മഹാകവി കുമാരനാശാനെ ‘വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്ന് വിശേഷിപ്പിച്ചത് പ്രസിദ്ധ നിരൂപകനും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരിയാണ്. കുമാരനാശാന്‍ പല അര്‍ത്ഥത്തിലും വിപ്ലവകാരിയായിരുന്നു. സാമൂഹ്യ വിപ്ലവത്തിന് സാഹിത്യവും ആദ്ധ്യാത്മികതയും യുക്തിയും സംഘടനയും വ്യവസായവും സമരസതയും ആവശ്യമാണെന്ന് അദ്ദേഹം കരുതി.
ശ്രീനാരായണ ഗുരുവിന്റെ വത്സല ശിഷ്യനായി ലോകതത്ത്വവും ജീവിത ദര്‍ശനവും സൂക്ഷ്മതത്ത്വവും അറിഞ്ഞ വ്യക്തി.
1873 ഏപ്രില്‍ 12 നാണ് കുമാരന്‍ ജനിച്ചത്. നാരായണന്റെയും കാളിയമ്മയുടെയും (കൊച്ചുപെണ്ണ്) മകനായി. തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശമായ അഞ്ചുതെങ്ങിനടുത്ത് കായിക്കരയില്‍ തൊമ്മന്‍ വിളാകം എന്ന ഇടത്തരം ഈഴവ കുടുംബത്തില്‍. 1924 ജനുവരി 16 ന് ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റില്‍ റിഡീമര്‍ എന്ന യാത്രാബോട്ടില്‍ സഞ്ചരിക്കവേ, അത് മുങ്ങി 51-ാം വയസില്‍ അദ്ദേഹം അന്തരിച്ചു. ഇതിനിടയിലുള്ള ജീവിതം ഏറെ പരിചയപ്പെടുത്താതെ മലയാളിക്ക് അറിയാം. സാഹിത്യബോധവും സംസ്‌കാരവും ഉള്ള ആര്‍ക്കും അറിയാം. സ്‌കൂള്‍ പ്രാര്‍ത്ഥനയില്‍ ‘ചന്തമേറിയ പൂവിലും… ഈശനെ വാഴ്‌ത്തുവിന്‍’ എന്ന് പാടിക്കേട്ടിട്ടുള്ളവര്‍ക്ക് ആശാന്‍ കവിത അറിയാം. ‘വീണപൂവും’ ‘ലീല’യും ‘നളിനി’യും ‘ചിന്താവിഷ്ടയായ സീത’യും ‘കരുണ’യും ‘പ്രരോദന’വും ‘ദുരവസ്ഥ’യും ‘ചണ്ഡാലഭിക്ഷുകി’യും എഴുതിയ ആശാനെ അറിയാം. ആശാന്റെ ‘സ്തോത്ര കൃതികള്‍’, വിവര്‍ത്തന കൃതികള്‍, ‘ബാലരാമായണം’, ‘ശ്രീബുദ്ധചരിതം’, ‘സൗന്ദര്യലഹരി’ വിവര്‍ത്തനം, ‘സദാചാര ശതകം’, ‘മതപരിവര്‍ത്തന രസവാദം’. കഴിഞ്ഞ ദിവസം, ആശാന്റെ സമ്പൂര്‍ണ്ണ സമാഹാരത്തിലൊന്നും ചേര്‍ത്തുകണ്ടിട്ടില്ലാത്ത ‘മൈത്രേയി’ എന്നൊരു വിവര്‍ത്തനമെന്നു വിളിക്കാവുന്ന കൃതിയെക്കുറിച്ച് അറിഞ്ഞു. ‘വൈദിക കാലത്തെ ഹിന്ദുക്കളുടെ മതം, സമുദായ നടപടി ഇവയെ കാണിക്കുന്ന ഒരു കഥ’ എന്നാണ് അതിനെ ആശാന്‍ വിശേഷിപ്പിക്കുന്നത്. ബംഗാളി കഥാകാരനും തത്വജ്ഞാനിയുമായിരുന്ന പണ്ഡിറ്റ് സീതാനാഥ് തത്വഭൂഷണയുടെ ഇംഗ്ലീഷ് നോവലിനെ ആധാരമാക്കി ആശാന്‍ എഴുതിയതാണ് മൈത്രേയി. ഇങ്ങനെ പരന്നതാണ് ആശാന്റെ ചിന്തയും നിലപാടും ദര്‍ശനവും നിറഞ്ഞ എഴുത്തുലോകം.
