ഒരു അടിസ്ഥാന ചോദ്യത്തിലൂടെ തുടങ്ങുന്നു- ഞാന്‍ ആരാണ്? ഈ ശരീരമാണോ? ആണെങ്കില്‍ ഞാന്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഒരു ദിവസം മരിക്കും. ശരീരം മാറിക്കൊണ്ടിരിക്കുന്നതായി തോന്നുമ്പോഴും ‘ഞാന്‍’ മാറുന്നില്ല. അപ്പോള്‍ ഞാന്‍ ഈ ശരീരം ആയിരിക്കില്ല മരണസമയത്ത് ശരീരത്തില്‍നിന്ന് വേര്‍പെട്ട് പോകുന്ന എന്തോ ഉണ്ട്. അതാണ് യഥാര്‍ത്ഥ ഞാന്‍.
ഞാന്‍ മനസ്സാണോ? എങ്കില്‍ ഗാഢനിദ്രയില്‍ എന്റെ മനസ്സ് എവിടേക്കാണ് പോകുന്നത്? ഗാഢനിദ്രയില്‍ ഉണര്‍ന്നിരിക്കുന്ന മനസ്സിന്റെ സംഭാഷണങ്ങളോ ഉറങ്ങുന്ന മനസ്സിന്റെ സ്വപ്നങ്ങളോ എനിക്ക് അനുഭവപ്പെടുന്നില്ല. ഗാഢനിദ്രയില്‍, മനസ്സ് അവിടെയില്ല. പക്ഷേ ‘ഞാന്‍’ അവിടെ ഉണ്ട്. അതിനാല്‍ ഞാന്‍ മനസ്സുമല്ല.
ഞാന്‍ നിങ്ങളാണോ? അല്ല. അവ മനസ്സില്‍ മാത്രമാണ് ഉദിക്കുന്നത്. ഞാന്‍ ബുദ്ധിയാണോ? അല്ല, ബുദ്ധി എന്നത് ഉയര്‍ന്ന മനസ്സിന്റെ പ്രവര്‍ത്തനമാണ്. പിന്നെ ഞാന്‍ എന്താണ്? ഉപനിഷത്തുകള്‍ പറയുന്നു ഞാന്‍ ആത്മാവാണ്- ഏറ്റവും ആന്തരികമായ സത്ത. ബുദ്ധി, മനസ്സ്, ശരീരം എന്നിവയെ പ്രകാശിപ്പിക്കുന്ന ശുദ്ധമായ ബോധമാണത്. ഉപനിഷത്തുക്കള്‍ പറയുന്നത് ആത്മാവ് അവിഭാജ്യവും നാശമില്ലാത്തതും വര്‍ത്തിക്കാന്‍ കഴിയാത്തതും, അചിന്തനീയവും അനന്തവും ശാശ്വതവും, അദൃശ്യവും യാതൊരു ഗുണങ്ങളുമില്ലാത്തതുമാണെന്നും അത് ശുദ്ധമായ സത്യം, ശുദ്ധമായ അസ്തിത്വം, ശുദ്ധമായ ആനന്ദം എന്നിവയാണ് എന്നുമാണ്.
എല്ലാ വിഷയ-വസ്തു പരിപ്രവര്‍ത്തനങ്ങളുടെയും ശാശ്വത വിഷയമാണിത്.
ഈ ആത്മാവിനെ പുരുഷന്‍ എന്നും, ശരീര-മനസ്സിന്റെ സമുച്ചയത്തെ പ്രകൃതി എന്നും വിളിച്ചാല്‍, ഞാന്‍ ഈ പുരുഷന്റെയും പ്രകൃതിയുടെയും സഹവര്‍ത്തിയാണ്. മറ്റ് ജീവജാലങ്ങളുടെ കാര്യമോ? അവയും പുരുഷന്റെയും പ്രകൃതിയുടെയും സംയോജനമായിരിക്കണം. ബാഹ്യമായി എല്ലാ ജീവികളും വ്യത്യസ്തമായി കാണപ്പെടുന്നു, അപ്പോള്‍ പുരുഷന്മാരും വ്യത്യസ്തരാണെന്ന് അര്‍ത്ഥമാക്കേണ്ടതുണ്ടോ? എന്നാല്‍ വ്യക്തിഗത പുരുഷന്മാര്‍ ഉണ്ടാകില്ല. എന്റെ ആത്മാവിനു നിങ്ങളുടെ ആത്മാവില്‍നിന്ന് വ്യത്യസ്തമാകാന്‍ കഴിയില്ല. കാരണം അങ്ങനെയാണെങ്കില്‍ അത് പരിമിതമാവും. നിര്‍വചനം അനുസരിച്ച് അതിന് പരിധിയില്ല (അനന്തം).
