പന്ത്രണ്ട് വർഷം മുമ്പ് അതൊരു ഞെട്ടിക്കലായിരുന്നു, എല്ലാവർക്കും, എന്തിന് ബിജെപിക്കടക്കം! 2014 മെയ് 26.
അടൽ ബിഹാരി വാജ്‌പേയി തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പിൽ, (അവ അകാലങ്ങളിലായിരുന്നുവെങ്കിലും) വിജയിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ചരിത്രം അതിനുമുമ്പുണ്ടായിരുന്നു. എങ്കിലും നരേന്ദ്ര മോദി എന്ന ‘ഗുജറാത്ത് മുഖ്യമന്ത്രി,’ ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാൻ ലക്ഷ്യമിട്ട് 2014ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ യെ നയിച്ച്, 543 ൽ 282 സീറ്റ് നേടി അധികാരത്തിൽ വന്നു.
1984 ൽ ഇന്ദിരാവധത്തിനെ തുടർന്ന് സഹതാപതരംഗത്തിലെ തെരഞ്ഞെടുപ്പിലുണ്ടായ റിസൾട്ടിനു ശേഷം ആദ്യമായാണ് ഒരു പാർട്ടി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയത്. 30 വർഷത്തിനു ശേഷം പുതിയ തെരഞ്ഞെടുപ്പുചരിത്രം കുറിച്ചായിരുന്നു 12 വർഷം മുമ്പ് നരേന്ദ്ര ദാമോദർ ദാസ് മോദി ഭാരതത്തിന്റെ പ്രധാനമന്ത്രി ആയത്. 2014 ൽ പോൾ ചെയ്ത വോട്ടിന്റെ 31% വോട്ട് ബിജെപി നേടി.
12 വർഷം എന്നത് ഒരു വ്യാഴവട്ടക്കാലമെന്നാണ് ജ്യോതിഷശാസ്ത്രക്കണക്കിൽ പരാമർശിക്കുന്നത്. 12 വർഷം നിലനിൽക്കുന്നത്, അതിനു ശേഷവും നിലനിൽപ്പുള്ളതിന് കാലാതിവർത്തിത്വവും മൂല്യവിശേഷവുമുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 12 വർഷത്തിനിപ്പുറം ചിന്തിക്കുമ്പോൾ, വിലയിരുത്തുമ്പോൾ നാല് നിലയിൽ വേണം അത് ചെയ്യാൻ. ഒന്ന്: ഭരണതലത്തിൽ രാജ്യത്തിന്റെ നേട്ടം.
രണ്ട്: പാർട്ടിയെന്ന നിലയിൽ രാഷ്‌ട്രീയമായി രാജ്യത്തു കൊണ്ടുവന്ന മാറ്റം.
മൂന്ന്: ലോകത്ത് ഭാരതം കൈവരിച്ച നേട്ടം.

നാല്: ജനങ്ങളും ഭരണവും ഭരണക്കാരും.
അലങ്കാര പദങ്ങളും വിശേഷണ വാക്യങ്ങളുമില്ലാതെ പറഞ്ഞാലേ തീരൂ. കാരണം, വിശാലലോകത്തെ ചിമിഴിലൊതുക്കാൻ എളുപ്പമല്ലല്ലോ. യശോദയെ വാ പിളർന്നു കാട്ടിയ ശ്രീകൃഷ്ണന്റെ ബാലലീലയിയെ വിവരണമില്ലേ? പാൽപ്പല്ലുകൊഴിയാത്ത കൊച്ചുകുഞ്ഞിന്റെ ചോരിവായിൽ പതിന്നാലുലകവും അതിൽ യശോദാമ്മയുടെ മുന്നിൽ വാ തുറന്നു നിൽക്കുന്ന കണ്ണനേയും കണ്ടുവെന്നാണ് വർണ്ണന. ഒരുപക്ഷേ, ഇന്നത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകളുടെ ഭാവനയിൽ പോലുമെത്താനിടയില്ലാത്ത ആ വർണ്ണനയ്‌ക്ക് ശ്രീമഹാഭാഗവതം രചിച്ച വേദവ്യാസജന്മത്തെ നമസ്‌കരിക്കാം. അങ്ങനെ ഗണിക്കുമ്പോൾ ‘വ്യാഴവട്ടത്തിലെ’ വിശാലകർമ്മജാലങ്ങളുടെ അവിടവിടെ കാണുന്ന ചില മർമ്മങ്ങളെക്കുറിച്ച് പറയാനേ പറ്റൂ.
