
ആലപ്പുഴ: കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആലപ്പുഴയ്‌ക്കെതിരെ അനായാസ വിജയവുമായി തിരുവനന്തപുരം. ഒന്‍പത് വിക്കറ്റിനായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. ടൂര്‍ണമെന്റില്‍ തിരുവനന്തപുരത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത ആലപ്പുഴ 24.1 ഓവറില്‍ 139 റണ്‍സിന് ഓള്‍ ഔട്ടായി. 54 റണ്‍സെടുത്ത നിളയാണ് ആലപ്പുഴയുടെ ടോപ് സ്‌കോറര്‍. 28 റണ്‍സെടുത്ത പാര്‍വ്വതിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. തിരുവനന്തപുരത്തിന് വേണ്ടി ആദ്യ, ഷനിത എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തിരുവനന്തപുരം 18.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഉര്‍വ്വശിയും ശിവാനിയും ചേര്‍ന്ന 127 റണ്‍സിന്റെ കൂട്ടുകെട്ടാണ് തിരുവനന്തപുരത്തിന് അനായാസ വിജയം ഒരുക്കിയത്. ഉര്‍വ്വശി 60 റണ്‍സും ശിവാനി 67 റണ്‍സുമായി പുറത്താകാതെ നിന്നു. കൊല്ലവും പത്തനംതിട്ടയും തമ്മിലുള്ള മറ്റൊരു മത്സരം മഴ മൂലം ഉപേക്ഷിച്ചു.