അതായത് വ്യത്യസ്ത ജീവികളിലെ എല്ലാ പുരുഷന്മാരും ഒന്നാണ്. അതിനെ ബ്രഹ്‌മം എന്ന് വിളിക്കുന്നു. അങ്ങനെ വ്യക്തിഗത ആത്മാവ് ബ്രഹ്‌മം മാത്രമാണെന്ന് പറയുന്നു.
അദ്വൈത വേദാന്തത്തെ ലളിതമാക്കാനുള്ള എളിയ ശ്രമമാണ് ഈ ഉപന്യാസം. എല്ലാ ജീവജാലങ്ങളും ഒരേ ഉറവിടത്തില്‍നിന്നാണ്. അവരുടെ ബോധം ഉരുത്തിരിയുന്നത്. ഉപനിഷത്തുകളിലെ മഹാവാക്യങ്ങള്‍ ഇത് വ്യക്തവുമാക്കുന്നു.
അഹം ബ്രഹ്‌മാസ്മി- ഞാന്‍ ബ്രഹ്‌മം ആണ്.
തത് ത്വം അസി- അത് നീ ആണ് (ബ്രഹ്‌മം).
പ്രജ്ഞാനം ബ്രഹ്‌മ- ഈ ബോധം ബ്രഹ്‌മമാണ്.
അയം ആത്മ ബ്രഹ്‌മ- ഈ ആത്മാവ് ബ്രഹ്‌മമാണ്.
ഈ ലളിതമായ വിശദീകരണങ്ങള്‍ക്കപ്പുറം അദ്വൈത വേദാന്തത്തിന് കൂടുതല്‍ കാര്യങ്ങളുണ്ട്. പക്ഷേ ആ പഠിപ്പിക്കലിന്റെ സാരാംശം ‘ബ്രഹ്‌മസത്യം ജഗന്മിഥ്യ, ജീവ, ബ്രഹ്‌മൈവ നാപരഃ’ എന്നതാണ്. ബ്രഹ്‌മം സത്യവും ഏക അസ്തിത്വവുമാണ്. ഈ ലോകം മിഥ്യയാണ്; ജീവന്‍ (ആത്മന്‍) ബ്രഹ്‌മം തന്നെയാണ്!
സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ എഴുതി: ‘അദ്വൈതമാണ് മതത്തിന്റെ ഭാവി.’ അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നു, എന്നിരുന്നാലും ലോകമെമ്പാടുമുള്ള സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ നോക്കുമ്പോള്‍, മനുഷ്യവര്‍ഗത്തിന് മൊത്തത്തില്‍ അദ്വൈതത്തെ ഒരു തത്ത്വചിന്തയായി സ്വീകരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. എന്നാല്‍ എനിക്ക് പ്രബുദ്ധത ലഭിച്ചിട്ടില്ല, അതിനാല്‍ ഭാവിയെക്കുറിച്ചോ വരും വര്‍ഷങ്ങളില്‍ കാര്യങ്ങള്‍ എങ്ങനെ മാറുമെന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ല.
ഞാന്‍ രമണ മഹര്‍ഷിയുടെ വാക്കുകള്‍ വിശ്വസിക്കുന്നു- ”ഭൂരിഭാഗം ആളുകള്‍ക്കും ദൈവത്തെ (ഈശ്വരന്‍) ആവശ്യമാണ്. ഒരാളെ ആരാധിക്കുന്നതാണ് ശരി. അവര്‍ ദൈവത്തെ തിരിച്ചറിയുകയുന്ന ഘട്ടത്തില്‍ എത്തുന്നതുവരെ അത് തുടരണം.
അദ്ദേഹം പറയുന്നതിനെ വരികള്‍ക്കിടയില്‍ വായിച്ചാല്‍- ചിത്തശുദ്ധി നേടിയ ശേഷം അദ്വൈതവാദം മനസ്സിലാക്കാന്‍ കഴിയുന്ന ഘട്ടത്തില്‍ എത്തുന്നതുവരെ, ഭൂരിപക്ഷം ആളുകള്‍ക്കും ദ്വൈതപരമായ ആരാധനാരീതിയോ പരമ്പരാഗത മതമോ ആവശ്യമായിവരും.