ഒരുകാലത്ത് എഴുത്തിനേയും എഴുത്തുകാരെയും തെറ്റായ മാനദണ്ഡങ്ങള്‍കൊണ്ട് അളന്നുമുറിച്ച് രാഷ്‌ട്രീയപ്പെട്ടികളിലടയ്‌ക്കാനുള്ള ചില രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ പ്രവണത വലുതായിരുന്നു. അങ്ങനെ, ‘നെല്ലിന്‍ ചുവട്ടില്‍ മുളയ്‌ക്കും കാട്ടുപുല്ലല്ല സാധുപ്പുലയന്‍’ എന്ന ചണ്ഡാലഭിക്ഷുകിയിലെ വരികള്‍ പോലുള്ളവയിലൂടെയാണ് ചിലര്‍ക്ക് ആശാന്‍ ‘ശുക്രനക്ഷത്ര’മായത്. (ശുക്രന്‍ ഗ്രഹമാണ്, പക്ഷേ, ചിഹ്നത്തിനായി നക്ഷത്രമാക്കി) ഇന്നും രാഷ്‌ട്രീയപ്പെട്ടിയിലാണ് എഴുത്തുകാര്‍ പലരും ഒടുങ്ങുന്നത്; ഇപ്പോള്‍ എഴുത്തുകാര്‍ സ്വയം ഓരോരോ പെട്ടികളില്‍ കയറിക്കിടക്കുകയാണെന്നുമാത്രം.
പക്ഷേ, ആശാന്‍ ജനിച്ച്, 153 വര്‍ഷമായി. അന്തരിച്ചിട്ട് 102 വര്‍ഷവും. ഇക്കാലമായിട്ടും ആശാന്‍ കവിതയ്‌ക്ക് നിറമൊട്ടും കുറഞ്ഞിട്ടില്ല, ഒരു ‘പൂവും’ ഒരിതളും വാടിയിട്ടില്ല. പക്ഷേ, ഇന്നിപ്പോള്‍ ആശാനെ ‘ദുരവസ്ഥ’ തീണ്ടിയിരിക്കുന്നു. ‘കരുണ’യില്ലാത്തവരുടെ കൂട്ടം ഒന്നിച്ചുനിന്നുണ്ടാക്കിയതാണ് ഈ സ്ഥിതി. ‘പ്രരോദന’ങ്ങള്‍ മാത്രമാണ് കേള്‍ക്കുന്നത്. ‘സാമാന്യ ധര്‍മ’ങ്ങള്‍ ചിലര്‍ മറന്നുപോയിരിക്കുന്നു. ‘ചിന്താവിഷ്ട’രാകാനേ പലര്‍ക്കും പറ്റുന്നുള്ളു. ‘സദാചാര ശതക’ത്തിന് വിലയില്ലാതാകുന്നു. ‘ശരിയായ പരിഷ്‌കരണം’ ഉണ്ടായേ തീരൂ. ചിലര്‍ക്ക് ‘ലീല’യാണിതൊക്കെ. ‘മൃത്യുഞ്ജയം’ സംഭവിക്കേണ്ടതുണ്ട്. ഉദ്ധരിണിയിലുള്ളതെല്ലാം ആശാന്‍ കവിതകളുടെ പേരുകളാണ്. വാക്കുകള്‍ അറംപറ്റിക്കുമെന്ന് കേട്ടിട്ടുണ്ട്; ശരിക്കും ‘ദുരവസ്ഥ’തന്നെ.
ഇപ്പോഴത്തെ അവസ്ഥ പറയുമ്പോഴേ ഈ വിവരണത്തിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാകൂ.
