ഗാസ: ഹമാസിന്റെ സൈനിക വിഭാഗം മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ സൈന്യം വധിച്ചു. ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യസുത്രധാരന്മാരില്‍ ഒരാളാണ് മുഹമ്മദ് ഒദേ. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സിന്റെയും നിര്‍ദേശപ്രകാരം ഗാസയില്‍ നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
രണ്ടാഴ്ച മുന്‍പ് ഇസ്രയേല്‍ സൈന്യം വധിച്ച ഇസ് അല്‍ ദിന്‍ അല്‍ ഹദ്ദാദിന് പകരമാണ് മുഹമ്മദ് ഒദേ സേനയുടെ തലവനായി ചുമതലയേല്‍ക്കുന്നത്. ഇസ്രയേലില്‍ ആക്രമണം നടത്തുന്ന സമയം ഇയാള്‍ ഹമാസിന്റെ ചാരസംഘടനയുടെ മേധാവിയായിരുന്നു. നിരവധി ഇസ്രയേല്‍ സൈനികരെ കൊലപ്പെടുത്തിയതിനും തട്ടിക്കൊണ്ടുപോയതിനുമെല്ലാം പിന്നില്‍ ഒദേയ്‌ക്ക് നേരിട്ട് പങ്കുണ്ടെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
ഗാസ സിറ്റിയിലെ റിമാല്‍ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒദേയെ കൂടാതെ മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.