കാരണം മൂന്നാണ്:-
ഒന്ന്: ഉറക്കവും ഊണും ഉപേക്ഷിച്ച് സദാ പ്രവർത്തന നിരതനായ ഒരു ഭരണാധിപൻ ചെയ്തുകൂട്ടിയത് അത്രയ്‌ക്കുണ്ട്.
രണ്ട്: എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, കൊള്ളുമ്പോൾ ഒരുകോടി എന്ന മട്ടിലാണ് ആ ഓരോ പ്രവർത്തനങ്ങളുടെയും ഫലം. അത് കടലലപോലെ തിരയടിച്ചുകൊണ്ടേയിരിക്കും.
മൂന്ന്: എണ്ണത്തിലല്ല, വണ്ണത്തില്ല, അളക്കാൻ പറ്റാത്ത തരത്തിൽ മൂല്യവത്താണ് അതിനാൽ വാക്യങ്ങൾക്ക് വഴക്കാനാവാത്തവയാണധികവും.
ഭരണത്തിന്റെയും നിർവഹണത്തിന്റെയും മേഖലയിലെ പ്രധാന അഞ്ചുനാഴികക്കല്ലുകൾ പറയാം; അവ ഭരണഘടനയെ ശക്തിപ്പെടുത്തിയതെങ്ങനെയെന്നും.
– മോദിയും ബിജെപിയും അധികാരത്തിൽ വന്നാൽ ആർഎസ്എസ് ഭരിക്കും, ഭരണഘടന മാറ്റി മനുസ്മൃതി നടപ്പാക്കുമെന്നായിരുന്നു പ്രചാരണം. പക്ഷേ, ജനാധിപത്യശ്രീകോവിലിന്റെ പടിക്കൽ നമസ്‌കരിച്ച് ഉള്ളിൽ കടന്ന് ഭരണഘടനയെ പ്രണമിച്ച പ്രധാനമന്ത്രി മോദി, ഭരണഘടനയുടെ ശാക്തീകരണത്തിന് ചെയ്തത് പലതാണ്. എല്ലാ പൗരന്മാർക്കും ഭാരതഭൂപ്രദേശം മുഴുവനും ഭരണഘടനയുടെ പ്രഭാവം തുല്യപ്പെടുത്തിയ തീരുമാനം ആയിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരാവകാശ വകുപ്പായ അനുച്ഛേദം 370 മരവിപ്പിച്ചത്; 2019 ൽ ആയിരുന്നു അത്. അധികാരികൾ പലരും ഭയന്ന് അകന്നുനിന്ന ഒരു പ്രവൃത്തി, അതി സാഹസികമായി നടപ്പാക്കുകയായിരുന്നുവല്ലോ.
– എല്ലാ ജന വിഭാഗങ്ങൾക്കും ഭരണഘടനാപരമായി തുല്യ നീതി എന്ന തത്ത്വം നടപ്പാക്കാൻ ഒരു മത വിഭാഗത്തിൽ മാത്രം നിലനിന്നിരുന്ന മുത്തലാഖ് നിയമവിരുദ്ധമാക്കി, കുറ്റകൃത്യമാക്കി. മോദിയും പാർട്ടിയും ഇസ്ലാം മത വിരുദ്ധമാണെന്ന പ്രചാരണം മുസ്ലിം സ്ത്രീകൾപോലും വിശ്വസിക്കാതായ തീരുമാനം. അതും 2019ൽ.
– നിയമങ്ങൾ ലംഘിക്കപ്പെടുന്ന കുറ്റങ്ങൾ നിർവചിക്കുന്ന, കുറ്റക്കാരെ ശിക്ഷിക്കുന്ന സംവിധാനത്തിലെ അപര്യാപ്തതകൾ എല്ലാം നീക്കി ഐപിസിക്കും സിആർപിസിക്കും പകരം ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) കൊണ്ടുവന്നത് (2023)മറ്റൊരു മാറ്റം.
