ബെംഗളൂരു: 2,400 കോടിയോളം രൂപയുടെ ശിവം അസോസിയേറ്റ്‌സ് നിക്ഷേപത്തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ബോളിവുഡ് നടി സണ്ണി ലിയോണിന് നോട്ടീസ് അയച്ച് കർണാടക സി.ഐ.ഡി. ബെളഗാവി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശിവം അസോസിയേറ്റ്‌സ് അമിതപലിശ വാഗ്ദാനം ചെയ്തു കർണാടകത്തിലും മഹാരാഷ്‌ട്രയിലുമുള്ള നിക്ഷേപകരിൽനിന്നും പണം സ്വീകരിച്ചിരുന്നു. ഇതിൽനിന്ന് സണ്ണി ലിയോൺ അടക്കം പല താരങ്ങൾക്കും പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനാണ് ചോദ്യം ചെയ്യുന്നത്. മറ്റ് ചില താരങ്ങൾക്കും സി.ഐ.ഡി. ഇത്തരത്തിൽ നോട്ടീസ് അയച്ചിട്ടുണ്ട്.
ശിവം അസോസിയേറ്റ്‌സുമായും അതിന്റെ പ്രൊമോട്ടറായ ശിവാനന്ദ് നീലന്നവറുമായും ബന്ധപ്പെട്ട പണത്തിന്റെ നീക്കത്തെക്കുറിച്ച് സിഐഡി പരിശോധിച്ചുവരികയാണ്. 40,7000 നിക്ഷേപകരിൽ നിന്ന് ഫണ്ട് ശേഖരിച്ചതായി ആരോപിക്കപ്പെടുന്ന ശിവാനന്ദ് നീലന്നവർ നേരത്തെ കേസില്‍ അറസ്റ്റിലായിരുന്നു.. 2023-ൽ നീലന്നവർ നിർമ്മിച്ച കന്നഡ സിനിമയായ ചാമ്പ്യനിലെ “ഡിംഗര ബില്ലി നാനു” എന്ന ഗാനത്തിൽ അഭിനയിക്കാൻ ലിയോണിന് ഏകദേശം ഒരു കോടി രൂപ പ്രതിഫലം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.











