
കോട്ടയം: ചൂടുള്ള ഭക്ഷണം പെട്ടെന്നു തണുപ്പിക്കാന്‍ ഫ്രിഡ്ജില്‍ തള്ളിക്കയറ്റുന്നവരാണോ നിങ്ങള്‍? എങ്കില്‍ ആ എളുപ്പപ്പണി അത്ര നല്ലതല്ല. ചൂട് ഭക്ഷണം നേരെ ഫ്രിഡ്ജില്‍ വച്ചാല്‍ ഫ്രിഡ്ജിലെ താപനില കൂടും. അതോടെ അതിലിരിക്കുന്ന മറ്റു ഭക്ഷണങ്ങളും കേടാകാം. ഫ്രിഡ്ജില്‍ ഭക്ഷണം കുത്തിനിറച്ചാലും താപനിലയില്‍ വ്യത്യാസം വരും. ഫ്രിഡ്ജിലെ സുരക്ഷിത താപനില പരമാവധി നാല് ഡിഗ്രി സെല്‍ഷ്യസാണ്. ഇതില്‍ മാറ്റം വരുന്നത് നന്നല്ല. നാമറിയാതെ ഭക്ഷ്യവിഷബാധയ്‌ക്കു വഴിയൊരുക്കരുത്. വേവിച്ചതും വേവിക്കാത്തതും വേര്‍തിരിച്ചു വയ്‌ക്കണം. ജ്യൂസും പച്ചക്കറികളും മാംസവും മറ്റും നിശ്ചയിച്ച ട്രേകളില്‍ തന്നെ സൂക്ഷിക്കുകയും വേണം. ഭക്ഷണത്തിന് മണത്തിലോ രുചിയിലോ മാറ്റം തോന്നിയാല്‍ പിന്നെയത് ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം.