ന്യൂദല്‍ഹി: ചൈനയില്‍ നിന്നും അഞ്ചാം തലമുറയുദ്ധവിമാനവും ദീര്‍ഘദൂര മിസൈലുകളും കൊണ്ടുവന്ന് ഓപ്പറേഷന്‍ സിന്ദൂറിലെ തിരിച്ചടിയ്‌ക്ക് പകരം വീട്ടാന്‍ പാകിസ്ഥാന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. യുദ്ധക്കൊതിയനായ അസിം മുനീര്‍ എന്ന ഫീല്‍ഡ് മാര്‍ഷല്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ മുറിവിന് പകരം വീട്ടാന്‍ ആയുധപ്പുര നിറയ്‌ക്കുകയാണ്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നേടിയ മേല്‍ക്കൈ തകര്‍ക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെയും തുര്‍ക്കിയുടെയും കൈ പിടിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. പാകിസ്ഥാന്‍ അതിന്റെ വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും ആധുനിക സ്റ്റെല്‍ത്ത് വിമാനമായ ജെ-35 വാങ്ങുന്നതായി പാക് വ്യോമസേനാമേധാവി സഹീര്‍ അഹമ്മദ് ബാബര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ പാകിസ്ഥാന്‍ അവരുടെ യുദ്ധവിമാനങ്ങളെ 4.5 തലമുറയില്‍ നിന്നും അഞ്ചാം തലമുറയിലേക്ക് ഉയര്‍ത്തുകയാണ്. ജെ-35എ എന്നത് അഞ്ചാം തലമുറയില്‍പ്പെട്ട സ്റ്റെല്‍ത്ത് വിമാനമാണ്. റഡാറുകള്‍ക്ക് പിടികൊടുക്കാത്ത ആധുനിക യുദ്ധാഭ്യാസങ്ങള്‍ നടത്താന്‍ കഴിയുന്ന വിമാനമാണ്.
ഇതോടെ പ്രതിരോധ വിശകലനവിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ജെ-35 എന്ന അഞ്ചാം തലമുറ സ്റ്റെല്‍ത് വിമാനം പാകിസഥാന്റെ കൈകളില്‍ എത്തിയാല്‍ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ദുര്‍ബലമാകുമോ എന്ന ചോദ്യം ഉയരുകയാണ്. അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനമായ ജെ-35ന് പുറമെ ചൈനയില്‍ നിന്നുള്ള 500 കിലോമീറ്റര്‍ വരെ അകലേയ്‌ക്ക് പായിക്കാന്‍ കഴിയുന്ന പിഎല്‍17 എന്ന ദീര്‍ഘദൂര മിസൈലുകളും പാകിസ്ഥാന്‍ വാങ്ങുകയാണ്. ചൈനയുടെ പുതിയ പിഎല്‍17 ദീര്‍ഘദൂരമിസൈലുകളും അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനമായ ജെ-35ഉം ചേര്‍ന്നാല്‍ അതിനെ ചെറുക്കാന്‍ ഇന്ത്യയ്‌ക്കാവുമോ? ഇവയുടെ ആക്രമണത്തെ മറികടക്കാനുള്ള വ്യോമപ്രതിരോധ ശേഷി ഇന്ത്യയ്‌ക്കുണ്ടോ?
പാകിസ്ഥാന് യുദ്ധവിമാനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ പിന്നിലാണെങ്കിലും ഗുണനിലവാരത്തില്‍ ഇന്ത്യയെ പിന്നിലാക്കാന്‍ പാകിസ്ഥാന്‍ വ്യോമസേന എപ്പോഴും ശ്രമിക്കാറുണ്ട്. പാകിസ്ഥാന്റെ കയ്യില്‍ എഫ് 16 വിമാനം ഉണ്ടായിരുന്നപ്പോള്‍ പൊടുന്നനെ ഇന്ത്യയ്‌ക്ക് റഫാല്‍ വിമാനങ്ങള്‍ കിട്ടിയപ്പോള്‍ പാകിസ്ഥാനെ അത് സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അതാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ കണ്ടത്. പാകിസ്ഥാന് മേല്‍ റഫാല്‍ തീര്‍ത്ത മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ഇപ്പോള്‍ ഇന്ത്യയുടെ റഫാലിന് മറുപടിയായാണ് പാകിസ്ഥാന്‍ അഞ്ചാം തലമുറ ജെ-35 വാങ്ങുന്നത്. 40 ജെ-35 വിമാനങ്ങളാണ് പാകിസ്ഥാന്‍ ചൈനയില്‍ നിന്നും വാങ്ങുന്നത്. ഇതിനു പുറമെ തുര്‍ക്കിയുടെ കാന്‍ അഞ്ചാം തലമുറ വിമാനത്തിലും പാകിസ്ഥാന്‍ പങ്കാളിയായതിനാല്‍ അതും പാകിസ്ഥാന്റെ കൈകളില്‍ എത്തും.
