കൊല്‍ക്കൊത്ത: മരുമകന്‍ അഭിഷേക് ബാനർജിയുടെ ചെയ്തികള്‍ക്കാണ് മമത വലിയ വിലകൊടുക്കുന്നത്. അധ്യാപകരെ നിയമിക്കുന്നതിലെ അഴിമതി, പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്ന തൃണമൂല്‍ ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാട്, കല്‍ക്കരി കുംഭകോണം, രാഷ്‌ട്രീയ അഴിമതിയിലൂടെ വാരിക്കൂട്ടിയ സ്വത്ത് ധൂര്‍ത്തടിക്കല്‍, സര്‍ക്കാര്‍ ഭൂമി അനധികൃതമായി ഗുണ്ടകളെ ഉപയോഗിച്ച് വെട്ടിപ്പിടിക്കല്‍, ഗുണ്ടകളുടെ പണപ്പിരിവ് നിര്‍ബാധം തുടരാന്‍ അനുവദിക്കല്‍ തുടങ്ങി അഭിഷേക് ബാനര്‍ജി കാട്ടിക്കൂട്ടിയ കൊള്ളരുതായ്‌മകള്‍ നിരവധിയാണ്. എന്നാല്‍ മമത അന്ധമായ സ്നേഹം കാരണം മരുമകന്റെ ചെയ്തികളോട് കണ്ണടയ്‌ക്കുകയായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മണ്ണുകപ്പിയതോടെ തൃണമൂല്‍ പ്രവര്‍ത്തകരും എംഎല്‍എമാരും എംപിമാരും അഭിഷേക് ബാനര്‍ജിയോടുള്ള അവരുടെ രോഷം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.
മമതയെ ഞെട്ടിപ്പിക്കുകയാണ് ഈ നീക്കങ്ങള്‍. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട 60 തൃണമൂല്‍ എംപിമാരുടെ കൂട്ടായ്‌മ പറഞ്ഞത് ഞങ്ങള്‍ മമതയെ നേതാവായി അംഗീകരിക്കാം, പക്ഷെ അഭിഷേക് ബാനര്‍ജിയെ അടുപ്പിക്കില്ല എന്നാണ്. ഇപ്പോഴിതാ തണമൂലിന്റെ ആകെയുള്ള 29 എംപിമാരില്‍ 23 പേരും അഭിഷേക് ബാനര്‍ജിയ്‌ക്കെതിരെ തിരിഞ്ഞ് ഋതബ്രത ബാനര്‍ജിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. ഇതോടെ നിയമസഭയില്‍ മാത്രമല്ല പാര്‍ലമെന്‍റിന്റെ ഇരുസഭകളില്‍ കൂടി തൃണമൂല്‍ പിളരുമോ എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നു.
അഭിഷേക് ബാനര്‍ജിയ്‌ക്കെതിരെ മുട്ടയെറിഞ്ഞതും കല്ലെറിഞ്ഞതും ബിജെപിക്കാരല്ല, തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെയാണ്. പാര്‍ട്ടിയെ ഇത്രയും നാണം കെട്ട അവസ്ഥയില്‍ എത്തിച്ചത് അഭിഷേക് ബാനര്‍ജിയാണെന്ന രോഷമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. എംഎല്‍എമാരും എംപിമാരും ഇത്രകാലം കടിച്ചമര്‍ത്തിവെച്ച രോഷമാണ് ഈ നാണം കെട്ട തോല്‍വിക്ക് പിന്നാലെ പ്രകടമാക്കുന്നത്.
