Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ശൈവതന്ത്രങ്ങളും യുങ്ങിന്റെ തെറ്റിദ്ധാരണകളും

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും-6

ഡോ.വി.സുജാത by ഡോ.വി.സുജാത
May 24, 2026, 01:33 pm IST
in Varadyam, Literature

ഭാരതത്തിലെ താന്ത്രിക വിദ്യയില്‍പ്പെടുന്ന കുണ്ഡലിനി യോഗ യുങ് വിശദമായി പഠിച്ചിട്ടുണ്ട്. അബോധ തലത്തെക്കുറിച്ചുള്ള തന്റെ നിഗമനങ്ങള്‍ കുണ്ഡലിനി യോഗയുമായി ഒത്തുപോകുന്നതാണെന്നും ‘ദ സൈക്കോളജി ഓഫ് കുണ്ഡലിനി യോഗ’ എന്ന കൃതിയില്‍ യുങ് വ്യക്തമാക്കുന്നു. കുണ്ഡലിനി ശക്തിയെ ലൈംഗികതയുമായി ബന്ധപ്പെടുത്തി ചില പാശ്ചാത്യര്‍ വ്യാഖ്യാനിക്കുന്നതിനെതിരെ യുങ് ശക്തമായി പ്രതികരിക്കുന്നു. അത്യന്തം സങ്കീര്‍ണമായിട്ടുള്ള മാനസിക ഊര്‍ജങ്ങളുടെ കേന്ദ്രങ്ങളാണ് ഷഡാധാരങ്ങള്‍ അഥവാ ഷഡ്ചക്രങ്ങളായ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവ. വ്യക്തിയില്‍ പ്രവര്‍ത്തന നിരതമായിട്ടുള്ള എല്ലാത്തരം ഊര്‍ജങ്ങളുടെയും സ്രോതസ്സാകുന്നതും എന്നാല്‍ മൂലാധാരത്തില്‍ സുപ്താവസ്ഥയില്‍ സ്ഥിതി ചെയ്യുന്നതുമായ അനന്തശക്തിയാകുന്ന കുണ്ഡലിനിയെ ഉണര്‍ത്തി ശിരസ്സിലെ സഹസ്രാരത്തില്‍ സ്ഥിതി ചെയ്യുന്ന കേവലബോധവുമായി സംയോജിപ്പിക്കുന്ന വിദ്യയാണ് കുണ്ഡലിനി യോഗയിലെ ഉള്ളടക്കം. കുണ്ഡലിനിയുടെ ഉണര്‍ത്തലിനെ യുങ് തന്റെ വ്യക്തി വികാസ പ്രക്രിയയുമായി സാമ്യപ്പെടുത്തുന്നുണ്ട്.

എന്നാല്‍ ബ്രഹ്‌മം, ശിവന്‍ എന്നീ തത്ത്വങ്ങളെക്കുറിച്ചും, കുണ്ഡലിനി ശക്തിയുമായി ഇവ എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനെ കുറിച്ചും അവ്യക്തമായ ധാരണകളാണ് യുങ് പുലര്‍ത്തുന്നത്. ഇതിനു കാരണം യുങ് നടത്തുന്ന രണ്ട് പരാമര്‍ശങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ഒന്ന്, വിദ്യകളില്‍ ഏറ്റവും സങ്കീര്‍ണമായിട്ടുള്ളതാണ് താന്ത്രിക വിദ്യ. രണ്ട്, അതിനെകുറിച്ചുള്ള തന്റെ പഠനങ്ങള്‍ തത്ത്വശാസ്ത്രപരമല്ല, മറിച്ച് മനഃശാസ്ത്രപരമാണ്. ഇക്കാരണങ്ങളാലാകാം താന്ത്രിക വിദ്യയിലെ കുണ്ഡലിനി, ശിവന്‍ എന്നീ തത്ത്വങ്ങളെ യുങ് ആദിരൂപങ്ങളായി കരുതുന്നത്. മൊത്തം പ്രപഞ്ചത്തിന്റെയും മൂലതത്ത്വമായ കുണ്ഡലിനിയെ ആദിരൂപമായി കാണുന്നതില്‍ തെറ്റില്ല. പക്ഷേ മറ്റ് ആദിരൂപങ്ങള്‍ക്ക് സമമായി കാണാനാകില്ല. മറ്റെല്ലാ ആദിരൂപങ്ങള്‍ക്കും ആധാരമായിട്ടുള്ള ആദിരൂപമാണ് മൂലപ്രകൃതിയാകുന്ന കുണ്ഡലിനി. ശിവനാകട്ടെ അചഞ്ചലവും പരിണാമവിധേയമാകാത്തതുമായ പരിശുദ്ധ ബോധമാകുന്നു. ആദിയും അന്തവുമില്ലാത്ത ഈ കേവലബോധത്തെ ആദിരൂപങ്ങളിലൊന്നായി കാണാന്‍ സാധ്യമല്ല.

യോഗയിലെ സ്‌ത്രൈണ-പുരുഷത്വങ്ങള്‍ തെറ്റിദ്ധാരണ

പുരുഷഭാവവും സ്ത്രീഭാവവും ജീവി വര്‍ഗ്ഗത്തിന്റെ സമാന സ്വഭാവങ്ങളാകയാല്‍ ഇവ യുങ്ങിന്റെ ആദിരൂപങ്ങളില്‍പ്പെടുന്നു. യുങ്ങിന്റെ സിദ്ധാന്തത്തില്‍ പുരുഷന്മാരില്‍ പുരുഷത്വം ബോധമനസ്സിലും സ്ത്രൈണഭാവം അബോധ മനസ്സിലും കുടികൊള്ളുന്നതാണ്. സ്ത്രീകളിലാകട്ടെ സ്ത്രീത്വം അഥവാ ‘അനിമാ’ ബോധ മനസ്സിലും പുരുഷത്വം അഥവാ ‘അനിമസ്’ അബോധമനസ്സിലും സ്ഥിതി ചെയ്യുന്നുവെന്നാണ് ‘ദി ആര്‍ക്കിടൈപ്സ് ആന്റ് ദ കളക്ടീവ് അണ്‍കോണ്‍ഷ്യസ്’ എന്ന കൃതിയില്‍ യുങ് പറയുന്നത്. അതിനാല്‍ ഓരോ വ്യക്തിയിലും എതിര്‍ലിംഗം സമാഹൃത അബോധത്തില്‍ ആദിരൂപമായി സ്ഥിതിചെയ്യുന്നുവെന്നാണ് യുങ്ങിന്റെ നിഗമനം. പ്രബല ജീനുകള്‍ അപ്രബല ജീനുകളെ ഒളിപ്പിച്ചുവയ്‌ക്കുന്നുവെന്ന ജനിതക ശാസ്ത്രത്തിന്റെ സിദ്ധാന്തം ഇവിടെ പ്രസക്തമാണ്.
പക്ഷേ കുണ്ഡലിനി യോഗയില്‍ ശിവ-ശക്തികള്‍ പുരുഷത്വ- സ്ത്രൈണതകളാകുന്ന ആദിരൂപങ്ങളാണെന്ന യുങ്ങിന്റെ നിഗമനം തെറ്റിദ്ധാരണയുടെ ഫലമാകുന്നു. ഒന്നാമതായി, മേല്‍സൂചിപ്പിച്ച പ്രകാരം ശിവതത്ത്വം അബോധ മനസ്സിന്റെ ഉല്‍പ്പന്നമാകുന്ന ആദിരൂപമല്ല. ശിവന്‍ കേവല ബോധ സ്വരൂപമാണ്. ശക്തിയെ അഥവാ കുണ്ഡലിനിയെ പ്രപഞ്ചത്തിന്റെ ആദിരൂപമായി കാണാമെങ്കിലും അതും അബോധ മനസ്സിന്റെ സൃഷ്ടിയല്ല. മറിച്ച്, അബോധമുള്‍പ്പെടെയുള്ള മനസ്സിന്റെ എല്ലാ അവസ്ഥകളും ആദിശക്തിയുടെ സൃഷ്ടികളാണ്.
യോഗയില്‍ ഈ ലിംഗദ്വന്ദ്വത്തിന്റെ ഏകീകരണമാണ് സത്യസാക്ഷാത്കാരം എന്ന യുങ്ങിന്റെ നിഗമനം വൈരുദ്ധ്യമുള്‍ക്കൊള്ളുന്നതാണ്. കാരണം യുങ്ങിന്റെ സിദ്ധാന്തമനുസരിച്ച് സ്ത്രീ-പുരുഷന്മാരുടെ ബോധമനസ്സില്‍ സ്വന്തം ലിംഗഭാവവും അബോധമനസ്സില്‍ എതിര്‍ലിംഗഭാവവും സ്ഥിതി ചെയ്യുന്നു. യോഗയില്‍ ഇതുപ്രകാരം പുരുഷന്മാരില്‍ ബോധസ്വരൂപമാകുന്ന ശിവന്‍ പുരുഷതത്ത്വവും കുണ്ഡലിനി സ്ത്രൈണ തത്ത്വവുമാകുന്നു. പക്ഷേ, സ്ത്രീകളില്‍ ഇത് എപ്രകാരമാണെന്ന കാര്യം വ്യക്തമാകുന്നതല്ല. ഇവിടെ കുണ്ഡലിനി യോഗയെ കുറിച്ചുള്ള യുങ്ങിന്റെ നിരീക്ഷണവും സ്വന്തം നിലപാടും തമ്മില്‍ യോജിക്കുന്നതല്ല.