ആശാന് സ്മാരകങ്ങള്‍ വേണ്ട, അത് അദ്ദേഹം സ്വയം സ്ഥാപിച്ചുകഴിഞ്ഞതാണ്. പക്ഷേ, നാട്ടുനടപ്പനുസരിച്ച് സ്മാരകങ്ങള്‍ ഉണ്ട്, നാട്ടിലും മറുനാടുകളിലും. ആശാന്‍ ഏറെനാള്‍ താമസിച്ച, ‘കരുണ’യുടെ അവസാന ഭാഗം, ഉപഗുപ്തന്റെ വരവ്, ആ ബുദ്ധഭിക്ഷുവിന്റെ കണ്ണില്‍നിന്ന് ‘ആമലകീ ഫലം’ (നെല്ലിക്ക) പോലെ നീര്‍ത്തുള്ളി പൊഴിഞ്ഞ ആ ഉജ്ജ്വല മുഹൂര്‍ത്തം രചിച്ച പര്‍ണ്ണശാല ഉള്ള തോന്നയ്‌ക്കല്‍ സ്മാരകം, ആശാന്‍ ജനിച്ച കായിക്കരയില്‍ കടപ്പുറത്തുള്ള സ്മാരകം തലസ്ഥാനത്ത് നിയമസഭാ മന്ദിരത്തിന് ചേര്‍ന്ന്, കേരള സര്‍വകലാശാലയ്‌ക്ക് മുന്നിലുള്ള ‘മാറ്റുവിന്‍ ചട്ടങ്ങളെ…’ എന്ന് ആഹ്വാനം ചെയ്യുന്ന പ്രതിമ… ഒക്കെയുണ്ട്. പക്ഷേ, ആശാന്‍ പിറന്നുവീണ മണ്ണായ, ‘തൊമ്മന്‍ വിളാകം പറമ്പില്‍’ ആണ് അദ്ദേഹത്തിന്റെ സ്മൃതികളെ തകര്‍ക്കുന്ന ചില പുതു ചരിത്രം സൃഷ്ടിക്കപ്പെടുന്നത്. ആശാന്‍ പിറന്നിടത്ത് ‘പുഷ്പവാടി’ക്കു പകരം ‘വനമാല’യ്‌ക്ക് പകരം, ‘മണിമാല’യ്‌ക്ക് പകരം ”മീന്‍ചന്ത” വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അതെങ്ങനെ എന്ന് കേരളമൊന്നാകെ ഉറക്കെ ചോദിക്കണ്ടേ?
മീന്‍ചന്തയുണ്ടാകാന്‍ പോകുന്ന സാഹചര്യമിങ്ങനെയാണ്. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലാണ് കായിക്കര. അവിടെയാണ് തൊമ്മന്‍വിളാകം. ഈ വസ്തുവിനോട് ചേര്‍ന്ന് മാമ്പള്ളി ലത്തീന്‍ കത്തോലിക്ക പള്ളിയുണ്ട്. ഈ പള്ളിക്ക് സ്ഥലം ബ്രിട്ടീഷ് ഭരണകാലത്ത് നേടിയെടുത്തതാണ്. ഇവിടം കടലിനോടും കായലിനോടും ചേര്‍ന്നായതിനാല്‍, ഗോവ, കര്‍ണാടക തുടങ്ങി അന്യനാട്ടില്‍നിന്നുപോലും വാഹനങ്ങളെത്തി ഇവിടുന്ന് മീന്‍ കയറ്റിപ്പോകാറുണ്ട്. അഞ്ചുതെങ്ങില്‍ ഇതിന് വലിയ സംവിധാനമുണ്ട്. അവിടത്തെ ഒരു പള്ളിക്കമ്മിറ്റിക്കാണ് അതിന്റെ നടത്തിപ്പ്. ഒരു വള്ളത്തിന്, വണ്ടിക്ക് എന്ന കണക്കില്‍ മീന്‍ ഇടപാടിന് ഈ കമ്മിറ്റിക്ക് വരുമാനം ലഭിക്കുന്നു. പഞ്ചായത്തിന് ഇതില്‍ വിഹിതമൊന്നും കിട്ടില്ല. അഞ്ചുതെങ്ങു മാതൃകയില്‍ കായിക്കരയിലെ മാമ്പള്ളി പള്ളിക്കമ്മിറ്റി അവിടെ മീന്‍ചന്ത പണിയാന്‍ തുടങ്ങിയപ്പോഴാണ് ചില സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ വന്നത്. മീന്‍ചന്തയ്‌ക്ക് പള്ളിക്കമ്മിറ്റി തറ വാര്‍ത്തത് കുമാരനാശാന്റെ ജന്മഭൂമിയായ തൊമ്മന്‍ വിളാകത്ത് പറമ്പിലാണ്. അത് പള്ളിയുടെ വസ്തുവിനോട് ചേര്‍ന്നാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു നിര്‍മ്മാണത്തുടക്കം. പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. പ്രതിപക്ഷത്ത് കമ്മ്യൂണിസ്റ്റകളും. അതില്‍ ചിലരൊക്കെ പള്ളിക്കമ്മിറ്റിയിലുണ്ട്. പഞ്ചായത്തിന് നേട്ടമൊന്നുമില്ലെങ്കിലും പള്ളിക്കമ്മിറ്റിക്ക് ഒപ്പമാണ്.