തായ് ലാന്‍റുകാരിയ ഭാര്യ രുചിര ബാനര്‍ജി ആഡംബരവും ധൂര്‍ത്തും ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. ഭാര്യയെ സന്തോഷിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന പ്രകൃതക്കാരനാണ് അഭിഷേക് ബാനര്‍ജി. മമത 15 വര്‍ഷം മുഖ്യമന്ത്രിയായിരുന്നിട്ടും ജീവിക്കുന്നത് ഒരു ചെറിയ വീട്ടിലാണ്. മമതയുടെ സ്വന്തം മണ്ഡലമായ ഭവാനിപൂരിലെ ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലാണ് മമതയുടെ ലളിതമായ വസതി. പക്ഷെ അഭിഷേക് ബാനര്‍ജി പണിതുയര്‍ത്തിയിരിക്കുന്നത് കൊല്‍ക്കത്തയിലെ കാളിഘട്ട് ഏരിയയിലെ ഹരീഷ് മുഖര്‍ജി റോഡിലെ നാല് നില കെട്ടിടമാണ്. ശരിയ്‌ക്കും ഒരു ആഡംബര വസതി. 75 കോടി രൂപ ചെലവഴിച്ചാണ് ഈ വസതി കെട്ടിപ്പൊക്കിയത്. മമതയുമൊത്ത് ചോര നീരാക്കി തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ഒട്ടേറെ സീനിയര്‍ നേതാക്കളുണ്ട്. എന്നാല്‍ അവരെയെല്ലാം തഴഞ്ഞ് മരുമകനായ അഭിഷേക് ബാനര്‍ജിയാണ് തന്റെ പിന്‍ഗാമി എന്ന് മമത പ്രഖ്യാപിച്ചതോടെ തൃണമൂല്‍ ഒരുൂ കുടുംബരാഷ്‌ട്രീയപാര്‍ട്ടിയായി മാറിക്കഴിഞ്ഞിരുന്നു. ഇതോടെ പലരും പല്ലുകടിച്ചെങ്കിലും അമര്‍ഷം ഉള്ളിലൊതുക്കി. ആ അമര്‍ഷമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
തെരക്കെതിരായ വർദ്ധിച്ചുവരുന്ന അതൃപ്തിയും പാർട്ടിയുടെ എംപിമാര്‍ക്കിടയില്‍ പിളർപ്പുണ്ടാകുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കെ, കുറഞ്ഞത് 23 തൃണമൂൽ എംപിമാർ വിമത ക്യാമ്പുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തൃണമൂൽ കോൺഗ്രസിനുള്ളിലെ രാഷ്‌ട്രീയ പ്രതിസന്ധി ഇതോടെ ബംഗാളിന് പുറത്തേക്കും പാർലമെന്‍റിലേക്കും വ്യാപിക്കുകയാണ്. 23 എംപിമാര്‍ കൂടി ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പുമായി ചേര്‍ന്നാല്‍ മമതയ്‌ക്ക് സ്വന്തമായി ഒരു പാര്‍ട്ടി തന്നെ ഇല്ലാതാകും. എന്തായാലും മരുമകനെ കൈവിടില്ലെന്ന തീരുമാനത്തിലാണ് മമത.എന്നതിനാല്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയും മമതയും ഏതാനും അനുയായികളും മാത്രമുള്ള ഒരു ദുര്‍ബല ഗ്രൂപ്പായി മമതയുടെ സൈന്യം മാറും.
23 എംപിമാർ വരെ വിമത എംഎൽഎമാരുടെ ഒരു ഗ്രൂപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പാർട്ടിയുടെ പാർലമെന്‍ററി വിഭാഗത്തിൽ പിളർപ്പ് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഇന്ത്യാ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 60 എംഎൽഎമാർ അടങ്ങിയ വിമത ഗ്രൂപ്പ് പ്രതിപക്ഷനേതാവ് എന്ന സ്ഥാനത്തിന് അവകാശമുന്നയിക്കുകയും ബംഗാള്‍ സ്പീക്കര്‍ അത് അനുവദിക്കുകയും ചെയ്തത് മമതയ്‌ക്ക് മുഖത്തേറ്റ അടിയായിരുന്നു. മമതയെ അംഗീകരിക്കുമെങ്കിലും അഭിഷേക് ബാനര്‍ജിയെ തള്ളിക്കളയുന്നു എന്നാണ് ഇവര്‍ പറഞ്ഞത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭവാനിപൂരില്‍ മത്സരിച്ച മമത സുവേന്ദു അധികാരിയോട് തോറ്റതോടെ എംഎല്‍എ പോലുമല്ലാത്തതിനാല്‍ മമതയ്‌ക്ക് നിയമസഭയില്‍ സാന്നിധ്യമുറപ്പിക്കാനും കഴിയുന്നില്ല.
