ചരിത്രത്തിന് തീരാക്കളങ്കം വരുത്തിയതും.

എനിക്കു നിയമനം കിട്ടാതിരിക്കാന്‍ ഇടത് അദ്ധ്യാപകസംഘടനയും മറ്റും പല ആസൂത്രണങ്ങള്‍ നടത്തിയതായി പിന്നീട് അറിഞ്ഞിട്ടുണ്ട്. ഇന്റര്‍വ്യൂവിനു തൊട്ടുമുന്‍പു വന്ന ഒരു പത്രവാര്‍ത്ത മന്ത്രിയുടെ മുന്നിലെത്തിച്ചു. അത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതിയംഗങ്ങളുടെ പേരുവിവരങ്ങളായിരുന്നു. അതില്‍ എന്റെ പേരും ഉള്‍പ്പെട്ടിരുന്നു. പോരാത്തതിന് 1982ലും 1983ലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഞാന്‍ എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു എന്നു കൂടി അറിയിച്ചു. മന്ത്രിക്ക് ബോധിച്ചു. വൈസ് ചാന്‍സലര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കപ്പെട്ടു. സെലക്ഷന്‍ ലിസ്റ്റില്‍ ഞാന്‍ രണ്ടാമനായി. നിയമനം നിഷേധിക്കപ്പെട്ടു.

ഇങ്ങനെ പറയാനാണെങ്കില്‍ വേറെയുമുണ്ട്. എല്ലാറ്റിനെയുംകുറിച്ചു പറയുന്നില്ല. എങ്കിലും ഏറ്റവും ഒടുവിലുണ്ടായ രണ്ടെണ്ണം കൂടി വെളിപ്പെടുത്താം. 2023 മാര്‍ച്ച് 31ന് കേരളസര്‍വകലാശാലയുടെ സെനറ്റ് യോഗത്തിലെ ബജറ്റ് ചര്‍ച്ചയ്‌ക്കിടെ ഞാന്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി അന്താരാഷ്‌ട്രപഠനഗവേഷണകേന്ദ്രം സ്ഥാപിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. എന്നാല്‍ അതിന്റെ ഡയറക്ടര്‍ സ്ഥാനം എനിക്കു നിഷേധിച്ചു. കാരണം പറയേണ്ടതില്ലല്ലോ? വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കു സമര്‍പ്പിച്ച പട്ടികകളിലൊന്നിലും എന്റെ പേര്‍ ഉള്‍പ്പെടുത്താതിരുന്നതാണ് മറ്റൊന്ന്. പട്ടികയില്‍ ഇടംപിടിച്ച മറ്റുള്ളവരെല്ലാം എന്റെ ജൂനിയേഴ്‌സായിരുന്നു. മലയാളം പ്രൊഫസര്‍മാരില്‍നിന്ന് ആദ്യമായി സീനിയര്‍ പ്രൊഫസറായ ആള്‍ ആയിട്ടുകൂടിയാണ് എന്നോട് ഈ അനീതി കാട്ടിയത്.

നിയമനം, പുരസ്‌കാരം, അംഗത്വം, പ്രസിദ്ധീകരണം എന്നിങ്ങനെ അര്‍ഹതപ്പെട്ട എത്രയെത്ര അവസരങ്ങളാണ് ഇവിടത്തെ ഉന്മൂലനസമഗ്രാധിപത്യാധീശത്വം ഇങ്ങനെ കവര്‍ന്നെടുത്തിട്ടുള്ളത്! ഞാനതൊന്നും ഒരിക്കലും കാര്യമാക്കിയിട്ടില്ല. എന്തിനെങ്കിലുംവേണ്ടി ഉപേക്ഷിക്കാവുന്നതല്ലല്ലോ സുദൃഢമായ വിശ്വാസപ്രമാണങ്ങള്‍.

ലോകം മായികമാണെന്നു തിരിച്ചറിയാന്‍ ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങള്‍ കാരണമായേക്കാം. അത്തരം ഏതെങ്കിലും സന്ദര്‍ഭങ്ങള്‍?