ഭാരതീയ ദര്‍ശനത്തില്‍ ആദിപുരുഷനും ആദിശക്തിയും തമ്മിലുള്ള വ്യത്യാസം ലിംഗഭാവത്തിലല്ല. ആദിപുരുഷന്‍ ബോധസ്വരൂപവും ആദിശക്തി ഊര്‍ജസ്വരൂപവുമാണ്. ശക്തി ചലനാത്മകവും പരിണാമവിധേയവുമാണ്. എന്നാല്‍ ബോധം പരിണാമവിധേയമാകാത്തതിനാല്‍ നിശ്ചലതത്ത്വമാകുന്നു. പരിണാമത്തിന്റെ പല ഘട്ടങ്ങളും കടന്ന ശേഷം ജീവികളുടെ ഉല്‍പ്പത്തിയോടുകൂടി മാത്രമാണ് സൃഷ്ടിയില്‍ ലിംഗഭേദം പ്രത്യക്ഷപ്പെടുന്നത്. ഏകമായ ബ്രഹ്‌മം സൃഷ്ടിയില്‍ ആദിപുരുഷന്‍- ആദിശക്തി എന്ന ദ്വന്ദ്വമായിരിക്കുമ്പോള്‍ അവ രണ്ടും ഗുണാതീതമാണ്, അതിനാല്‍ നിര്‍ഗുണാവസ്ഥയിലാണ്. മൂലശക്തി രജസ്സ്, സത്വം, തമസ്സ് എന്നിങ്ങനെ മൂന്നു ഗുണങ്ങളായി പിരിയുമ്പോള്‍ മാത്രമാണ് ആദിപുരുഷന്‍ ത്രിഗുണയുക്തനാവുന്നത്. ആദിശക്തിയുടെ ത്രിഗുണമാണ് ത്രിമൂര്‍ത്തി സങ്കലനത്തിന്നാധാരം. ഈ ഗുണങ്ങളില്‍ നിന്നാണ് ലോകങ്ങളും ജീവികളും സൃഷ്ടിക്കപ്പെടുന്നത്. സൃഷ്ടികര്‍മ്മത്തില്‍ ത്രിമൂര്‍ത്തിയാകുന്ന ബ്രഹ്‌മാ-വിഷ്ണു-മഹേശ്വരന്മാര്‍ കേവലബോധ സ്വരൂപമായിത്തന്നെ നിലകൊള്ളുന്നതാണ്. അവരുടെ ശക്തികള്‍ മാത്രമാണ് ഭേദഗുണങ്ങളോടുകൂടിയവ. പരിണാമത്തില്‍ അനേകം ഘട്ടങ്ങള്‍ കഴിഞ്ഞാണ് ജീവികളുണ്ടാകുന്നത്. ഈ ജീവികളിലാണ് ലിംഗഭേദം സംഭവിക്കുന്നത്. അതിനാല്‍ സൃഷ്ടിക്ക് തുടക്കം കുറിച്ച ആദിപുരുഷനും ആദിശക്തിയും ആണും പെണ്ണുമാകുന്നത് എപ്രകാരമാണ് അംഗീകരിക്കാനാവുക?

