കൊല്‍ക്കത്ത: ഒരുകാലത്ത് പ്രതിമാസം 2,500 രൂപ ശമ്പളത്തില്‍ വീട്ടുജോലിക്കാരി, ഇപ്പോള്‍ സംസ്ഥാനത്തെ മന്ത്രിമാരിലൊരാള്‍. പശ്ചിമ ബംഗാളിലെ ഓസ്ഗ്രാം സീറ്റില്‍ നിന്ന് വിജയിച്ച ബിജെപി എംഎല്‍എ കലിത മാജിയാണ് ഈ വനിത. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ മന്ത്രിസഭയില്‍ ഇന്നലെ ഉള്‍പ്പെട്ട 35 മന്ത്രിമാരില്‍ ഒരാളാണ് കലിത.
‘മോദിജി എന്നെ ഈ പദവിയില്‍ എത്തിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ ഒരു എംഎല്‍എ ആകുമെന്ന് പോലും സങ്കല്‍പ്പിച്ചിട്ടില്ല, പിന്നല്ലേ മന്ത്രി! അവര്‍ പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കലിത മാജിക്ക് ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു, കുടുംബം പോറ്റാന്‍ ഒന്നിലധികം വീടുകളില്‍ ജോലിക്കാരിയായി. ബൂത്ത് ലവലില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കലിത മാജി 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് പരാജയപ്പെട്ടെങ്കിലും ഇക്കുറി വിജയിച്ചു, മന്ത്രിസഭയില്‍ ഇടം ലഭിക്കുകയും ചെയ്തു. ഭര്‍ത്താവ് പ്ലംബറാണ്. ഏകമകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും.
