= ഈ ലോകത്ത് സ്വന്തമെന്നു കരുതുന്ന ബന്ധങ്ങള്‍ പോലും മായികമാണെന്ന് അനുഭവത്തിലൂടെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതു പോകട്ടെ. എന്നാല്‍ പ്രത്യക്ഷലോകത്തിനപ്പുറമുള്ള സത്യം കണ്ടറിയാന്‍ പറ്റിയ അനുഭവവും ഉണ്ടായിട്ടുണ്ട്. കാല്‍നൂറ്റാണ്ടു മുന്‍പ് ബോധത്തിന്റെ ഒരു ശുഭ്രാവസ്ഥയില്‍ സംഭവിച്ചതാണത്. അതിനെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ പറയാവതല്ല.

അങ്ങയെ ഏറെ സ്വാധീനിച്ച ഗ്രന്ഥങ്ങളേതൊക്കെയാണ്? പ്രത്യേകിച്ച് ഭാരതീയകൃതികള്‍? മലയാളകൃതികള്‍?

= എന്നെ ഏറ്റവുമധികം സ്വാധീനിച്ച ഗ്രന്ഥം ഭഗവദ്ഗീതയാണ്. പക്ഷേ ഞാന്‍ കൂടുതല്‍ തവണ വായിച്ചിരിക്കുന്നത് തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ്.

മലയാളവിമര്‍ശനമണ്ഡലത്തിലെ പൂര്‍വസൂരികളില്‍ ആരൊക്കെയാണ് അങ്ങയെ സ്വാധീനിച്ചിട്ടുള്ളത്?

= പൂര്‍വസൂരികളൊക്കെ സ്വാധീനിച്ചിട്ടുണ്ടാവണം. കുട്ടിക്കൃഷ്ണമാരാരുടെ ശൈലി ഇഷ്ടമാണ്. സാഹിത്യത്തെ മൂല്യവത്തായി കാണുന്നവരോട് പൊതുവെ പ്രതിപത്തിയുണ്ട്. എം പി ശങ്കുണ്ണിനായര്‍, ഡോ. കെ ഭാസ്‌കരന്‍നായര്‍, പ്രൊഫ. എസ് ഗുപ്തന്‍നായര്‍, ഡോ. സുകുമാര്‍ അഴീക്കോട്, ഇങ്ങനെ പലരുണ്ട് ആ നിരയില്‍.

ഗവേഷണം നടത്തുകയും ഗവേഷണവിദ്യാര്‍ഥികളെ നയിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ഭാഷാഗവേഷണത്തെ ശാസ്ത്രീയമായി എങ്ങനെ സമീപിക്കണമെന്ന് വ്യക്തമാക്കാമോ. ഭാവികാല വിദ്യാര്‍ത്ഥികള്‍ക്ക് അതൊരു ദിശാസൂചിയാകും?

= നമ്മുടെ ഇപ്പോഴത്തെ ഭാഷാസാഹിത്യഗവേഷണത്തെക്കുറിച്ച് എനിക്കു വലിയ മതിപ്പില്ല. അന്നന്നത്തെ ആവശ്യം പ്രമാണിച്ചു നടത്തുന്ന ലഘുവായ അക്കാദമികവ്യാപാരമാണത്. കുറെക്കാലത്തേക്കെങ്കിലും പ്രയോജനപ്പെടുന്നതും വെല്ലുവിളി നേരിടുന്നതുമായ വിഷയങ്ങളെ അധികരിച്ചു ഗവേഷണം നടത്താന്‍ പലരും തയ്യാറാകുന്നില്ല.

നേതൃസ്ഥാനീയരുടെ സങ്കുചിത താല്‍പ്പര്യങ്ങളില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്നുപോവുകയാണ് ഗൗരവാവഹമായ ഗവേഷണതാല്‍പ്പര്യം. ഇതല്ല വേണ്ടത്. നിഷ്പക്ഷവും നിസ്സംഗവുമായി കാതലുള്ള വിഷയങ്ങളെ സമീപിക്കാനും അപഗ്രഥനാത്മകമായി പഠിച്ചറിഞ്ഞ് നിഗമനങ്ങളില്‍ എത്തിച്ചേരാനുമുള്ള നിശ്ചയദാര്‍ഢ്യം പുലര്‍ത്തുന്നവരാകണം ഗവേഷകര്‍.

