തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ഴചെയ്ത ശേഷം രണ്ടാമനായി പി.കെ. കുഞ്ഞാലിക്കുട്ടി വന്നത് എല്ലാവരുടെയും ശ്രദ്ധ നേടി. ഇത് മന്ത്രിസഭയിലെ രണ്ടാമൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ എന്ന് സംശയം ഉയർത്തി. എന്നാൽ പലവട്ടം സത്യപ്രതിജ്ഞ ചെയ്തയാളാണെങ്കിലും ‘പ്രതിജ്ഞ’ ചെയ്യുന്നു എന്നതിനു പകരം ‘സത്യപ്രതിജ്ഞ’ ചെയ്യുന്നുവെന്നാണ് വായിച്ചത്. മൂന്നാം സ്ഥാനായിരുന്നു രമേശ് ചെന്നിത്തല. തുടർന്ന് നാലാമനായി സണ്ണി ജോസഫ് സത്യപ്രതിജ്ഞ ചെയ്തു. അഞ്ചാം സ്ഥാനത്ത് പ്രതിജ്ഞയെടുക്കാൻ എത്തിയ കെ. മുരളീധരൻ ചന്ദനക്കുറിയണിഞ്ഞ് ഏറെ പരിചയ സമ്പന്നനെ പോലെ പെരുമാറി. ഇംഗ്ലീഷിൽ നടത്തിയ സത്യപ്രതിജ്ഞയ്‌ക്ക് മുമ്പുതന്നെ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ അനുമതി തേടിയാണ് പ്രതിജ്ഞയ്‌ക്ക് എത്തിയത്. ഗവർണർക്ക് കൈകൊടുത്ത് കുശലം പറഞ്ഞാണ് മുരളീധരൻ മടങ്ങിയത്. മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, തുടർന്ന് മുസ്ലിം ലീഗിൽനിന്നുള്ളവർ എന്നിങ്ങനെയായിരുന്നു സത്യപ്രതിജ്ഞയുടെ ക്രമം.