ഋഗ്വേദത്തിലെ ബഹ്വൃചോപനിഷത്ത് വ്യക്തമാക്കുന്നത് ബ്രഹ്‌മാണ്ഡ സൃഷ്ടിയില്‍ ദേവി ആദ്യം ഒന്നുമാത്രമായിരുന്നുവെന്നും, പിന്നീട് ത്രിഗുണയുതങ്ങളായ ത്രിമൂര്‍ത്തിയെ ജനിപ്പിച്ചുവെന്നും, അനന്തരം മനുഷ്യരുള്‍പ്പെടെ എല്ലാ പ്രാണികളെയും സ്ഥാവരജംഗമങ്ങളെയും ജനിപ്പിച്ചുവെന്നുമാണ്:
‘ഓം ദേവീ ഹി ഏകാഗ്ര ആസീത്
സൈവ ജഗദണ്ഡം അസൃജത്
…………………..
തസ്യാ ഏവ ബ്രഹ്‌മാ അജീജനത്
വിഷ്ണുരജീജനത് രുദ്രോളജീജനത്
………………….
ഏതത് പ്രാണി സ്ഥാവര ജംഗമം
മനുഷ്യം അജീജനത്’

‘പുരുഷഃ’ ശബ്ദത്തിന് സംസ്‌കൃതത്തില്‍ അനേകം അര്‍ത്ഥങ്ങളുണ്ട്. അതില്‍ ഒന്നുമാത്രമാണ് ‘ആണ്‍ജാതി’ എന്നത്. ആത്മാവിനെ അഥവാ ശുദ്ധബോധത്തെ പുരുഷന്‍ എന്നു വിളിക്കാന്‍ കാരണം പുരത്തില്‍ വസിക്കുന്നത് എന്ന അര്‍ത്ഥമാണ്. ‘പുരം’ എന്നതിന് ‘ശരീരം’ എന്നര്‍ത്ഥമുണ്ട്. ആത്മാവിന് ശരീരമുണ്ട്. ഇപ്രകാരം തന്നെ സ്ഥൂലലോകവും സൂക്ഷ്മലോകവും കേവല ബോധത്തിന്റെ ശരീരങ്ങളാകുന്നു. അതിനാല്‍ ആദിപുരുഷന്‍ എന്നു വിളിക്കപ്പെടുന്നത് ലിംഗഭാവത്തിന്റെ അടിസ്ഥാനത്തിലല്ല.

ശ്വേതാശ്വതര ഉപനിഷത്തില്‍ ആത്മാവിന്റെ സ്വരൂപം ഇപ്രകാരമാണ് വ്യക്തമാക്കുന്നത്:
നൈവ സ്ത്രീ ന പുമാനേഷ
ന ചൈവായം നപുംസകഃ
യദ്യദ് ശരീരമാദത്തേ
തേന തേന സ യുജ്യതേ 5.10
ഈ ആത്മാവ് സ്ത്രീയോ പുരുഷനോ നപുംസകമോ അല്ല. ഏത് ശരീരം സ്വീകരിക്കുന്നുവോ അതിനോട് യോജിച്ചുനില്‍ക്കുന്നു.

ഇപ്രകാരം തന്നെ കുണ്ഡലിനി ത്രിഗുണരഹിതവും അതിനാല്‍ രൂപഭാവമില്ലാത്ത നിര്‍ഗുണമായിട്ടുള്ള ഊര്‍ജസ്വരൂപമാണ്. ഇതു തന്നെയാണ് പരാശക്തിയായും ലോകങ്ങള്‍ക്കെല്ലാം ഉപാദാന കാരണമായും ഗണിക്കപ്പെടുന്നത്. ഇതിന് ലിംഗഭാവം കല്പിക്കാനാവില്ല. പുരുഷഭാവവും സ്‌ത്രൈണഭാവവും ഈ ശക്തിയുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമാകുന്നു. എന്നാല്‍ തന്ത്രശാസ്ത്രപരമായ ഗ്രന്ഥങ്ങള്‍ പൊതുവെ ശക്തിയെ സ്തൈ്യണരൂപത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ക്ഷേത്രങ്ങളിലും ശക്തിയെ സ്തൈ്യണരൂപത്തിലാണ് പ്രതിഷ്ഠിക്കാറുള്ളത്.

