തിരുവനന്തപുരം: കഴിഞ്ഞ 12 വർഷമായി തുടരുന്ന നരേന്ദ്ര മോദി ഭരണത്തിന് കീഴിൽ കേരളത്തിന്റെ വികസനക്കുതിപ്പ് സാധ്യമായതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റെയിൽ മേഖലയിൽ പത്തിരട്ടി തുക അനുവദിച്ചും പി എം കിസാൻ സമ്മാൻ നിധി വഴി കേരളത്തിലെ 27.53 ലക്ഷം കർഷകർക്ക് 13,000 കോടി രൂപ വിതരണം ചെയ്തും മോദി സർക്കാർ ചരിത്രം സൃഷ്ടിച്ചു. ഒന്നരക്കോടി പേർക്ക് സൗജന്യ റേഷനായി 7,670 കോടി രൂപയും 22 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകളും മോദി സർക്കാർ കേരളത്തിന് നൽകി. കേരളത്തിന് വേണ്ടത് വാഗ്ദാനങ്ങളുടെ രാഷ്‌ട്രീയം അല്ല, മോദി മുന്നോട്ട് വെയ്‌ക്കുന്ന വികസനത്തിന്റെയും സാമ്പത്തിക ശക്തിയുടെയും രാഷ്‌ട്രീയമാണെന്നും രാജീവ് ചന്ദ്രശേഖർ എം.എൽ.എ പറഞ്ഞു. മോദി സർക്കാരിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തിന്റെ വികസന ദിശയും ശരിയായല്ല മുന്നോട്ട് പോകുന്നത്. പത്ത് വർഷം സിപിഎം ഭരിച്ച കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിയമസഭയിൽ മുഖ്യമന്ത്രി തന്നെ അവതരിപ്പിച്ച കണക്കുകളും രേഖകളും പല സത്യങ്ങളും തുറന്നുകാട്ടുന്നതാണ്. മുൻകാല ഭരണകാലങ്ങളിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ദുർബലമാക്കിയ നയങ്ങളുടെ പ്രത്യാഘാതങ്ങളാണ് ഇന്ന് കേരളം നേരിടുന്നത്.
സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി ഗുരുതരമാണെന്ന് അറിയാമായിരുന്നിട്ടും തിരഞ്ഞെടുപ്പ് സമയത്ത് യാഥാർത്ഥ്യബോധമില്ലാത്ത വാഗ്ദാനങ്ങൾ കോൺഗ്രസ് പാർട്ടി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനം ഉപേക്ഷിക്കണമെന്നും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും നിക്ഷേപങ്ങൾ ആകർഷിക്കുന്നതും വികസനം ഉറപ്പാക്കുന്നതുമായ ഉത്തരവാദിത്തപരമായ ഭരണമാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ യുവശക്തിയും സ്റ്റാർട്ടപ്പ് മേഖലയിലെ മുന്നേറ്റവും സാങ്കേതിക രംഗത്തെ കുതിപ്പും ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യുന്നു. ഇന്ത്യയെ ലോകം ആദരവോടെ കാണുമ്പോൾ, കേരളത്തിൽ തൊഴിലില്ലായ്‌മയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകുന്നത് ആശങ്കാജനകമാണ്.
ഒരു വശത്ത് വാഗ്ദാനങ്ങളും വിവാദങ്ങളും മാത്രം നിറഞ്ഞ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും പരാജയപ്പെട്ട രാഷ്‌ട്രീയം. മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസനവും, ഉയർച്ചയും മുൻനിർത്തിയുള്ള രാഷ്‌ട്രീയവുമാണ്.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ രാജ്യത്ത് നടപ്പിലാക്കിയ വിവിധ ജനക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് വളർച്ച, കർഷക ക്ഷേമ പദ്ധതികൾ, ദാരിദ്ര്യ നിർമ്മാർജനം, ദേശീയപാത വികസനം, മെട്രോ റെയിൽ ശൃംഖല വിപുലീകരണം, സെമികണ്ടക്ടർ മേഖലയിലെ നിക്ഷേപങ്ങൾ തുടങ്ങിയവ രാജ്യത്തിന്റെ വളർച്ചയ്‌ക്ക് പുതിയ ദിശ നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിനായി കേന്ദ്ര സർക്കാർ നൽകിയ വിവിധ പദ്ധതികളെയും സഹായങ്ങളെയും കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഭാരത്മാല പദ്ധതിയിലൂടെ റോഡ് വികസനം, വിഴിഞ്ഞം തുറമുഖത്തിന് നൽകിയ സാമ്പത്തിക പിന്തുണ, റെയിൽവേ വികസനത്തിനുള്ള റെക്കോർഡ് വിഹിതം, കൊച്ചി വാട്ടർ മെട്രോ, കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും നൽകിയ സഹായങ്ങൾ, ആയുഷ്മാൻ ഭാരത്, ജൽ ജീവൻ മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി നിരവധി പദ്ധതികൾ കേരളത്തിന്റെ വികസനത്തിന് കരുത്തേകിയതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ സാമ്പത്തിക ശക്തിയും വികസന കാഴ്ചപ്പാടും ഉള്ള ഭരണമാണ് ആവശ്യമെന്നും, ഇന്ത്യയുടെ വളർച്ചയുടെ പാതയിൽ കേരളവും മുന്നേറേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്, ഉപാധ്യക്ഷൻ കെ.സോമൻ, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ പങ്കെടുത്തു.
















