പടച്ചട്ടയണിയിച്ച് നിര്‍ത്തിയ സായുധശക്തിയിലോ സാമ്പത്തിക ശക്തിയിലോ കച്ചവടതന്ത്രത്തിലോ അല്ല ഒരു സമൂഹത്തിന്റെ യഥാര്‍ത്ഥ മുന്നേറ്റവും ആത്മവിശ്വാസവും. അത് നൂറ്റാണ്ടുകളിലൂടെ ആ സമൂഹം തപം ചെയ്തു നേടിയ സാംസ്‌കാരിക ഔന്നത്യത്തിലാണ്. ആ നിലയ്‌ക്ക് ലോകത്തിനു മുഴുവന്‍ വഴികാട്ടാന്‍ കഴിയുന്ന ഒന്നാണ് ഭാരത സംസ്‌കാരം. ഈ സംസ്‌കാരത്തെ ഉപാസിക്കുന്നത് ഒരു തപസ്സാണ്. മലയാളക്കരയിലും ഈ തപസ്സിന് നൂറ്റാണ്ടുകളുടെ ഈടുവയ്‌പുണ്ട്. ആധുനിക കാലത്ത് ഈ തപസ്സിന്റെ തുടര്‍ച്ച ഏറ്റെടുത്ത പ്രസ്ഥാനമാണ് തപസ്യ കലാ സാഹിത്യ വേദി.

ഡിക്രൂസ് ഉദ്ഘാടനം ചെയ്യുന്നു. കെ.ടി. രാമചന്ദ്രന്‍, ആര്‍. സഞ്ജയന്‍. ഡോ. സ്വപന്‍ മുഖോപാധ്യായ, പി.ആര്‍. നാഥന്‍, കെ. ലക്ഷ്മിനാരായണ്‍, ഡോ. സി. മഹേഷ്, പ്രൊഫ. പി.ജി. ഹരിദാസ്, ഗോപിനാഥ് കോലിയത്ത് എന്നിവര്‍ സമീപം
തപസ്യ സൃഷ്ടിച്ച സാംസ്‌കാരിക മുന്നേറ്റത്തിന്റെ 50 വര്‍ഷം പിന്നിടുന്ന വേളയില്‍ കേരളത്തിന്റെ സാഹിത്യ നഗരമായ കോഴിക്കോട് സംഘടിപ്പിച്ച സംഗമം ആ തപസിന്റെ ആഴവും പരപ്പും വെളിവാക്കുന്നതായിരുന്നു. ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജയന്തി ആഘോഷ പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായിരുന്നു അത്. പ്രപഞ്ചത്തിന്റെ താളബോധമായ ഓംകാരത്തില്‍നിന്നുരുവായ ശബ്ദപ്രപഞ്ചമാണ് തനിക്ക് സാഹിത്യം എന്ന് പ്രഖ്യാപിച്ച പ്രശസ്ത തമിഴ് എഴുത്തുകാരന്‍ ആര്‍.എന്‍.ജോ.ഡിക്രൂസാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. നാട്ടുകൂട്ടങ്ങളുടെ വാമൊഴിവഴക്കങ്ങളില്‍ പോലും ഓംകാരത്തിന്റെ പ്രതിധ്വനികള്‍ അലയടങ്ങിയ കടല്‍പോലെ പ്രതിധ്വനിക്കുന്നതായി ജോ ഡിക്രൂസ് സാക്ഷ്യം പറഞ്ഞു. തായ്‌മൊഴിയായ തമിഴിന്റെ ഭാഷാ സൗന്ദര്യങ്ങള്‍ക്കടിസ്ഥാനം നാദബ്രഹ്‌മത്തിന്റെ അദ്വൈതാനുഭൂതിയാണെന്നും ജോ ഡിക്രൂസ് വെളിപ്പെടുത്തി.
