Editorial

പാറ്റപ്പാര്‍ട്ടിയേയും ജനങ്ങള്‍ തുരത്തും

Published by
എഡിറ്റോറിയൽ ഡെസ്ക്

ഭാരതത്തിലെ യുവജനങ്ങളുടെ അസ്വസ്ഥതയുടെ പ്രതീകമെന്നും, രാഷ്‌ട്രീയ മാറ്റത്തിന്റെ തുടക്കമെന്നും മറ്റും വിശേഷിപ്പിച്ചും മഹത്വവത്കരിച്ചും ചിലര്‍ ആഘോഷിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് ഒറ്റ ദിവസത്തെ മാധ്യമശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞതിനപ്പുറം ഒന്നും ചെയ്യാനാവില്ല. ആ പ്രതിഷേധം അങ്ങേയറ്റം നിര്‍ജീവമായിരുന്നുതാനും.

സോഷ്യല്‍ മീഡിയയില്‍ വൈറലായ കോക്രോച്ച് ജനത പാര്‍ട്ടി അഥവാ സിജെപി രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്ന ബിജെപിയെ നേരിടുമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്ഥാനഭ്രഷ്ടനാക്കുമെന്നും ആവേശം കൊള്ളുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നവരാണ്. ദല്‍ഹിയില്‍ ഒരു സമ്മേളനം സംഘടിപ്പിക്കുക, എങ്ങനെയെങ്കിലും അക്രമത്തിലേക്ക് വഴി തിരിച്ചുവിടുക എന്ന ലക്ഷ്യമാണ് സിജെപിക്കാര്‍ക്ക് ഉണ്ടായിരുന്നതെന്നു വേണം മനസ്സിലാക്കാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ ഇസ്ലാമിക തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതു പോലെ മറ്റൊന്ന് സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് ഇവര്‍ നോക്കിയത്. ഷഹീന്‍ ബാഗ് കേസില്‍ പ്രതിയായി ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനെ പുകഴ്‌ത്തി കൊണ്ടുള്ള പ്രതിഷേധക്കാരുടെ പ്രതികരണം ഇതാണ് തെളിയിക്കുന്നത്.

നേപ്പാളില്‍ അധികാരത്തിലിരുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും അഴിമതിക്കും, ഭരണാധികാരികളുടെ ആഡംബര ജീവിതത്തിനും എതിരെ പുതിയ തലമുറയിലെ തൊഴിലില്ലാത്തവര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് അവിടത്തെ സര്‍ക്കാരിന് രാജിവയ്‌ക്കേണ്ടിവന്നു. ഈ സംഭവത്തിനു ശേഷം ഇങ്ങനെയൊന്ന് ഭാരതത്തില്‍ സംഭവിച്ചു കാണാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഗ്രഹിച്ചു. ‘ഇന്‍ഡി’ സഖ്യത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ നേതാവ് രാഹുല്‍ പരസ്യമായിത്തന്നെ യുവതീയുവാക്കളെ കലാപത്തിന് ആഹ്വാനം ചെയ്യുകയുണ്ടായി. ബംഗ്ലാദേശില്‍ ഇസ്ലാമിക മതമൗലികവാദികള്‍ പിന്തുണച്ച സര്‍ക്കാരിനെതിരെ ജനമുന്നേറ്റം ഉണ്ടായപ്പോഴും ഇത്തരമൊരു പ്രക്ഷോഭം ഭാരതത്തില്‍ ഉണ്ടാകുമെന്ന് സ്വപ്‌നം കണ്ടവരാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. എന്നാല്‍ നേപ്പാളിലും ബംഗ്ലാദേശിലും നിലനില്‍ക്കുന്ന ഭരണ സംവിധാനമോ രാഷ്‌ട്രീയ സാഹചര്യമോ അല്ല ഭാരതത്തില്‍ ഉള്ളതെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പോലും ഈ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ഉണ്ടായില്ല. സംസ്ഥാനങ്ങളില്‍ ആയാലും കേന്ദ്രത്തിലായാലും ബിജെപിയെയും നരേന്ദ്ര മോദിയെയും ജനങ്ങള്‍ ആവര്‍ത്തിച്ച് തെരഞ്ഞെടുകയാണുണ്ടായത്. കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും നിരന്തരം പരാജയപ്പെടുത്തുകയും ചെയ്തു. വിശ്വാസ്യത നശിച്ച ഇക്കൂട്ടര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വയം സംതൃപ്തിടയുകയാണ്.

ഭാരതത്തില്‍ നിലനില്‍ക്കുന്നത് ജനാധിപത്യ സംവിധാനമാണ്. രാഷ്‌ട്രീയമായി വിയോജിക്കുന്നതിനും, ഭരണത്തിനെതിരെ പ്രതിഷേധിക്കുന്നതിനും ആര്‍ക്കും അവകാശമുണ്ട്. ഈ അവകാശം ജനങ്ങളില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്തു മാറ്റിയിട്ടില്ല. പക്ഷേ പ്രതിഷേധത്തിന്റെ മറവില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതും, അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അംഗീകരിക്കാന്‍ കഴിയില്ല. ഇതുകൊണ്ടാണ് ഷഹീന്‍ ബാഗ് പ്രക്ഷോഭകര്‍ക്കെതിരെ കേസെടുത്തത്. ഈ നടപടി ശരിയാണ് എന്നതിന്റെ തെളിവാണ് പ്രതികള്‍ക്ക് കോടതി ജാമ്യം പോലും നല്‍കാത്തത്. 12 വര്‍ഷത്തെ ഭരണത്തിലൂടെ രാജ്യത്ത് പല മാറ്റങ്ങളും വരുത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വികസനം കൊണ്ടുവരാനും ജനക്ഷേമം ഉറപ്പുവരുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുകയും, അതിലൊക്കെ വലിയ തോതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ തലമുറയ്‌ക്ക് ഇത് നന്നായി അറിയാം. രാഷ്‌ട്രീയ കുപ്രചാരണങ്ങളില്‍ അവര്‍ വീഴില്ല. പ്രതിപക്ഷത്തിനും ഈ സത്യം അറിയാം. പക്ഷേ അധികാരമോഹം കൊണ്ട് അവര്‍ രാജ്യ താല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഭാരതം കരുത്താര്‍ജിക്കുന്നത് ഇഷ്ടപ്പെടാത്ത നിരവധി മതപരവും രാഷ്‌ട്രീയവുമായ വൈദേശിക ശക്തികളുണ്ട്. ഇവര്‍ക്ക് വിലയ്‌ക്കെടുക്കാന്‍ കഴിഞ്ഞിട്ടുള്ള ചില പ്രതിപക്ഷ നേതാക്കള്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്ന ഭാവത്തില്‍ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ ഇതുവരെ ഇവര്‍ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനക്ഷാമം സൃഷ്ടിച്ചും മറ്റും ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. രാജ്യത്തുണ്ടാകുന്ന ഏത് പ്രശ്‌നവും ഇക്കൂട്ടര്‍ ഇതിന് മറയാക്കുന്നു. ഇതിലൊന്നാണ് നീറ്റ്, സിബിഎസ്ഇ പരീക്ഷ പേപ്പര്‍ ചോര്‍ച്ച. സംവിധാനം ശക്തിപ്പെടുത്തിയും നടപടികള്‍ സുതാര്യമാക്കിയും ഇത് തടയാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ കിട്ടിയ അവസരം ഉപയോഗിച്ച് പരമാവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം. അതിന്റെ ഭാഗമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പിറവിയും.

സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇപ്പോഴത്തെ സിജെപി അരവിന്ദ് കെജ്രിവാളിന്റെ എഎപിയുടെ ആവര്‍ത്തനമാണ്. അഴിമതി തുടച്ചുനീക്കും എന്നുപറഞ്ഞ് രംഗത്തുവന്ന ഈ പാ
ര്‍ട്ടി അഴിമതിയില്‍ മുങ്ങിക്കുളിക്കുകയായിരുന്നല്ലോ. എഎപി സ്വന്തം സര്‍ക്കാര്‍ രൂപീകരിച്ച ദല്‍ഹിയില്‍ ജനങ്ങള്‍ അവരെ ഭരണത്തില്‍ നിന്ന് തൂത്തെറിഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കെജ്രിവാള്‍ അഴിമതി കേസില്‍ പ്രതിയായി കോടതി കയറുകയാണ്. പഞ്ചാബിലെ എഎപി സര്‍ക്കാരും അഴിമതിയിലും ചേരിപ്പോരിലും അകപ്പെട്ടിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാം. ജനവിരുദ്ധതയുടെ പ്രതീകമായി എഎപി മാറിയപ്പോള്‍ അതിന്റെ സ്ഥാനത്ത് മറ്റൊന്ന് പരീക്ഷിക്കുകയാണ്. മുന്‍ എഎപിക്കാരന്‍ തുടങ്ങിവച്ച ഈ പാറ്റപ്പാര്‍ട്ടിയെയും തനിനിറം തിരിച്ചറിഞ്ഞ് ജനങ്ങള്‍ തുരത്തും.

Recent Posts