ജെ35 ഒരു ഇരട്ട എഞ്ചിന്‍ സ്റ്റെല്‍ത് വിമാനമാണ്. ഇതിന്റെ ശേഷി കൃത്യമായി ലോകത്തിന് അറിയില്ല. എല്ലാം രഹസ്യമാക്കി വെച്ചിരിക്കുകയാണ് ചൈന. ഈ വിമാനം ഇന്ത്യയുടെ റഡാറുകളുടെ കണ്ണുവെട്ടിച്ച് കയറിവന്ന്, അതില്‍ നിന്നും പിഎല്‍17 എന്ന ദീര്‍ഘദൂര മിസൈല്‍ പായിച്ച് ഇന്ത്യയുടെ അവാക്സ് വിമാനങ്ങളെ തകര്‍ത്താല്‍ അത് ഇന്ത്യയ്‌ക്ക് വലിയ തിരിച്ചടിയാകും. അവാക്സ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ വ്യോമനിരീക്ഷണം നടത്തി ശത്രുനീക്കങ്ങള്‍ അപ്പപ്പോള്‍ അറിയുന്നത്. അവാക്സില്ലാത്ത വ്യോമസേന ഒരു കുരുടനെപ്പോലെയാകും എന്നാണ് വ്യോമസനയില്‍ പറയപ്പെടുന്നത്. അങ്ങിനെ ഇന്ത്യയെ അന്ധമാക്കിയാല്‍ പിന്നെ അവര്‍ക്ക് മറ്റ് ആക്രമണങ്ങള്‍ എളുപ്പമാകും.
പാകിസ്ഥാന്റെ ദൗര്‍ബല്യം
ഇതില്‍ പാകിസ്ഥാനുള്ള ഒരു പ്രശ്നം പിഎല്‍17 എന്ന മിസൈലിന്റെ നീളക്കുടുതലാണ്. ജെ35നുള്ളിലെ ആന്തരിക അറയില്‍ നീളം കുറഞ്ഞ മിസൈലുകള്‍ മാത്രമേ ഘടിപ്പിക്കാന്‍ സാധിക്കൂ. അങ്ങിനെ വന്നാല്‍ പാകിസ്ഥാന് പിഎല്‍ 17 യുദ്ധവിമാനത്തിന്റെ ചിറകിന് താഴെ പിടിപ്പിക്കേണ്ടിവരും. അങ്ങിനെ വന്നാല്‍ ജെ 35ന്റെ റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള സ്റ്റെല്‍ത് സ്വഭാവം നഷ്ടപ്പെടും. പകരം പാകിസ്ഥാന്‍ പിഎല്‍15ഇ എന്ന നീളം കുറഞ്ഞ മിസൈല്‍ ആയിരിക്കും ജെ35ന്റെ ആന്തരിക അറയില്‍ ഘടിപ്പിക്കുക. ഇന്ത്യ ഇതിനോടകം പിഎല്‍15 എന്ന മിസൈലിനെ പൂര്‍ണ്ണമായും അഴിച്ചുപഠിച്ചുകഴിഞ്ഞു. ഓപ്പറേഷന്‍ സീന്ദൂറില്‍ വീണുകിട്ടിയ പിഎല്‍15 മിസൈല്‍ ആണ് ഇന്ത്യ അഴിച്ചുപഠിച്ചത്. ഇതോടെ ഈ മിസൈലിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ ഇന്ത്യ മെനഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ മറ്റു നീക്കങ്ങള്‍ എന്തൊക്കെ?