ഏക്താരയുടെയും ബാവുല്‍ സംഗീതത്തിന്റെയും ലോകത്തുനിന്ന് സംഗീതസാമ്രാജ്യത്തിന്റെ കുലപതിയായി തീര്‍ന്ന ഡോ.സ്വപന്‍ മുഖോപാദ്ധ്യായ വംഗസംഗീതത്തിന്റെ പെരുമ ബോധ്യപ്പെടുത്തി. കാലവും ചരിത്രവും വിഭ്രമാത്മകമായ ഇടപെടലിലൂടെ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നതെങ്ങനെ യെന്ന് കഥാകൃത്ത് പി.ആര്‍. നാഥന്‍ വിവരിച്ചു. അവനവനോട് സത്യസന്ധനായിരിക്കാന്‍ ഇക്കാലത്ത് പ്രയാസമാണ്. ആ പ്രയാസത്തെ നേരിടുകയാണ് മലയാളിയെന്നും അദ്ദേഹം പറഞ്ഞു. ഭാഷയില്‍ അഭിമാനബോധമില്ലാത്തവരായി മലയാളി മാറിയെന്ന നിരീക്ഷണവും അദ്ദേഹം അവതരിപ്പിച്ചു.
കേരളത്തിന്റെ സവിശേഷമായ സാംസ്‌കാരിക പാരമ്പര്യത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ മുഖ്യപ്രഭാഷണത്തില്‍ സൂചിപ്പിച്ചത്. കേരളത്തില്‍ നിലനില്‍ക്കുന്ന പ്രതിലോമ സാംസ്‌കാരിക പ്രവര്‍ത്തനത്തെ പ്രതിരോധിച്ചു കൊണ്ട് സാംസ്‌കാരിക സ്വത്വം നിലനിര്‍ത്താനും, ബദല്‍ മുന്നേറ്റം സൃഷ്ടിക്കാനും 50 വര്‍ഷമായി തപസ്യക്കായെന്ന് സഞ്ജയന്‍ ചൂണ്ടിക്കാട്ടി. വന്ദേമാതരത്തെ പോലും അസഹിഷ്ണുതയോടെ കാണുന്ന മതവര്‍ഗീയതയ്‌ക്ക് കീഴ്പ്പെട്ടുപോകുന്ന രാഷ്‌ട്രീയം സാംസ്‌കാരിക രംഗത്ത് എങ്ങനെയാണ് പ്രതിലോമകരമായി ഇടപെടുന്നതെന്നും സഞ്ജയന്‍ വിശദീകരിച്ചു.
തപസ്യയുടെ എക്കാലത്തെയും പ്രണേതാവായ മഹാകവി അക്കിത്തത്തിന്റെ പേരിലുള്ള പുരസ്‌കാരം കവി വി.മധുസൂദനന്‍ നായര്‍ ഏറ്റുവാങ്ങി. ലോകത്തെ ആയുധം കൊണ്ടല്ല, സംസ്‌കാരം കൊണ്ടാണ് സ്വാധീനിക്കേണ്ടതെന്ന് മധുസൂദനന്‍ നായര്‍ പറഞ്ഞു. ആര്‍ത്തിയും അപകര്‍ഷതയുമുള്ള ജനതയ്‌ക്ക് മാനസിക ഭദ്രത കൈവരിക്കാനാകില്ല. മാനസിക ഭദ്രത കൈവരിക്കാന്‍ എത്രയോ കാലം മുന്‍പ് വേദങ്ങള്‍ നമ്മെ പഠിപ്പിച്ചു. കവിത മാത്രമല്ല ശാസ്ത്രവും സംഗീതവും കലയും മനഃശാസ്ത്രവുമെല്ലാം ഉള്‍പ്പെടെ വിശ്വസൗന്ദര്യത്തിന്റെ സത്തയാണ് വേദങ്ങളിലുള്ളത്. കവി പി.പി. ശ്രീധരനുണ്ണിയാണ് അക്കിത്തം അനുസ്മരണ വേദിയില്‍ അധ്യക്ഷനായത്. തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ് പുരസ്‌കാരം സമ്മാനിച്ചു.