പക്ഷേ, മീന്‍ചന്ത നിര്‍മ്മാണത്തിന് വിനിയോഗിച്ച സ്ഥലമുള്‍പ്പെടെ 19.5 സെന്റ് ഭൂമി ഇപ്പോഴും മൂലാധാര പ്രകാരം തൊമ്മന്‍ വിളാകത്ത് നാരായണന്റെയും കാളിയമ്മയുടെയും പേരിലാണ്. അവര്‍ ആര്‍ക്കും കൈമാറിയതായി രേഖയില്ല. അതായത് കുമാരനാശാന്റെ മാതാപിതാക്കളുടെ പേരില്‍. അതിനു ശേഷം ഒരു ക്രയവിക്രയവും നടത്തിയിട്ടില്ല. പള്ളിക്കമ്മിറ്റിയുടെ വാദം ആ ഭൂമി അവര്‍ വിലയ്‌ക്ക് വാങ്ങിയെന്നാണ്. അതിനു രേഖയുണ്ടെന്നും! ആശാന്റെ മക്കളുടെ മക്കളുണ്ട്. അവര്‍ കേരളത്തിനു പുറത്തും മറ്റുമാണെന്നാണ് അറിവ്. എന്തായാലും ചില സാംസ്‌കാരിക പ്രവര്‍ത്തകരുടെ നടപടികളെ തുടര്‍ന്ന് തുടര്‍നിര്‍മ്മാണം തടസപ്പെട്ടു. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും കൊടുത്തു.
ഇതിലെ രാഷ്‌ട്രീയം വോട്ടിനു വേണ്ടിയുള്ളതാണ്. അതാണ് തെരഞ്ഞെടുപ്പുവേളയില്‍ നിര്‍മ്മാണം നടത്തിയത്. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അവരവരുടെ മുന്നണികളും പള്ളിക്കമ്മിറ്റിക്കൊപ്പമാണ്. ചട്ടവിരുദ്ധമായ, ഈ കൈയേറ്റത്തെ എതിര്‍ക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ വര്‍ഗ്ഗീയ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.
കായിക്കര കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് എതിര്‍പ്പു പ്രവര്‍ത്തനങ്ങള്‍.
അവര്‍ സാംസ്‌കാരിക വകുപ്പുമന്ത്രി പി.സി. വിഷ്ണുനാഥിനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. ജന്മസ്ഥലം സംരക്ഷിച്ച്, സാംസ്‌കാരിക വകുപ്പ് അവിടെ സ്മാരകം സ്ഥാപിക്കണമെന്നാണ് ആവശ്യം. വക്കം അജിത് (ചെയര്‍മാന്‍), അശോകന്‍ കായിക്കര, ഷിബു കടയ്‌ക്കാവൂര്‍ (വര്‍ക്കിങ് ചെയര്‍മാന്‍മാര്‍) എന്നിങ്ങനെ പ്രദേശത്തെ പ്രമുഖരാണ് ഇത്തരം നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. തപസ്യ കലാ സാഹിത്യവേദി ഈ കടന്നുകയറ്റവും അനധികൃത നിര്‍മ്മാണവും ആശാന്‍ ജന്മഭൂമിയുടെ സംരക്ഷണവും ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ തോന്നയ്‌ക്കല്‍ ആശാന്‍ സ്മാരകത്തില്‍നിന്ന് കായിക്കര ആശാന്‍ സ്മാരകത്തിലേക്ക് സാംസ്‌കാരിക യാത്ര നടത്തി. സാംസ്‌കാരിക നായകര്‍ പങ്കെടുത്ത യാത്ര ആശാന്‍ ജന്മഭൂമി സംരക്ഷണത്തിന് കൂട്ട പ്രതിജ്ഞയും എടുത്തു.