– ലോക്‌സഭയിലെ പ്രതിനിധികളിൽ വനിതകൾക്കായി 33% സീറ്റുകൾ സംവരണം ചെയ്യുന്ന നിയമം നടപ്പാക്കിയതാണ് ഏറ്റവും പുതിയ വലിയ പ്രവൃത്തിനേട്ടം. അഞ്ചല്ല, അഞ്ഞൂറുമല്ല, ഒരു വ്യാഴവട്ടക്കാലത്തെ ഈ രംഗത്തെ മാത്രം നിർണ്ണായക നേട്ടം വരികളിലാക്കാൻ സ്ഥലവും സമയവും പോരാ.

– ഒരു സർക്കാരിന്റെ ഭരണ-നിർവഹണ മേഖയിൽ പ്രധാനം സാമ്പത്തിക കാര്യങ്ങളിലേതാണ്. ”നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന ഞാൻ… ” എന്നു തുടങ്ങി ഭാരത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ക്ഷേമവും പുരോഗതിയും സുരക്ഷയുമൊക്കെ കാക്കും, അതിന് വീഴചവരുത്താതെ പ്രവർത്തിക്കുമെന്ന് അച്ചടിച്ചുകൊടുത്ത കടലാസ് വായിക്കുക മാത്രമല്ല, അക്ഷരാർത്ഥത്തിൽ പാലിക്കുകയാണ് ഉത്തരവാദിത്വമെന്ന് മോദി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഓരോ കർമ്മത്തിലും ആ കരുതൽ ഉണ്ടായിരുന്നു. 2014 മെയ് 26 ന് പ്രതിജ്ഞ എടുത്തപ്പോഴോ, തെരഞ്ഞെടുപ്പുഫലം വന്ന മെയ് 16 നോ അല്ല, അതിനൊക്കെ എത്രയോ മുമ്പേ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നോ! ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന 2001 ഒക്‌ടോബർ 7 മുതൽ 2014 മെയ് 22 വരെ അനുഭവിച്ചറിഞ്ഞ കേന്ദ്രത്തിലെ ഭരണപരമായ പ്രശ്‌നങ്ങൾക്കും മുമ്പേ, ചിന്തിച്ചും വായിച്ചും കേട്ടറിഞ്ഞും തിരിച്ചറിഞ്ഞിരുന്നു പോരായ്‌മകളും ആവശ്യങ്ങളും. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ കടുത്തതും കറുത്തതുമായ സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യാൻ സന്നദ്ധനായിരിന്നു.
– 2014ൽത്തന്നെ ഭാരതത്തെ ഒരു ഉൽപ്പാദന ഹബ്ബാക്കി മാറ്റാൻ പ്രഖ്യാപിച്ച് നടപ്പാക്കിയ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി നടപ്പാക്കി. 2015 ൽ കൊണ്ടുവന്ന ‘ഇൻസോൾവൻസി ആൻഡ് ബാങ്കറപ്‌സി കോഡ്’ വലിയ വിപ്ലവമായി. കോർപ്പറേറ്റ് മേഖലയ്‌ക്കുമൊപ്പം ചെറുകിട മേഖലയിലും ബിസിനസ് രംഗത്തെ പുനരുദ്ധാരണത്തിന് അത് വഴിവെച്ചു.
– 2016 ലെ നോട്ടുറദ്ദാക്കലായിരുന്നു ബഹുമുഖ മേഖലയിൽ രാജ്യത്തിന് വഴിത്തിരിവുണ്ടാക്കിയ നടപടി. നമുക്ക്് സാധ്യമാകാത്തതായി ഒന്നുമില്ലെന്ന് സാമന്യ ജനത്തെ ബോധ്യപ്പെടുത്തിയതും സാമ്പത്തിക മേഖലയിലെ വഴിപിഴച്ച സഞ്ചാരികളെവരെ നേർ വഴി നടത്തിയതും ആ നോട്ടുറദ്ദാക്കലായിരുന്നുവെന്ന് എക്കാലത്തേയും ചരിത്രമായി രേഖയിലുണ്ടാവും.
– ജിഎസ്ടിയിൽ കൊണ്ടുവന്ന മാറ്റം (2017), ഡിജിറ്റൽ പണമിടപാട്, പുതിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് നികുതിയിയിൽ പകുതിയിളവ് (2019) എന്നിവ വിശാലമായ പരിപാടികളിൽ ചിലതുമാത്രം.
