Kerala

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂർ : ഫിഫ വേൾഡ് കപ്പിന് ആശംസ അറിയിച്ച് കണ്ണൂർ നാറാത്ത് സ്ഥാപിച്ച ബോർഡിൽ ഇടം പിടിച്ച് ആയത്തുള്ള അലി ഖമേനിയും, പലസ്തീനും . ഇറാൻ ഫാൻസ് നാറാത്തിന്റെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

ഇറാന് പിന്തുണ നൽകുക മാത്രമല്ല പലസ്തീൻ സ്വാതന്ത്ര്യത്തെ പറ്റിയും , ഫ്ലക്സിൽ പറയുന്നുണ്ട്. വേൾഡ് കപ്പ് ആശംസയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നതെങ്കിലും ഉദ്ദേശ്യം അതല്ലെന്ന് വ്യക്തമാണ്. കളിയോടുള്ള ആവേശത്താൽ പല ഫാൻസ് ക്ലബുകളും ബോർഡുകൾ സ്ഥാപിക്കാറുണ്ടെങ്കിലും ആയത്തുള്ള അലിഖമേനിയോ, പലസ്തീനോ ഒന്നും അതിൽ ഇടം പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആരാധന ഫുട്ബോളിനോടല്ല മതത്തിനോടാണെന്നതും വ്യക്തം.

പോപ്പുലർ ഫ്രണ്ടിന് വേരോട്ടമുള്ള ഇടമായിരുന്നു നാറാത്ത് . 2013 ൽ പൊലീസ് പ്രദേശം റെയ്ഡ് ചെയ്തിട്ടുമുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടിയാണ് പോപ്പുലര്‍ ഫ്രണ്ട് നാറാത്ത് തണല്‍ എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചത്.ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഇരുപത്തിയൊന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ വെച്ചാണ്. ഇവിടെ നിന്ന് നിരവധി മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും തീവ്രവാദ പരിശീലനത്തിനുപയോഗിക്കുന്ന ആയുധ ശേഖരങ്ങളും പിടികൂടിയിരുന്നു. മനുഷ്യനെ ഉന്നം തെറ്റാതെ വെടിവെച്ച് കൊലപ്പെടുത്താന്‍ പരിശീലനം നല്‍കുന്ന ഡമ്മികള്‍, മതഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍, വിദേശ കറന്‍സികള്‍, നിരവധി മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയും പോലീസ് കണ്ടെത്തിയിരുന്നു. ഭീകരവാദ പ്രവര്‍ത്തനത്തിന് മറയിടാന്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടക്കുന്നത് യോഗപരിശീലമാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നതൃത്വം പുറത്ത് പ്രചരിപ്പിച്ചിരുന്നത്. ഇവിടം കേന്ദ്രീകരിച്ച് രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പുകളും നടത്തിയിരുന്നു.

എന്നാല്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ നടക്കുന്നത് യോഗാപരിശീലനമോ സേവന പ്രവര്‍ത്തനങ്ങളോ ആയിരുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്ക് ഭീകരവാദ പ്രവര്‍ത്തനം നടത്താനുള്ള പരിശീലനമായിരുന്നു ഇവിടെ നിന്ന് നല്‍കിയത്. അപരിചിതരായ ആളുകള്‍ അസമയത്ത് വന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളില്‍ ചിലര്‍ പോലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ നിന്ന് തീവ്രവാദ പരിശീലനത്തിനെത്തിയവരെ പിടികൂടിയത്.

അന്ന് എൻ ഐ എ അന്വേഷിച്ച് ഏറ്റവും വേഗത്തിൽ വിധിവന്ന കേസായിരുന്നു ഇത്. ഒന്നാം പ്രതി അബ്ദുൾ അസീസിന് 7 വർഷവും, ബാക്കി 20 പേർക്ക് 5 വർഷവുമാണ് ശിക്ഷകിട്ടിയത്. പ്രതികളെല്ലാം ചെറുപ്പക്കാരായതുകൊണ്ടാണ് ശിക്ഷയിൽ ഇളവ് നൽകിയതെന്ന് കോടതിയന്ന് പറഞ്ഞിരുന്നു. ഇവരെല്ലാം ശിക്ഷ പൂർത്തിയാക്കി 2019-ൽ നാറാത്ത് തിരിച്ചെത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഈ ബോർഡ് സ്ഥാപിച്ചതിൽ പലർക്കും പങ്കുണ്ടാകുമെന്നാണ് അഭ്യൂഹം.

Recent Posts