
കൊച്ചി : കേരളത്തിലെ മുസ്ലീം എം എൽ എ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുതെന്ന് ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ സലഫി . ബലി പെരുന്നാൾ ദിനത്തിൽ ഷാർജ ഈദ്ഗാഹിൽ സംസാരിക്കവേയാണ് സലഫിയുടെ വർഗീയ പ്രസ്താവന. വർഗീയതയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യരുതെന്നും എന്നാൽ നിലവിളക്ക് കൊളുത്തുന്നതിൽ നിന്ന് മാറി നിൽക്കണമെന്നുമാണ് സലഫി പറയുന്നത്.
‘ വർഗീയതോട് സന്ധിയില്ലെന്ന് പറഞ്ഞ സർക്കാരാണിപ്പോൾ ഭരിക്കുന്നത് . ഇവിടെ പല തരത്തിൽ സത്യപ്രതിജ്ഞ ചെയ്തവരുണ്ട് . ദൈവനാമത്തിൽ അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവർ വലിയ അമാനത്താണ് ഏറ്റെടുത്തിരിക്കുന്നത് .
അള്ളാഹുവിന്റെ പേരിൽ പ്രതിജ്ഞ ചെയ്ത മുസ്ലീം ഭരണാധികാരികളായ എം എൽ എ , മന്ത്രിമാർക്ക് നിങ്ങൾ മുസ്ലീങ്ങളാണെന്ന ഓർമ്മയുണ്ടാവണം മറ്റുള്ളവരേക്കാൾ നിങ്ങൾ ഏറ്റവും കൂടുതൽ നിങ്ങളുടെതായ സ്വതത്തെ സ്വന്തം ഐഡന്റിറ്റിയെ നിലനിർത്തണം . ഒരു രാജ്യത്ത് എന്താണോ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തം അത് ഭരണഘടനയ്‌ക്ക് അനുസരിച്ച് കൃത്യമായി നിർവ്വഹിക്കണം .
അതിനേക്കാൾ നിങ്ങൾക്ക് വലിയ ഒരു കടമയുണ്ട് നിങ്ങളെ സൃഷ്ടിച്ച അള്ളാഹുവിന്റെ മുന്നിൽ അഞ്ച് നേരം നിസ്ക്കരിക്കുമ്പോൾ ഞാനിതാ എല്ലാം നിനക്ക് സമർപ്പിച്ചിരിക്കുന്നു. ഞാൻ യഥാർത്ഥ മുസ്ലീമാണ് ഞാൻ ഒരിക്കലും ബഹുദൈവാരാധനയുടെ പിന്നാലെ പോകുകയില്ല എന്നൊരു പ്രതിജ്ഞ കൂടി എടുക്കുന്നുണ്ട്.
അതുകൊണ്ട് പൊതു ചടങ്ങുകളിലും, സ്വകാര്യ ചടങ്ങുകളിലും നിലവിളക്ക് കൊളുത്തൽ പോലുള്ള മതപരമായ ചടങ്ങുകൾ മുസ്ലീമെന്ന നിലയ്‌ക്ക് നിങ്ങൾ നിർവഹിക്കാൻ പാടുള്ളതല്ല . താൻ ഒരു മതേതരനാണെന്ന് തെളിയിക്കാൻ സമാധാന പ്രിയനാണെന്ന് തെളിയിക്കാൻ ആ നിലയ്‌ക്ക് എല്ലാവരുടെയും പ്രീതി കിട്ടാൻ ഒരു മുസ്ലീം ഭരണാധികാരി അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യരുത്. ഇപ്പോൾ തന്നെ വനിത എം എൽ എ നിലവിളക്ക് കൊളുത്തി എന്ന് വാർത്തകൾ വരുന്നുണ്ട്. അതേസമയം വർഗീയതയോട് നിങ്ങൾ വിട്ടു വീഴ്ച കാണിക്കരുത്.‘ എന്നാണ് സലഫി പറയുന്നത്.