ന്യൂദല്‍ഹി: വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഫ്രാന്‍സ് സന്ദര്‍ശിച്ച് ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍പ്രീത് സിങ്. 3.25 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ട് ഔദ്യോഗിക അഭ്യര്‍ത്ഥനാ കത്ത് (ലെറ്റര്‍ ഓഫ് റിക്വസ്റ്റ്) അന്തിമമാക്കി ഫ്രാന്‍സിലേക്ക് അയച്ച സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം.
ഫ്രാന്‍സിലെ പ്രമുഖ എയ്‌റോസ്‌പേസ് കമ്പനിയും റഫാല്‍ വിമാനങ്ങളുടെ നിര്‍മാതാക്കളുമായ ദസോള്‍ട്ട് ഏവിയേഷനുമായും മിസൈല്‍ നിര്‍മാണ കമ്പനിയായ എംബിഡിഎയുമായും വ്യോമസേനാ മേധാവി വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.
ഭാരത വ്യോമസേനയ്‌ക്കായി റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഭാരതം നല്‍കിയ അഭ്യര്‍ത്ഥനാ കത്തിന് ഫ്രാന്‍സില്‍ നിന്ന് മറുപടി ലഭിക്കുന്നതോടെ, ഈ ഇടപാടിനായുള്ള ഔദ്യോഗിക കരാര്‍ നിര്‍ദേശം ഭാരതം പുറപ്പെടുവിക്കുമെന്നാണ് വിവരം.
പ്രതിരോധ മന്ത്രാലയത്തിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം, സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) ആയിരിക്കും ഇതിന് അന്തിമ അനുമതി നല്‍കുക.
















