
തിരുവനന്തപുരം: മന്ത്രിസഭയിലെ വകുപ്പുകള്‍ വീതം വയ്‌ക്കുന്നതില്‍ മുസ്ലിം ലീഗിന് മുന്നില്‍ കോണ്‍ഗ്രസ് വീണ്ടും അടിയറവു പറഞ്ഞു. ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം നിരസിച്ച വി.ഡി. സതീശന്‍ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂര്‍ത്തിയാക്കി. ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാതെയാണ് വീതം വച്ചത്. ‘പണം വാരുന്ന’തെന്ന് പറയപ്പെടുന്ന വകുപ്പുകളെല്ലാം മുസ്ലിം ലീഗിന്. കോണ്‍ഗ്രസിന് ലഭിച്ച ഭൂരിഭാഗം വകുപ്പുകളും അപ്രധാനപ്പെട്ടവ. കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തി അഞ്ച് മന്ത്രിസ്ഥാനം നേടിയെടുത്ത അതേ നിലപാട് തന്നെ വകുപ്പ് വിഭജനത്തിലും ലീഗ് സ്വീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന് പരസ്യപിന്തുണ നല്‍കിയവരാണ് ലത്തീന്‍ കത്തോലിക്ക വിഭാഗം. ഫലം വന്നപ്പോള്‍ കോവളത്തു നിന്നു വിജയിച്ച എം. വിന്‍സെന്റിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് സഭാ നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ജില്ലയില്‍ നിന്ന് കെ.മുരളീധരനും സി.പി. ജോണും മന്ത്രിസ്ഥാനത്തേക്ക് വന്നതിനാല്‍ കൂടുതല്‍ മന്ത്രിമാരെ നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. ഇതോടെ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിലുള്ളവര്‍ക്ക് ന്യൂനപക്ഷ ക്ഷേമവും ഫിഷറീസും നല്‍കണമെന്ന ശക്തമായ ആവശ്യം സഭാ നേതൃത്വം ഉന്നയിച്ചു. എന്നാല്‍ വിട്ടുനല്‍കാന്‍ ലീഗ് തയാറായില്ല. കോണ്‍ഗ്രസ് ലീഗുമായി ചര്‍ച്ച നടത്തിയെങ്കിലും വിട്ടുനല്‍കാനാകില്ലെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വി.ഡി. സതീശന്‍ മന്ത്രിസഭ അധികാരം ഏറ്റെടുത്തിട്ടും വകുപ്പ് വിഭജനം നീണ്ടുപോയി.
സത്യപ്രതിജ്ഞാ ചടങ്ങുപോലും ബഹിഷ്‌കരിച്ച ലത്തീന്‍ കത്തോലിക്ക സഭയെ അനുനയിപ്പിക്കാന്‍ മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും സഭാ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ നിലപാടില്‍ ഉറച്ചുനിന്നു. വിട്ടുവീഴ്ചയ്‌ക്ക് ലീഗും തയാറായില്ല. ഒടുവില്‍ സഭയുടെ ആവശ്യം തള്ളി വകുപ്പുകള്‍ ലീഗിന് കോണ്‍ഗ്രസ് വിട്ടുനല്‍കി.
ബജറ്റ് വിഹിതം കൂടുതല്‍ കൈകാര്യം ചെയ്യുന്ന വ്യവസായം, ഐടി, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, ഫിഷറീസ്, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വകപ്പുകളാണ് ലീഗ് കൈയടക്കിയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നു കൂടുതല്‍ തുക ലഭിക്കുന്ന വകുപ്പുകളുമാണിത്.