ഉയർന്നുവരുന്ന വിമത എംപിമാരുടെ വിഭാഗത്തിന് നേതൃത്വം നൽകുന്നത് ഒരു മുതിർന്ന എംപിയാണെന്നാണ് റിപ്പോർട്ട്. ലോക്‌സഭയിൽ ടിഎംസിക്ക് നിലവിൽ 29 എംപിമാരുണ്ട്, അതേസമയം കൂറുമാറ്റ നിരോധന നിയമപ്രകാരം സഭയിൽ ഒരു പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കുന്നതിന് കുറഞ്ഞത് 22 എംപിമാരെങ്കിലും ആവശ്യമാണ്. രാജ്യസഭയിൽ, പാർട്ടിക്ക് 13 അംഗങ്ങളാണുള്ളത്, അവിടെ അംഗീകാരത്തിനുള്ള പരിധി ഒമ്പത് എംപിമാരാണ്.
“കഴിഞ്ഞ ഏഴ് ദിവസമായി ഞാൻ ഒരു പാർലമെന്‍റ് അംഗവുമായും സംസാരിച്ചിട്ടില്ല, അതിനാൽ പാർലമെന്റ് അംഗങ്ങൾ എന്തുചെയ്യുമെന്ന് എനിക്ക് പറയാൻ കഴിയില്ല. പക്ഷേ ഞാൻ വർത്തമാനകാലത്താണ് ജീവിക്കുന്നത്. നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല. ക്ഷമയോടെയിരിക്കുക. എന്തും സംഭവിക്കാം,” – ഇതാണ് വിമതനേതാവ് ഋതബ്രത ബാനര്‍ജിയുടെ നിലപാട്.
സമീപ വർഷങ്ങളിൽ ടിഎംസി നേരിടുന്ന ഏറ്റവും ഗുരുതരമായ ആഭ്യന്തര വെല്ലുവിളികളിൽ ഒന്നാണ് ഈ സംഭവവികാസങ്ങൾ. നിയമസഭയിലെ അസ്വസ്ഥത പാർലമെന്റിലേക്കും വ്യാപിക്കുമെന്ന് മുതിർന്ന രാജ്യസഭാ എംപി സുഖേന്ദു ശേഖർ റോയ് പരസ്യമായി സൂചന നല്‍കിയിരുന്നു. സംസ്ഥാന നിയമസഭയിലെ കലാപത്തിന്റെ വ്യാപ്തി പരാമർശിച്ചുകൊണ്ട്, കലാപത്തിന്റെ വേഗതയും വ്യാപ്തിയും പാർട്ടിക്കുള്ളിലെ കൂടുതൽ വലിയ അസ്ഥിരതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് റോയ് പറഞ്ഞു. “ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ 60 എംഎൽഎമാർ പാർട്ടി വിട്ടുപോകുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ലോക്സഭയിലും സമാനമായ പ്രതികരണം ഉണ്ടാകാൻ സാധ്യതയുണ്ട്,” റോയ് പറഞ്ഞു.
അതേസമയം, പാർട്ടിയുടെ 28 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ പിളർപ്പിനെത്തുടർന്ന് കൂടുതൽ കൂറുമാറ്റങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങൾ മമത ബാനർജി ആരംഭിച്ചിട്ടുണ്ട്. പക്ഷെ അത് എത്രത്തോളം ഫലപ്രദമാവുമെന്ന് കണ്ടറിയണം. പണ്ട് സിപിഎമ്മിന്റെ ആധിപത്യം പൊട്ടിച്ചെറിഞ്ഞ 50 കാരിയായ മമതയല്ല ഇന്നുള്ളത്. 71 വയസ്സുള്ള മമതയ്‌ക്ക് ഇപ്പോള്‍ പഴയതുപോലെ ഓടി നടന്ന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമോ?
