പ്രതീകാത്മക ബിംബങ്ങള്‍

ഭാരതത്തിലെ ഋഷിപരമ്പര കവികളുടെ പരമ്പരയുമാണ്. അവര്‍ കഥ, കാവ്യം എന്നിവയെ മാധ്യമമാക്കിക്കൊണ്ടാണ് തത്ത്വദര്‍ശനവും വംശചരിതവും മറ്റും വിവരിച്ചിട്ടുള്ളത്. ഇവരുടെ കാവ്യഭാഷയിലെ ഭാവനാപരമായ വര്‍ണനകളില്‍ ശക്തിയെ സ്ത്രീകഥാപാത്രമാക്കുകയും, ലോകമാതാവായി വര്‍ണ്ണിക്കുകയും ചെയ്തിട്ടുണ്ട്. ഋഗ്വേദത്തിലെ മൂന്നാം മണ്ഡലത്തില്‍ 61-ാംസൂക്തത്തില്‍ വിശ്വാമിത്ര മഹര്‍ഷി ഉഷസ്സിനെ തരുണിയായും സൂര്യനെ അവളുടെ പതിയായും സങ്കല്പിക്കുന്നുണ്ട്. ആദിശക്തിക്ക് സ്ത്രൈണഭാവം കല്പിക്കുന്നതിനാല്‍ അവള്‍ക്ക് പതിയായി ആദിപുരുഷന്‍ മാത്രമാണ് അര്‍ഹന്‍. ഇപ്രകാരമാണ് ത്രിഗുണാത്മക ശക്തികള്‍ക്ക് ബ്രഹ്‌മാ-വിഷ്ണു-മഹേശ്വരന്മാര്‍ പതിമാരാകുന്നത്. സാധാരണ ജനങ്ങള്‍ക്ക് ഭക്തിമാര്‍ഗ്ഗത്തിലൂടെ ഈശ്വര സാക്ഷാത്കാരം സാധ്യമാക്കാനാണ് ഋഷികള്‍ പുരാണേതിഹാസങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇവയില്‍ ആത്മീയ തലത്തിലെ യാഥാര്‍ത്ഥ്യങ്ങളെ തത്ത്വങ്ങളായി മാത്രമല്ല, മിത്തുകളുടെ രൂപത്തിലും കഥാപാത്രങ്ങളായും വര്‍ണിച്ചിരിക്കുന്നതു കാണാം. എന്നാല്‍ ഈ കൃതികളിലെല്ലാം കഥയോടൊപ്പം തന്നെ യാഥാര്‍ത്ഥ്യത്തെയും വ്യംഗ്യരൂപത്തിലും പ്രതീകങ്ങളായും അവതരിപ്പിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ സ്ഥാപിക്കുന്ന ബിംബങ്ങള്‍ക്കും പ്രത്യക്ഷത്തില്‍ ലിംഗഭേദം കല്പിക്കുന്നുണ്ടെങ്കിലും ഷഡാധാരങ്ങളിലെ ഊര്‍ജകേന്ദ്രങ്ങളെയാണ് അവയില്‍ പ്രതിഷ്ഠിക്കുന്നത്. ഇതിന്റെ ലക്ഷ്യം ഭക്തരുടെ മാനസിക വികാസത്തിനും സത്യസാക്ഷാത്കാരത്തിനും വേണ്ടിയുള്ള സാധനക്ക് ക്ഷേത്രാരാധന പ്രയോജനകരമാക്കുകയെന്നതാണ്. മനുഷ്യ മനസ്സിന്റെ സങ്കല്പങ്ങളില്‍ മനുഷ്യന്റെ രൂപവും ഭാവവും കലരുന്നത് സ്വാഭാവികമാണ്. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുന്ന ബിംബങ്ങള്‍ ഇത്തരം സങ്കല്പങ്ങള്‍ ചേര്‍ന്നതാണ്. എന്നാല്‍ അവയ്‌ക്ക് പിന്നിലെ തത്ത്വങ്ങളും ലക്ഷ്യവും ആത്മീയ സാധനാപ്രേരകങ്ങളാകുന്നു.