ആത്മാന്വേഷണം പോലെ നവീകരണക്ഷമമായ ഒ.വി. വിജയന്റെ സാഹിത്യത്തെ ആഴത്തില്‍ വിലയിരുത്തുന്നതായി സാഹിത്യ വിചാരം. വിജയനെ മനസ്സിലാക്കിയവരും മനസ്സിലാക്കാത്തവരും ഒരുപോലെ അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പ്രൊഫ. കെ.പി.ശശിധരന്‍ പറഞ്ഞു. വിജയന്റെ കഥകളിലെ പ്രമേയത്തെ പലര്‍ക്കും ഭയമാണ്. അദ്ദേഹത്തിന്റെ എല്ലാ നോവലുകളും ആര്‍ഷ ചിന്തയിലേക്ക് നയിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തില്‍ ഗുരുസാഗരത്തിന്റെ വിത്ത് കണ്ടെടുക്കാം. മലയാളത്തിലെ ഇതിഹാസ നോവല്‍ വിജയന്റെ ഗുരുസാഗരമാണെന്നും കെ.പി. ശശിധരന്‍ ചൂണ്ടിക്കാട്ടി. മലയാള നോവല്‍ സാഹിത്യത്തിലെ പാരമ്പര്യത്തിന്റെ വീണ്ടെടുപ്പാണ് വിജയന്റെ കൃതികള്‍. പുതിയ ഭാഷാ ശൈലി സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
വിജയന്റെ എല്ലാ കൃതികളിലും ആധ്യാത്മികമായ അന്വേഷണവും പ്രേരണയും ഉണ്ടെന്ന് സാഹിത്യ വിചാരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത നിരൂപകന്‍ ആഷാമേനോന്‍ അഭിപ്രായപ്പെട്ടു. റഷീദ് പാനൂരിന്റെ അഭിപ്രായത്തില്‍ മനുഷ്യമനസിന്റെ സൂക്ഷ്മാംശങ്ങളും ചലനങ്ങളും പകര്‍ത്തിയ എഴുത്താണ് വിജയന്റേത്. മലയാളത്തിന്റെ ഭാഷാപരമായ പരിമിതി കൊണ്ടാണ് വിജയന്‍ ലോക സാഹിത്യത്തില്‍ അംഗീകരിക്കപ്പെടാതെ പോയത്.
എല്ലാത്തരം സമഗ്രാധിപത്യങ്ങളെയും നിശിതമായി ചെറുക്കുന്ന എഴുത്തായിരുന്നു വിജയന്റേതെന്ന് റഷീദ് പാനൂര്‍ പറഞ്ഞു. ഭാരതീയത എന്നാല്‍ ഹൈന്ദവമാണ് എന്ന് സത്യസന്ധമായി പറയാന്‍ വിജയന് കഴിഞ്ഞുവെന്ന് ശ്രീജിത്ത് മുത്തേടത്ത് ചൂണ്ടിക്കാട്ടി. യുവ എഴുത്തുകാര്‍ക്കുള്ള ഒ.വി. വിജയന്‍ ചെറുകഥാ പുരസ്‌കാരം മിഥുന്‍ അയ്യപ്പന്‍ ഏറ്റുവാങ്ങി.