– രാജ്യത്തെ മുഴുവൻ ജനതയേയും ഒന്നായിക്കാണുക എന്നത് പലപ്പോഴും പലരും ആവർത്തിക്കുന്ന പ്രസ്താവനമാത്രമാണ്. എന്നാൽ, ആവുന്ന മേഖലയിലെല്ലാം അത് നടപ്പാക്കിക്കൊണ്ടിരുന്നു തുടക്കം മുതൽ മോദി. എല്ലാ വീട്ടമ്മമാരെയുമുൾപ്പെടെ ബാങ്കിടപാടുകളിലൂടെ സാമ്പത്തിക സുരക്ഷാ പ്രവർത്തനങ്ങളിൽ എത്തിച്ച പ്രധാനമന്ത്രി ജൻധൻ പദ്ധതി (2014) ലോകത്തിന് മാതൃകയാണ്. ജാം ട്രിനിറ്റി എന്ന പേരിൽ ജൻധൻ, ആധാർ, മൊബൈൽ ബന്ധിപ്പിക്കൽ വഴി ഇടനിലക്കാരില്ലാതെ അതിവേഗം നേരിട്ട് ജനങ്ങൾക്ക് സർക്കാർ ആനുകൂല്യം ലഭ്യമാക്കിയ നടപടിയെ എങ്ങനെ വിശേഷിപ്പിക്കാനാവും.

– 2016 മുതൽ ഡിജിറ്റൽ പണമിടപാടിനെ തത്സമ പണമിടപാടാക്കി മാറ്റിയ യുപിഐ ലോകത്തെ ഏറ്റവും മികച്ച ബാങ്കിടപാടാണ്. പ്രതിമാസം 2000 കോടി ബാങ്കിടപാടാണ് ഈ സംവിധാനത്തിലൂടെ ഇപ്പോൾ!
– നയനിലപാടുകൾ എന്തൊക്കെയായാലും ജനക്ഷേമത്തിൽ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ജനകീയതയുടെ അളവുകോൽ ഇക്കാലത്ത്. അക്കാര്യത്തിൽ മോദിയുടെ ‘വ്യാഴവട്ടം’ അളന്നുകുറിക്കാനും അടയാളപ്പെടുത്താനും തുടങ്ങിയാൽ എളുപ്പമല്ല.
– 2014 ൽ സ്വച്ഛ് ഭാരത് എന്നൊരു പദ്ധതി പ്രഖ്യാപിച്ച് നടപ്പാക്കുമ്പോൾ അഞ്ചാറുവർഷത്തിനുള്ളിൽ കൊവിഡ് 19 എന്ന ഒരു മഹാവ്യാധി വരുമെന്നും അത് 2000 ൽ നമ്മുടെ രാജ്യത്തെയും ബാധിക്കുമെന്നുമൊന്നും ആരും വിലയിരുത്തിയിരുന്നില്ല. പക്ഷേ, അഞ്ചുവർഷംകൊണ്ട് സ്വച്ഛ് ഭാരത് ഉണ്ടാക്കിയ നേട്ടമാണ് 2000 ലെ മഹാരോഗത്തിൽ ഭാരതജനതയിൽ വലിയൊരു വിഭാഗത്തിന് ആയുസ്സ് കൊടുത്തത്. 11.7 കോടി ജനതയ്‌ക്ക് ശുചിമുറികൾ ഉണ്ടാക്കിയ, 6 ലക്ഷം ഗ്രാമങ്ങളെ വെളിയിട വിസർജ്ജന വിമുക്തമാക്കിയ ശുചിത്വഭാരത യജ്ഞം ഏറ്റവും വലിയ അടിസ്ഥാന സാമൂഹ്യക്ഷേമ പദ്ധതിയായി.
– ‘പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി‘വഴി കുറഞ്ഞ വരുമാനക്കാരായ 9.6 കോടി വീട്ടമ്മമാർക്കാണ് പാചകവാതക സൗജന്യ വിതരണം (2018) നടത്തിയത്.
– ‘പ്രധാനമന്ത്രി ആയുഷ്മാൻ പദ്ധതി’ (2018) വഴി ഒരു കുടുംബത്തിന് വർഷം 5 ലക്ഷം രൂപയുടെ ചികിത്സാ ഇൻഷുറൻസ് പദ്ധതി ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. 36 കോടി പേർക്ക് ആരോഗ്യ കാർഡ്, രാജ്യത്തെ 29,929 ആശുപത്രികളിൽ സംവിധാന ലഭ്യത. ഒരു സർക്കാരിന്റെ ഇത്ര ശക്തവും വിശാലവുമായ ആരോഗ്യ പദ്ധതിയുടെ ക്ഷേമഗുണങ്ങൾക്ക് എങ്ങനെ വിലയിടും!