കേരള എന്നത് കേരളം എന്ന് പുനര്‍നാമകരണം ചെയ്തതിന് നന്ദിപറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍. പി. ശ്രീകുമാര്‍, ശ്രീജിത്ത് മൂത്തേടത്ത്, വി. മധുസൂദനന്‍നായര്‍, ഡോ. എ. എം. ഉണ്ണിക്കൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, ശ്രീകുമാരന്‍തമ്പി, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ സമീപം

മലയാളഭാഷയ്‌ക്കും കേരളീയസമൂഹത്തിനും സംഭാവന നല്‍കാന്‍ പാകത്തിലുള്ള അങ്ങയുടെ വിദ്യാര്‍ഥികളുടെ ചില ഗവേഷണങ്ങള്‍ എടുത്തുകാട്ടാമോ?

= എന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ 21പേര്‍ പിഎച്ച് ഡി ബിരുദം നേടിയിട്ടുണ്ട്. ഏഴെട്ടുപേര്‍ കൂടി ബിരുദാര്‍ഹരായിട്ടുണ്ടുതാനും. മിക്കവാറും പേരുടെ പഠനം മൗലികവും പ്രസക്തവുമാണ്. നടപ്പുസമ്പ്രദായത്തില്‍നിന്നു വ്യത്യസ്തമായ വിഷയങ്ങളാണ് മിക്കവരുടെയും. മറ്റു പലരും ഈ വിഷയങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകില്ല എന്നുകൂടി പറയേണ്ടതുണ്ട്. കാരണം നാട്ടുനടപ്പനുസരിച്ചുള്ള നേട്ടമോ ആനുകൂല്യമോ ഒന്നും ഈവിധ പഠനം നടത്തുന്നവര്‍ക്ക് കിട്ടുകയില്ല. എങ്കിലും സാമൂഹികമായി പ്രയോജനം ചെയ്യുന്നു ഈ പഠനങ്ങള്‍ പലതും എന്നതു പ്രധാനമാണ്. ഒരു ഉദാഹരണം പറയാം. മലയാളത്തിലെ ഭഗവദ്ഗീതാവ്യാഖ്യാനങ്ങളെക്കുറിച്ച് ഒരു പ്രബന്ധം ബിരുദാര്‍ഹമായിട്ടുണ്ട്. അതു തയ്യാറാക്കിയ ഗവേഷക മറ്റൊരു മതവിശ്വാസിയാണ്. പക്ഷേ ഈ പഠനശേഷം അവര്‍ സ്വയം ഭഗവദ്ഗീതാവ്യാഖ്യാനം തയാറാക്കുകയും ഏതാനും ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും, ആ രംഗത്ത് ആദരണീയസ്ഥാനം കൈവരിക്കുകയും ചെയ്തിരിക്കുന്നു. ഏറെക്കുറെ ഇതുതന്നെയാണ് ഭാരതീയജ്ഞാനപാരമ്പര്യനിഷ്ഠമായ മറ്റു പ്രബന്ധങ്ങള്‍ തയ്യാറാക്കിയവരുടെയും അവസ്ഥ.

ഭാരതീയദര്‍ശനങ്ങളുടെ തുടര്‍ച്ചയെന്നോണം തന്നെയാണ് ആധുനികമെന്നു പറയപ്പെടുന്ന സാഹിത്യകൃതികളെപ്പോലും അങ്ങ് നിരൂപിക്കുന്നത്. ഉദാഹരണത്തിന് ‘ചിതയും ചിദാകാശവും’ എന്ന ഗ്രന്ഥം. പുസ്തകത്തിന്റെ ശീര്‍ഷകം തന്നെ മലയാളചെറുകഥയിലെ നവീനതയെ ആത്മീയതയില്‍ കൊണ്ടുകൊരുക്കുന്നു. ഈ പുസ്തകത്തെക്കുറിച്ച് വിശദീകരിക്കാമോ?