മാധ്യമധര്‍മത്തിന്റെ വര്‍ത്തമാനം
വി.എം. കൊറാത്ത് അനുസ്മരണവും മാധ്യമ നൈതികത എന്ന പാനല്‍ ചര്‍ച്ചയും സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. മാധ്യമപ്രവര്‍ത്തനത്തിന്റെ ദൗത്യം സത്യം അറിയിക്കലാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എം.എന്‍. കാരശ്ശേരി അഭിപ്രായപ്പെട്ടു. സത്യം വിളിച്ചു പറയാന്‍ പറ്റാത്ത തരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വിലങ്ങണിയിക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു ഇതിന് എന്‍.എം.പിയേഴ്സന്റെ അനുബന്ധം. പറ്റാവുന്നിടത്തോളം സത്യങ്ങള്‍ ഇപ്പോഴും വിളിച്ചുപറയാന്‍ ശ്രമിക്കുന്നുണ്ടെന്ന് പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തക അനന്യ.ജി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയം, അധികാരം എന്നിവ മാധ്യമപ്രവര്‍ത്തനത്തില്‍ എങ്ങനെയെല്ലാം ഇടപെടുന്നു എന്നാണ് കെവിഎസ് ഹരിദാസ് ചൂണ്ടിക്കാണിച്ചത്. ‘മാഗ് കോം’ ഡയറക്ടര്‍ എ.കെ. അനുരാജ് മോഡറേറ്ററായിരുന്നു.
എം. രാജശേഖര പണിക്കര്‍ വി.എം.കൊറാത്തിനെ അനുസ്മരിച്ചു. നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് സത്യവും ധര്‍മ്മവും പാലിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തനം പൂര്‍ത്തിയാക്കി അരങ്ങൊഴിഞ്ഞയാളാണ് വി.എം. കൊറാത്തെന്ന് രാജശേഖര പണിക്കര്‍ ചൂണ്ടിക്കാണിച്ചു. തപസ്യയുടെ ആദ്യകാല പ്രവര്‍ത്തനത്തിലും മുന്നേറ്റത്തിലും നിര്‍ണായക പങ്കാണ് കൊറാത്ത് വഹിച്ചത്. കൊറാത്തിനൊപ്പം പത്രപ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ആര്‍ട്ടിസ്റ്റ് മദനന്‍ അദ്ദേഹത്തിന്റെ രേഖാചിത്രം വരച്ചു.
നവ സിനിമാവാദത്തിന്റെ മറവില്‍ അരാജകത്വത്തിന്റെ ഭാഷയും ശൈലിയും ദൃശ്യങ്ങളും വെള്ളിത്തിര കീഴടക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തുന്നതായി ചലച്ചിത്ര വിചാരം. ഇല്ലാത്ത ജാതീയതയുടെ പേരില്‍ നടത്തുന്ന കലാപശ്രമങ്ങള്‍ മുതല്‍ സിനിമയിലെ സന്ദര്‍ഭങ്ങള്‍ വ്യാഖ്യാനിച്ച് വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നത് വരെ ബോധപൂര്‍വ്വമായ നീക്കങ്ങളാണെന്ന് സിനിമാ നിരൂപകന്‍ പി. വിജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മലയാള സിനിമ അകന്നു പോവുകയാണെന്നും, അക്രമവും ജുഗുപ്ത്സയും ന്യായീകരിക്കപ്പെടുകയാണെന്നും സംവിധായകന്‍ എം.ബി. പത്മകുമാര്‍ പറഞ്ഞു. അതേസമയം രണ്ടായിരത്തിനുശേഷം ചില നല്ല മാറ്റങ്ങളും മലയാള സിനിമയില്‍ കാണുന്നുണ്ട്. മേക്കപ്പില്ലാത്ത, അതിനാടകീയതയില്ലാത്ത കഥാപാത്രങ്ങളും പച്ചയായ ജീവിതങ്ങളും ഇടയ്‌ക്കെങ്കിലും സിനിമയില്‍ കാണാനാകുന്നുണ്ട്. ചലച്ചിത്രത്തെ രാഷ്‌ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കുന്നവരും കുറവല്ല എന്ന് നടന്‍ കൃഷ്ണപ്രസാദ് അഭിപ്രായപ്പെട്ടു. രാഷ്‌ട്രീയ ബോധങ്ങളുടെ നിര്‍മിതിക്ക് സിനിമകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ നവസിനിമയില്‍ ദേശീയതയുടെ പ്ലാറ്റ്ഫോമുകള്‍ ഉണ്ടാവണം എന്നായിരുന്നു കൃഷ്ണപ്രസാദിന് പറയാനുണ്ടായിരുന്നത്.