– 11.4 കോടി കർഷകർക്കാണ് ‘പിഎം കിസാൻ സമ്മാൻ’ (2019) വഴി വർഷം 6000 രൂപ വീതം 2.2 ലക്ഷം കോടി രൂപ സമ്മാനിച്ചത്. കാർഷികമേഖലയ്‌ക്ക് കരുത്തുപകർന്ന് മറ്റു പല സഹായങ്ങൾക്ക് പുറമേയാണിത്.
– ‘പിഎം ഗരീബ് കല്യാൺ അന്ന യോജന’ (2020) എന്ന പേരിൽ 80 കോടി ജനങ്ങൾക്ക് മാസം അഞ്ചുകിലോ അരി അല്ലെങ്കിൽ ധാന്യം നൽകുന്നു.
– ‘പിഎം ആവാസ് യോജന’വഴി 4 കോടിയിലധികം പേർക്ക് വീട് നിർമ്മിച്ചു നൽകി.
– ‘ജൽ ജീവൻ മിഷൻ‘ വഴി ഗ്രാമങ്ങളിലെ 15 കോടി ജനങ്ങൾക്കാണ് വീട്ടിനുള്ളിൽ കുടിവെള്ളം എത്തിച്ചത്.

ഇതെല്ലാം വ്യക്തികൾക്ക് നേരിട്ട് കിട്ടിയ സർക്കാർ സഹായവും സൗകര്യവുമാണ്. ഇതിന് പുറമേയാണ് രാജ്യത്തിനാകെ ഗുണകരമായ അടിസ്ഥാന സൗകര്യ വികസനകാര്യങ്ങൾ. ആശയവിനിമയ രംഗത്തും വിവരം കൈമാറൽ മേഖലയിലും ഉണ്ടായ വലിയ വിപ്ലവത്തിന്റെ വേഗം ലോകഗതിയനുസരിച്ച് നമ്മുടെ രാജ്യവും സ്വീകരിച്ചു.
സാങ്കേതിക വിദ്യയ്‌ക്ക് അങ്ങനെ ചില പ്രത്യേകതകളുണ്ട്. ഉൾക്കൊള്ളാൻ മനസ്സുതുറന്നുവെച്ചാൽമതി വളർച്ച അവിടെ വലിയ അദ്ധ്വാനമില്ലാതെ സംഭവിക്കും. മൊബീൽ ഫോൺ വിപ്ലവം ഭാരതത്തിൽ തുടങ്ങിയതും ശക്തമായതും അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ കാലത്തായലിരുന്നല്ലോ. പക്ഷേ ഗതാഗതമേഖലയിലൊക്കെ പ്രത്യേക താൽപര്യമെടുത്ത് ആസൂത്രിതമായി പ്രവർത്തിച്ചാലേ അതിന് അതിവേഗ ലക്ഷ്യപ്രാപ്തി ഉണ്ടാകൂ. അടൽബിഹാരി വാജ്‌പേയിയുടെ ഭരണകാലത്തുതന്നെ അതിനും തുടക്കംകുറിച്ചു. ദേശീയപാത നവീകരണം, സുവർണ്ണ ചതുഷ്‌കോണ പാത നിർമ്മാണം, മെട്രോ റെയിൽ പദ്ധതി, റെയിൽപാത നവീകരണം, വിമാനത്താവള വികസനം എന്നിവയുടെ മറ്റൊരു തലം ഉണ്ടായത് അക്കാലത്താണല്ലോ. അതിനു ശേഷം മോദി സർക്കാരിന്റെ വരവുവരെ അക്കാര്യത്തിലൊക്കെ ഒച്ചിഴയും വേഗവും ഒത്താലൊത്തെന്ന നയവുമായിരുന്നുവല്ലോ. അങ്ങനെയാണ് ‘വ്യാഴവട്ട’ത്തിന് മുമ്പ് ചിലത് സംഭവിച്ചത്.