പിഎല്‍ 17 എന്ന ദീര്‍ഘദൂരമിസൈല്‍ ചിറകിനടിയില്‍ ഘടിപ്പിച്ചാണ് പാകിസ്ഥാന്റെ ജെ35 ഇന്ത്യയെ ആക്രമിക്കാന്‍ വരുന്നതെങ്കില്‍ അത് കണ്ടുപിടിക്കാന്‍ ഇന്ത്യയുടെ റഡാറുകള്‍ക്കും എസ് 400 അഥവാ സുദര്‍ശനചക്ര എന്ന വ്യോമപ്രതിരോധസംവിധാനത്തിനും സാധിക്കും. ഇന്ത്യയുടെ പ്രധാന വ്യോമപ്രതിരോധ സംവിധാനമായ എസ് 400 എന്ന സുദര്‍ശനചക്രയിലെ റഡാര്‍ ശക്തമാണ്. ഇത് ജെ35നെ കണ്ടുപിടിച്ച് 400 കിലോമീറ്റര്‍ അകലെ വെച്ച് തന്നെ നശിപ്പിക്കും.
മറ്റൊന്ന് റഫാല്‍ യുദ്ധവിമാനത്തിലെ സ്പെക്ട്ര ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് ലോകോത്തരമാണ്. ഇന്ത്യയ്‌ക്ക് നേരെ പറക്കുന്ന ജെ-35 വിമാനങ്ങളുടെ റഡാറുകളെ ജാം ചെയ്യാനും റഫാല്‍ വിമാനത്തിന്റെ റഡാര്‍ സാന്നിധ്യം കുറയ്‌ക്കാനും ഈ സ്പെക്ട്ര ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനത്തിന് സാധിക്കും. മറ്റൊന്ന് യൂറോപ്പില്‍ നിന്നും ഇന്ത്യ വാങ്ങിയിരിക്കുന്ന മീറ്റിയോര്‍ മിസൈലാണ്. ഇത് ചൈനയുടെ പിഎല്‍15നേക്കാള്‍ ശക്തമായ ദീര്‍ഘദൂരമിസൈലാണ്. ഇതിന് അതിവേഗം കുതിയ്‌ക്കുന്ന ജെ35 സ്റ്റെല്‍ത് വിമാനങ്ങളെ അടിച്ചിടാന്‍ കഴിയും. റഫാലില്‍ മീറ്റിയോര്‍ മിസൈലുകളാണ് ഇന്ത്യ പ്രധാനമായും പിടിപ്പിച്ചിരിക്കുന്നത്. അപ്പോള്‍ റഫാലിലെ സ്പെക്ട്ര ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനവും മീറ്റിയോര്‍ മിസൈലും ചേര്‍ന്നാല്‍ ജെ35നെ വെല്ലുവിളിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും.
ഇതിന് പുറമെ ഇന്ത്യ കൂടുതല്‍ ദുരശേഷിയുള്ള അസ്ത്ര മാര്‍ക് 1 എന്ന ബിവിആര്‍ മിസൈലും വികസിപ്പിച്ചിട്ടുണ്ട്. 110 കിലോമീറ്ററിനധികം പരിധിയുള്ള മിസൈലാണിത്. ഇതിന് പുറം 160 കിലോമീറ്ററിലധികം ശേഷിയുള്ള അസ്ത്ര മാര്‍ക് 2ഉം ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. സുഖോയ് വിമാനത്തില്‍ അസ്ത്ര മിസൈല്‍ ഘടിപ്പിച്ചാല്‍ ഇന്ത്യയ്‌ക്ക് ജെ35നെ വരെ നേരിടാന്‍ സാധിക്കും.
ജെ35 പാകിസ്ഥാന്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യ ആകാശത്തിലെ കണ്ണുകളായ അവാക്സ് നിരീക്ഷണ വിമാനങ്ങളെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടിവരും. ഇവയെ കൂടുതല്‍ സുരക്ഷിതമായ മേഖലയിലേക്ക് മാറ്റേണ്ടിവരും. അവാക്സിന് കൂട്ടായി ഒപ്പം റഫാലും അതല്ലെങ്കില്‍ സുഖോയ് വിമാനവും സഞ്ചരിക്കേണ്ടതായി വരും. പാകിസ്ഥാന്റെ അഞ്ചാം തലമുറ സ്റ്റെല്‍ത് വിമാനങ്ങളെ നേരിടാന്‍ സുഖോയ് വിമാനത്തിന് പിന്തുണയായി ആളില്ലാ ആകാശവിമാനങ്ങളായ ലോയിറ്റര്‍ മ്യൂനീഷന്‍. കൂടി ഇന്ത്യ ഉപയോഗിക്കും.