തുടക്കം കുറിച്ച മണ്ണില്‍ പ്രവര്‍ത്തക സംഗമം
അന്‍പത് വര്‍ഷത്തെ സഫലമായ സംഘടനാ പ്രവര്‍ത്തനത്തിന് ശേഷം തപസ്യയുടെ വളര്‍ച്ച പുതിയ ഘട്ടത്തിലേക്ക് കടക്കണമെന്ന് ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ പറഞ്ഞു. എസ്റ്റാബ്ലിഷ്‌മെന്റുകളെ പരിവര്‍ത്തിപ്പിക്കാനുള്ള കഴിവ് തപസ്യയുടെ സാംസ്‌കാരിക പ്രവര്‍ത്തനത്തിനുണ്ട്. ആ ദിശയില്‍ കൂടുതല്‍ മുന്നേറാനാകണം.
മൂന്നു ദിവസങ്ങളില്‍ സാഹിത്യ നഗരിയില്‍ നടന്ന സുവര്‍ണ്ണ ജയന്തി സമാപന സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണീയതകളിലൊന്ന് ആദ്യകാല പ്രവര്‍ത്തകരുടെ സംഗമമായിരുന്നു. അരനൂറ്റാണ്ട് കാലം കൈരളിയുടെ സാംസ്‌കാരിക ധാരകളില്‍ കൈകോര്‍ത്തു നടന്നവര്‍ പിന്നിട്ട നാള്‍വഴികള്‍ ഓര്‍ത്തെടുത്തത് കൗതുകകരമായി. തപസ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് തുടക്കമിട്ടതും അക്കിത്തം, തിക്കോടിയന്‍, കൊറാത്ത് തുടങ്ങിയവരുടെ ആദ്യകാല ഇടപെടലുകളും ആവേശപൂര്‍വ്വമാണ് പുതുതലമുറ കേട്ടിരുന്നത്. ഗാനരചയിതാവും തപസ്യയുടെ ആദ്യകാല അംഗവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് സുവര്‍ണ്ണ സംഗമം എന്ന പേരില്‍ സംഘടിപ്പിച്ച പൂര്‍വ്വകാല പ്രവര്‍ത്തകരുടെ യോഗം ഉദ്ഘാടനം ചെയ്തത്.
2025 ഫെബ്രുവരി നാലിന് എറണാകുളത്ത് രാജേന്ദ്ര മൈതാനിയിലായിരുന്നു തപസ്യയുടെ അന്‍പതാം വാര്‍ഷിക ആഘോഷത്തിന് തുടക്കം. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതാണ് സുവര്‍ണോത്സവ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തുടനീളം നിരവധി പരിപാടികള്‍ നടന്നു. തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം, കൊല്ലത്ത് ചരിത്ര സമ്മേളനം, കോട്ടയത്ത് ചിത്രകാര സംഗമം, തൃശ്ശൂരില്‍ ദേശീയ അമച്വര്‍ നാടകോത്സവവും കലാസാധക സംഗമവും, പാലക്കാട്ട് അന്താരാഷ്‌ട്ര സംഗീതോത്സവം, കണ്ണൂരില്‍ കലാസാഹിത്യ ശിബിരം, കാസര്‍ഗോഡ് ഉത്തരായനം സാംസ്‌കാരിക യാത്ര എന്നീ പരിപാടികള്‍ സുവര്‍ണോത്സവത്തിന്റെ ഭാഗമായിരുന്നു. ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍ നടക്കുന്ന അക്ഷരോത്‌സവം ഉള്‍പ്പെടെ നിരവധി പരിപാടികള്‍ നടക്കാനുണ്ട്. തപസ്യ മലപ്പുറം ജില്ല സുവര്‍ണോത്‌സവത്തിന്റെ ഭാഗമായി എഴുത്തച്ഛന്റെ ജീവിതം നാടക രൂപത്തില്‍ അരങ്ങിലെത്തിച്ചു.
