– ദേശീയ പാത നിർമ്മാണം ദിവസം 11.67 കിലോ മീറ്റർ ആയിരുന്നത് ഇപ്പോൾ 34 കി.മീ ആണ്. റെയിൽവേ പാളങ്ങൾ, ട്രെയിനുകൾ, സ്‌റ്റേഷനുകൾ, ടിക്കറ്റ്-യാത്രാ സംവിധാന സൗകര്യങ്ങൾ എല്ലാം പുതിയ യുഗത്തിലെത്തിയിരിക്കുന്നു. ട്രെയിനുകളുടെ ശരാശരി വേഗം 110 കി.മീ ആയി. പാളങ്ങൾ 99 % വൈദ്യുതീകരിച്ചു. ‘വന്ദേഭാരത്’ പോലുള്ള അതിവേഗ ട്രെയിനുകൾ, ബുള്ളറ്റ് ട്രെയിൻ പാതയും സംവിധാനവും സജ്ജമാകുന്നു.
– 74 പുതിയ വിമാനത്താവളങ്ങളാണ് പുതുതായി തുറന്നത്. 650 കിലോ മീറ്റർ പുതിയ മെട്രോ റെയിൽ തുറന്നു.
– ഗ്രാമീണ മേഖലയിൽ റോഡു നിർമ്മാണം 99 % എത്തി. 111 ദേശീയ ജലപാതകൾ തുറന്നു.
സാമ്പത്തികമായി രാജ്യം വളർന്നതിന്റെ കണക്കുകൾ വിശദീകരിച്ചാൽ സങ്കീർണ്ണമാണ്. ഏറെ ചുരുക്കിപ്പറഞ്ഞാൽ ലോകരാജ്യങ്ങളെ സാമ്പത്തികശക്തി ക്രമത്തിൽ എണ്ണിയാൽ ഭാരതം മൂന്നാം സ്ഥാനത്തേക്ക് എത്തുന്നു. ജിഡിപിയിൽ ഇക്കാലത്തിനിടെ നമ്മൾ പത്താം സ്ഥാനത്തുനിന്ന് അഞ്ചിലെത്തി. നമ്മുടെ പ്രതിശീർഷ വരുമാനം ഇരട്ടിച്ച് 1.97 ലക്ഷമായി. തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളുടെ എണ്ണം ഇരട്ടിച്ച് 27 കോടിയായി. 25 കോടി പേരാണ് ബഹുതല ദാരിദ്ര്യ പരിധിക്ക് പുറത്തായത്.

ഇപ്പറഞ്ഞതൊക്കെ ഒരു രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ ശക്തിയാണ് സൂചിപ്പിക്കുന്നത്. ഓരോന്നിനെക്കുറിച്ചുമുള്ള സൂക്ഷ്മ വിശകലനവും വിശദീകരണവും അർഹിക്കുന്ന കാര്യങ്ങളാണ്. ലോക രാജ്യങ്ങൾക്കിടയിൽ സമ്പന്ന ഭാരതത്തിന്റെ സ്ഥിതി ഇന്ന് നാലാം സ്ഥാനം കടന്ന് സഞ്ചരിക്കുന്നു. അടിയന്തിര ലക്ഷ്യം മൂന്നാം സ്ഥാനത്തേക്കാണ്.
ഇപ്പോൾ ജപ്പാനെ പിന്നിലാക്കി, ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരിക്കുകയാണ് നമ്മുടെ രാജ്യം. അടുത്ത നാലു വർഷത്തിനുള്ളിൽ, 2030 ൽ, 7.3 ട്രില്യൺ ഡോളർ ജിഡിപിയുമായി മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനുള്ള വഴിയിലാണ് . ഏറെ നിർണായകമായ ഭരണതീരുമാനങ്ങൾ, ദീർഘവീക്ഷണമുള്ള പരിഷ്‌കാരങ്ങൾ, സജീവമായ ആഗോള ഇടപെടൽ എന്നിവയാണ് ഈ ഗതിവേഗത്തിന് കരുത്ത് പകരുന്നത്. പ്രഖ്യാപിതമായ ഈ ലക്ഷ്യത്തിലാണ് മോദി സർക്കാർ.
ഒരു ‘വ്യാഴവട്ട’ത്തിലെ പ്രവർത്തനത്തിന്റെ തെളിവുകൾ പറയുന്നത് അത് സാധ്യമാണെന്നുതന്നെയാണ്.
(നാളെ: ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…:
നമ്മുടെ ഭാരതവും വിശാല ലോകവും)
