അദ്വൈത വേദാന്തിയായ ശങ്കരാചാര്യര്‍ തന്റെ സൗന്ദര്യ ലഹരിയില്‍ ത്രിപുര സുന്ദരി, ലോക മാതാവ്, ഹിമവാന്റെ പുത്രി, ശിവന്റെ പത്നി എന്നിങ്ങനെയുള്ള സ്ത്രൈണഭാവങ്ങള്‍ കല്പിച്ചുകൊണ്ടാണ് ശക്തിയെ വര്‍ണിക്കുന്നത്. എന്നാല്‍ അതിലെ ആദ്യശ്ലോകം തന്നെ ശിവശക്തികള്‍ തമ്മിലുള്ള യഥാര്‍ത്ഥ വ്യത്യാസത്തെയാണ് അവതരിപ്പിക്കുന്നത്: ”ശിവന്‍ ശക്തിയോടുകൂടിയല്ലാതെ പ്രപഞ്ചസൃഷ്ടിക്ക് സമര്‍ത്ഥനാകുന്നില്ലെന്നാണ് പറയുന്നത്. കാരണം ശിവന്‍ പരിണാമത്തിനു വിധേയമാകാത്ത അചഞ്ചലസത്യമാണ്. ശക്തിയാകട്ടെ പരിണാമവിധേയമാകുന്നതിനാല്‍ സൃഷ്ടിക്ക് മുഴുവന്‍ ആധാരമായിട്ടുള്ള ഊര്‍ജമാണ്. ശാക്തേയ സമ്പ്രദായത്തിലെ പ്രസിദ്ധപുരാണമാകുന്ന ദേവി ഭാഗവതത്തിലെ ഏഴാം സ്‌കന്ധത്തില്‍ ‘ദേവി ഗീത’ എന്ന അദ്ധ്യായത്തില്‍ മഹാദേവിയാകുന്ന ഭുവനേശ്വരി ഹിമവാന് ഉപദേശം നല്‍കുമ്പോള്‍ സ്വയം പറയുന്നുണ്ട്: ‘ഞാന്‍ പുരുഷനോ സ്ത്രീയോ അല്ല, അരൂപിയാണ്, എന്നാല്‍ എനിക്ക് ഏത് രൂപങ്ങള്‍ വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്.”

(അടുത്തത്: ബോധവും ഊര്‍ജ്ജവും സൃഷ്ടിയിലെ ദ്വൈതം)

Tags: Carl JungShaivtantraSwiss psychologistfemininity and masculinity in yoga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സമാഹൃത അബോധത്തിലെ സമാനത

India

‘എന്റെ ശബ്ദം മൗനമാണ്…അത് റെക്കോഡ് ചെയ്യാനാകുമോ?’- ആകാശവാണിയോട് പറഞ്ഞ രമണമഹര്‍ഷി വിചിത്രശീലക്കാരന്‍; ഏപ്രില്‍ 14ന് 74 ചരമവാര്‍ഷികം

പുതിയ വാര്‍ത്തകള്‍

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

ശൈവതന്ത്രങ്ങളും യുങ്ങിന്റെ തെറ്റിദ്ധാരണകളും

ജലധാര തീര്‍ത്ത് പാലരുവി, കാഴ്ചവസന്തത്തിന് നാളെ തുടക്കം

പൊളിഞ്ഞുവീഴാറായി കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്; ദ്രവിച്ച മേൽക്കൂര ജീവനക്കാർക്കും യാത്രക്കാർക്കും ഭീഷണി

ദൽഹി വിമാനത്താവളത്തിൽ 48 കോടി രൂപയുടെ കഞ്ചാവ് പിടികൂടി ; മണ്ണിലല്ല, പ്രത്യേക ജലത്തിലാണ് ഇവ വളരുന്നത് , വീഡിയോ കാണാം

10.09 സെക്കൻഡ്…ഗുരീന്ദർവീർ സിംഗ്; എക്കാലത്തെയും വേഗതയേറിയ ഇന്ത്യക്കാരൻ

രാഗബിംബങ്ങളും ധ്വനിമാനവും

വായന: ചികിത്സാവൃത്തിയിലെ അനുഭവ സമാഹാരം

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.