= ‘ചിതയും ചിദാകാശവും’ 2003ല്‍ പുറത്തുവന്ന പുസ്തകമാണ്. മലയാളത്തിലെ നവീനതാപ്രസ്ഥാനത്തെ (ങീറലൃിശാെ) ചെറുകഥാസാഹിത്യം മുന്‍നിര്‍ത്തി നടത്തിയ സവിശേഷപഠനത്തിന്റെ ഫലമാണത്. മലയാളസാഹിത്യത്തിന്റെ അകക്കാമ്പ് ഭാരതീയജീവിതത്തിന്റെയും ദര്‍ശനത്തിന്റെയും അടിത്തട്ടില്‍നിന്ന് ഉറവെടുക്കുന്നതാണ്. ഗൗരവചിത്തരായ എഴുത്തുകാരുടെ രചനകള്‍ ശ്രദ്ധാപൂര്‍വം വായിച്ചാല്‍ ഇതു വ്യക്തമാകും. വായിക്കുന്നവര്‍ക്ക് പ്രസ്തുതവിഷയത്തെക്കുറിച്ച് ധാരണയുണ്ടായിരിക്കണം എന്നു മാത്രം. പക്ഷേ നമ്മുടെ സാഹിത്യവായനയെയും വിമര്‍ശനത്തെയും പലപ്പോഴും ആ മാര്‍ഗം അവലംബിക്കാന്‍ അനുവദിക്കാതിരുന്നിട്ടുണ്ട്. അതുകൊണ്ട് ക്ഷണികവും അന്യവുമായ സംവേദനശീലങ്ങള്‍ അവിടെ സ്ഥാപിക്കപ്പെട്ടു.

ഈ പരിമിതി മറികടക്കാനുള്ള ശ്രമമാണ് ‘ചിതയും ചിദാകാശവും’ എന്ന കൃതിയിലൂടെ നടത്തിയത്. കൃതിയെ അനുഭവിക്കുന്നതിന് യുക്തപ്രകരണങ്ങളില്‍ വേദാന്തശാസ്ത്രത്തിന് വെളിച്ചവും തെളിച്ചവും പ്രദാനം ചെയ്യാന്‍ കഴിയും. ഒ.വി. വിജയന്റെയും മുകുന്ദന്റെയും സക്കറിയയുടെയും ഏതാനും ചെറുകഥകളെ ഈവിധത്തില്‍ അപഗ്രഥിച്ചപ്പോള്‍ കൈവന്ന ബോദ്ധ്യങ്ങള്‍ ഈ കൃതിയില്‍ അവതരിപ്പിക്കുകയുണ്ടായി. അതിന് നമ്മുടെ നിരൂപണത്തിലെ നടപ്പുസമ്പ്രദായങ്ങളെ ഒന്നും ആശ്രയിച്ചതേയില്ല. സ്വീകാര്യതയെയോ പ്രത്യാഘാതങ്ങളെയോപറ്റി ഒട്ടും ശങ്കിച്ചുമില്ല.

മലയാളസാഹിത്യത്തില്‍ റിയലിസത്തിന്റെ ഘട്ടമൊഴികെ ദാര്‍ശനികതയുടെ നീരോട്ടം കൃതികളിലൊക്കെ നിലനിന്നിട്ടുണ്ട്. അതിന് ശാസ്ത്രീയതയും കലാത്മകതയും ഒന്നുപോലെ വന്നുചേര്‍ന്ന സന്ദര്‍ഭമായിരുന്നു നവീനതയുടേത്. യഥാര്‍ത്ഥത്തില്‍ മലയാളനവീനത ഇവിടെ പലരും ഘോഷിച്ചതുപോലെ വൈദേശികമായ അസ്തിത്വപ്രതിസന്ധിയുടെയും അരാജകത്വത്തിന്റെയുമൊന്നും ആവിഷ്‌കാരമായിരുന്നില്ല. മറിച്ച്, ദാര്‍ശനികതയെ കലാനുഭൂതിയാക്കിയ പ്രസ്ഥാനമായിരുന്നു. ചുരുങ്ങിയപക്ഷം ആഴവും പരപ്പുമുള്ള ജീവിതവീക്ഷണം സ്വന്തമായ ഉന്നതശീര്‍ഷരായ എഴുത്തുകാരുടെ രചനകളിലെങ്കിലും. ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നതിനുവേണ്ടിയാണ് പുസ്തകത്തിന് ‘ചിതയും ചിദാകാശവും’ എന്ന ശീര്‍ഷകം നിശ്ചയിച്ചത്. അനര്‍ത്ഥകവും അപ്രസക്തവുമായ ഭൗതികസാന്നിധ്യങ്ങള്‍ എരിഞ്ഞടങ്ങുമ്പോള്‍ ശുദ്ധബോധത്തിനു പ്രാപ്യമാകുന്ന അപരിമേയവും അനുഭവൈകവേദ്യവുമായ ആനന്ദത്തിന്റെ അനാദ്യന്തവിശാലത എന്ന ചിന്തയില്‍നിന്നാണ് അതു തോന്നിയത്.

