കോഴിക്കോട്: കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം. രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെയാണ് നിരോധനം. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ എം എസ് മാധവിക്കുട്ടി ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
കാലവര്‍ഷം കണക്കിലെടുത്ത് താമരശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചര്‍ച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സി കെ കാസിം എംഎല്‍എ, കോഴിക്കോട്- വയനാട് ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഈ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.
കാലവര്‍ഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരും. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങള്‍ ഉള്‍പ്പെടെയുള്ള ബദല്‍ റോഡുകള്‍ ഉപയോഗപ്പെടുത്തണം.
ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഇത് കര്‍ശനമായി നടപ്പാക്കാന്‍ കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
