പുതിയ ഇന്ത്യയുടെ നീക്കങ്ങള്‍
എന്തായാലും ഇന്ത്യയ്‌ക്ക് ഇപ്പോള്‍ അഞ്ചാം തലമുറ യുദ്ധവിമാനമില്ല എന്നത് വലിയ പോരായ്‌മയാണ്. റഫാല്‍ 4.5 തലമുറ സ്റ്റെല്‍ത് വിമാനമാണ്. ഇന്ത്യ സ്വന്തമായി അഞ്ചാം തലമുറ വിമാനം നിര്‍മ്മിക്കാന്‍ ശ്രമിച്ചുവരികയാണ്. ഇന്ത്യയുടെ ഈ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ ക്രാഫ്റ്റ് (അംക) വന്നാല്‍ അത് ലോകോത്തരമായിരിക്കും എന്നതില്‍ സംശയമില്ല. പക്ഷെ അതിന് സമയമെടുക്കും. അതിനിടെ ഒരു അഞ്ചാംതലമുറ സ്റ്റെല്‍ത് വിമാനം സ്വന്തമാക്കാന്‍ വേണ്ടിയാണ് റഷ്യയുടെ സുഖോയ് 57 അഥവാ എസ് യു 57 വാങ്ങാന്‍ ഇന്ത്യ പുനരാലോചന നടത്തുന്നത്. അതുപോലെ കൂടുതല്‍ ശക്തമായ ദീര്‍ഘദൂരമിസൈലായ
ആര്‍ 37 റഷ്യയില്‍ നിന്നും വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ഇന്ത്യ. .
ഇപ്പോള്‍ വ്യോമപ്രതിരോധത്തിന് പ്രധാനമായും ഇന്ത്യയുടെ കയ്യിലുള്ളത് അഞ്ച് എസ് 400 സ്ക്വാഡ്രണ്‍ ആണ്. പുതിയ അഞ്ചാം തലമുറ സ്റ്റെല്‍ത് വിമാനങ്ങള്‍ പാകിസ്ഥാന്‍ ഉപയോഗിച്ചാല്‍ ഇത് പ്രതിരോധത്തിന് തികയാതെ വരും. കാരണം പാകിസ്ഥാന്‍ വ്യോമയുദ്ധത്തിന്റെ വ്യാകരണം മാറ്റാന്‍ ശ്രമിക്കുകയാണ്. അഞ്ചാം തലമുറ സ്റ്റെല്‍ത് വിമാനങ്ങള്‍ നിറച്ച് അവരുടെ വ്യോമസേന ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ജെ35 മാത്രമല്ല, ചൈനയുടെ അഞ്ചാം തലമുറ വിമാനമായ ജെ20, തുര്‍ക്കിയില്‍ നിന്നുള്ള അഞ്ചാം തലമുറ സ്റ്റെല്‍ത് വിമാനമായ കാന്‍ എന്നിവയും പാകിസ്ഥാന് ലഭിയ്‌ക്കും. ഇതിനെയെല്ലാം തരണം ചെയ്യാന്‍ ഇന്ത്യയ്‌ക്ക് മറ്റൊരു അഞ്ച് എസ് 400 കൂടി വേണ്ടിവാങ്ങും. റഷ്യയില്‍ നിന്നും ഇത് വാങ്ങാന്‍ ഇന്ത്യ ആലോചിച്ച് വരികയാണ്. എന്തായാലും അഞ്ചാം തലമുറ സ്റ്റെല്‍ത് വിമാനങ്ങള്‍ വന്നാല്‍ അത്യാധുനിക നെറ്റ്വര്‍ക്ക് സെന്‍ട്രിക് വാര്‍ഫെയറില്‍ പാകിസ്ഥാന് വലിയ മുന്നേറ്റം നല്‍കുമെന്നതില്‍ സംശയമില്ല.
