പക്ഷേ, അത് മതിയാകില്ല. എന്തുകൊണ്ട് ആശാന്റെ ജന്മഭൂമിയില്‍ മീന്‍ചന്ത എന്ന അവസ്ഥ ഉണ്ടായി എന്നതാണ് ചോദ്യം. ‘ദുരവസ്ഥ’ എന്ന കൃതിയില്‍ കേരളത്തിന്റെ എന്നല്ല, ഭാരതത്തിന്റെ സാമൂഹ്യശരീരത്തിന് 1921 ല്‍ മാപ്പിളക്കലാപത്തെക്കുറിച്ച് എഴുതിയതിനാലോ? മതപരിവര്‍ത്തന വാദങ്ങളെ എതിര്‍ത്തതിനാലോ? ചണ്ഡാലനേയും നമ്പൂതിരിയേയും ഒന്നിപ്പിക്കുന്ന സാമൂഹ്യ ശാസ്ത്രം പറഞ്ഞതിനാലോ? ‘മൈത്രേയിയും’ മറ്റുമെഴുതി ചാതുര്‍വര്‍ണ്ണ്യവും സ്ത്രീ അടിമത്തവും കെട്ടുകഥയാണെന്ന് സ്ഥാപിച്ചതിനാലോ? എസ്എന്‍ഡിപി പോലുള്ള സാമുദായിക സംഘടന നയിച്ചതിനാലോ? ശ്രീനാരായണ ഗുരുദര്‍ശനത്തിന്റെ തുടര്‍ച്ചക്കാരനായതിനാലോ? രാമായണവും ബുദ്ധചരിതവും സൗന്ദര്യ ലഹരിയും വിവര്‍ത്തനം ചെയ്തതിനാലോ? എന്തുതന്നെയായാലും ഇത് നൂറുവര്‍ഷം കഴിഞ്ഞ കാലത്തെ ‘പുതിയ ദുരവസ്ഥ’യാണ്.
പുതിയ സര്‍ക്കാര്‍, പുതിയ മുഖ്യമന്ത്രി, പുതിയ സാംസ്‌കാരിക വകുപ്പുമന്ത്രി. പുസ്തക ‘വായന’യുടെ ആശാന്മാരാണ് മുഖ്യമന്ത്രി വി.ഡി. സതീശനും വകുപ്പുമന്ത്രി പി.സി. വിഷ്ണുനാഥും എന്നാണ് പറച്ചില്‍. അവര്‍ക്ക് വോട്ടുബാങ്കിന്റെ കടമ്പകള്‍ കവച്ചുവെക്കാന്‍ കരുത്തുണ്ടോ എന്നാണ് അറിയേണ്ടത്. ഒപ്പമുണ്ടെന്ന് ആശാന്റെ ശിഷ്യന്മാര്‍ വേണം തെളിയിച്ചുകൊടുക്കാന്‍.
അവസാനകാല കൃതിയായ ‘കരുണ’യില്‍ അവസാന വരികളില്‍ ആശാന്‍ ഇങ്ങനെ എഴുതി:
‘… വരിക ഭവാന്‍ നിര്‍വ്വാണ/നിമഗ്‌നനാകാതെ വീണ്ടും ലോകസേവയ്‌ക്കായ്,/
പതിത കാരുണികനാം ഭവാദൃശ സുതന്മാരെ/
ക്ഷിതിദേവിക്കിന്നുവേണം അധികംപേരെ.”
പിന്‍കുറിപ്പ്:
ജന്മദേശമായ കായിക്കരയില്‍ സ്മാരകമുണ്ട് ആശാന്. പഴയ ‘താമരക്കുളം’ നികത്തിയ സ്ഥലം സര്‍ക്കാരിന് ഇന്നും പാട്ടം കൊടുത്താണുപയോഗിക്കുന്നത്. ആശാന്‍ പ്രേമികളുടെ സഹായത്താല്‍ ഇന്ന് വലിയ സ്മാരകമായി; കടലോരം ഇനിയും മെച്ചപ്പെടുത്താം. ആ ”കായിക്കരയില്‍ കടല്‍പ്പുറത്തിന്നലെ/കാറ്റുകൊണ്ടങ്ങനെ നിന്നപ്പോള്‍/ഓരോ തിരവന്നുപോകുന്നു,/ ഓര്‍മ്മയില്‍ ആശാന്‍ വിതുമ്പുന്നോ?” എന്നു തോന്നിപ്പോയി.
