‘ചട്ടമ്പിസ്വാമിയുടെ ജ്ഞാനലോകങ്ങള്‍’ എന്ന പഠനം ആത്മബോധത്തിലേക്കുള്ള വാതില്‍ തുറക്കപ്പെടുമ്പോഴുണ്ടാകുന്ന ആന്തരികലോകത്തിന്റെ അനശ്വരതയെക്കുറിച്ച് പ്രതിപാദിക്കുന്നു. ഇത്തരമൊരു പഠനത്തില്‍ തീവ്രമായി മുഴുകുമ്പോള്‍ എഴുത്തുകാരനും ചില മനോമാറ്റങ്ങള്‍ സംഭവിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനെക്കുറിച്ചറിയാനാണ് എനിക്ക് ആഗ്രഹം?

= കഴിഞ്ഞ ഒന്നരദശകത്തിനുള്ളില്‍ സ്വാമികളെക്കുറിച്ച് കുറെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രമുഖദിനപത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ദൃശ്യശ്രവ്യമാധ്യമങ്ങളിലും പൊതുസദസ്സുകളിലും കൂടി അവയില്‍ മിക്കതും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനമെന്നു പറയാവുന്നത് 2021ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ചട്ടമ്പിസ്വാമിപഠനങ്ങളാ’ണ്. 2784 പേജുകളില്‍ (മൂന്നുവാല്യം) 210 പ്രൗഢപ്രബന്ധങ്ങളുള്ള ആ പുസ്തകത്തിനു വന്‍സ്വീകാര്യത ലഭിച്ചു. എന്നാല്‍ അതിന്റെ വൈപുല്യം വായനക്കാര്‍ക്ക് ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് എന്നു മനസ്സിലാക്കി. അതു പരിഹരിക്കാന്‍വേണ്ടിയാണ് ‘ചട്ടമ്പിസ്വാമിയുടെ ജ്ഞാനലോകങ്ങള്‍’ എന്ന ലഘുഗ്രന്ഥം തയ്യാറാക്കിയത്. 2024ല്‍ സ്വാമികളുടെ മഹാസമാധിയുടെ ശതാബ്ദി പ്രമാണിച്ചാണ് അതു പ്രസിദ്ധീകരിച്ചത്. ഇതിന്റെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍കൂടി ‘മഹാഗുരു ചട്ടമ്പിസ്വാമികള്‍’ എന്ന പേരില്‍ പുറത്തുവരുകയാണ്.

ഇവയ്‌ക്കു പുറമെ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്. കേരളസര്‍വകലാശാലയില്‍ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി അന്താരാഷ്‌ട്ര പഠനഗവേഷണകേന്ദ്രം സ്ഥാപിതമായതിനെപ്പറ്റി പറഞ്ഞല്ലോ. അതിനുമുന്‍പ് 2015 ല്‍ ഞാന്‍ കാസര്‍കോട് കേരളകേന്ദ്രസര്‍വകലാശാലയില്‍ മലയാളവിഭാഗാധ്യക്ഷനായി പ്രവര്‍ത്തിച്ചപ്പോള്‍, അവിടെയും സമാനമായ ഒന്നിനു തുടക്കംകുറിച്ചിരുന്നു. Sree Vidyadhiraja Chattambi Swami Centre for Malayalam Classical Language എന്നതാണ് ആ സ്ഥാപനത്തിന്റെ പേര്.

ഈവിധ കര്‍മങ്ങളില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് കാര്യമായ മാറ്റങ്ങള്‍ ജീവിതത്തില്‍ വന്നിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം ഇതാണ്: ആയാസം കൂടാതെ ഓരോന്നും നടന്നുപോകുന്നു.

(അടുത്ത ലക്കത്തില്‍ തുടരും)

Recent Posts