കോഴിക്കോട്: മാധ്യമപ്രവര്‍ത്തനരംഗത്തെ വെല്ലുവിളികളും സാധ്യതകളും ആഴത്തില്‍ ചര്‍ച്ച ചെയ്ത് തപസ്യ സുവര്‍ണജയന്തി ആഘോഷ സമാപന സമ്മേളനത്തില്‍ വി.എം. കൊറാത്ത് ജന്മശതാബ്ദിയുടെ ഭാഗമായി നടന്ന മാധ്യമ വിചാരം. മാധ്യമ നൈതികത എന്ന വിഷയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ എം. എന്‍. കാരശ്ശേരി, ചിന്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ എന്‍.എം. പിയേഴ്‌സണ്‍, ബിജെപി സംസ്ഥാന വക്താവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കെവിഎസ് ഹരിദാസ്, യുവമാധ്യമപ്രവര്‍ത്തക അനന്യ ജി. എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ജനാധിപത്യം, നീതി, തുല്യത എന്നിവ ഉറപ്പാക്കുന്നതായിരിക്കണം മാധ്യമപ്രവര്‍ത്തനമെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു. അപ്രിയവും പത്ഥ്യവുമായ വാക്കുകള്‍ പറയാനും കേള്‍ക്കാനും ആളുകള്‍ ചുരുങ്ങുമെങ്കിലും അതു പറയുകയാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാഥമിക ദൗത്യം.
ലോകത്തെ സത്യമറിയിക്കുക എന്നതിനപ്പുറത്ത് മാധ്യമപ്രവര്‍ത്തനത്തിന് മറ്റെന്തെങ്കിലും ദൗത്യം ഉണ്ടെന്ന് കരുതുന്നില്ല. ഗാന്ധിജി നടത്തിയ പത്രപ്രവര്‍ത്തനം മാതൃകയായിരുന്നു. ബ്രിട്ടീഷുകാര്‍ പോലും വസ്തുതകള്‍ അറിയാന്‍ ആശ്രയിച്ചിരുന്നത് ഗാന്ധിജിയുടെ പത്രങ്ങളെയാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരിയുടെയും പത്രപ്രവര്‍ത്തന മാതൃകകള്‍ കേരളത്തില്‍ ഉണ്ട്. എന്നാല്‍ ഇന്ന് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഭരണകൂടങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന മാധ്യമങ്ങളാണ് അധികവും. ലോകത്ത് പലയിടത്തും മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നുണപ്രചരണം നടത്തിയാണ് ഭരണകൂടങ്ങള്‍ അധികാരത്തിലെത്തുന്നത്. ട്രംപ് ഇതിനുദാഹരണമാണ്, അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുടെയും മാധ്യമവിമര്‍ശനങ്ങളുടെയും പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നു രാഷ്‌ട്രീയനിരീക്ഷകന്‍ എന്‍. എം. പിയേഴ്സണ്‍ അഭിപ്രായപ്പെട്ടു. മനഷ്യജീവിതത്തിന്റെ പ്രതിഫലനമാണ് മാധ്യമങ്ങളില്‍ കാണുക. മാധ്യമ നൈതികതയെന്നത് ജീവിത നൈതികത തന്നെയാണ്. സമൂഹത്തില്‍ നൈതികത ഊട്ടിയുറപ്പിക്കപ്പെടുമ്പോള്‍ മാത്രമേ മാധ്യമ നൈതികത യാഥാര്‍ഥ്യമാകൂ. ജീവിതനൈതികത ഉണ്ടാവണമെങ്കിലാവട്ടെ, മനുഷ്യപുനര്‍നിര്‍മിതി സംഭവിക്കണം. മാധ്യമസംവാദങ്ങളില്‍ പങ്കെടുത്ത് തന്റേതായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിച്ചതിനു വീടാക്രമിക്കപ്പെട്ടിട്ടുണ്ടെന്നും സംവാദങ്ങള്‍ നിരര്‍ത്ഥകമായി തോന്നിത്തുടങ്ങിയതോടെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നു പിന്‍വാങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞു എന്ന് മുന്‍ ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിരുന്ന അടിയന്തരാവസ്ഥക്കാലം മുതല്‍ മോദി ഭരണകാലംവരെ പല ഘട്ടങ്ങളിലൂടെ മാധ്യമപ്രവര്‍ത്തനം കടന്നുപോയെന്ന് ജന്മഭൂമി മുന്‍ എഡിറ്റര്‍ കെവി എസ് ഹരിദാസ് ചൂണ്ടിക്കാട്ടി. ഭാരതം പോലുള്ള രാജ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തനത്തിന് ഒരു വിലക്കുമില്ല. എന്നാല്‍ നിയന്ത്രണമില്ലാത്ത മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാവരുത്.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും മാധ്യമപ്രവര്‍ത്തനം മറയാക്കുന്നു. യുദ്ധം നടക്കുമ്പോഴും ഭീകരാക്രമണം നടക്കുമ്പോഴും രാഷ്‌ട്രത്തിന് അപകടം ഉണ്ടാക്കുന്ന നിലപാടുകള്‍ പലപ്പോഴും മാധ്യമങ്ങള്‍ സ്വീകരിക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരര്‍ക്ക് തുണയായത് മാധ്യമങ്ങളുടെ ലൈവ് റിപ്പോര്‍ട്ടിംഗ് ആയിരുന്നു. ഇത്തരം കാര്യങ്ങളില്‍ സ്വയം അച്ചടക്കം പാലിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. തെരഞ്ഞെടുപ്പുകളില്‍ കൃത്രിമമായ അഭിപ്രായരൂപീകരണം നടത്താനും മാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ പോലും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ മാതൃഭൂമി അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ 1960 മുതല്‍ ശ്രമിച്ചതിന് ഉദാഹരണങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു.
പല രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യം പേരിനേ ഉള്ളൂ എന്ന് ‘മാതൃഭൂമി’ ‘യാത്ര’യുടെ സബ് എഡിറ്ററായ അനന്യ ജി. ഓര്‍മിപ്പിച്ചു. തൊഴില്‍പരമായ അരക്ഷിതാവസ്ഥ നേരിടുന്നവരാണ് ഇന്നു മാധ്യമപ്രവര്‍ത്തകര്‍. അത്തരമൊരു മാധ്യമലോകത്തിന് എങ്ങനെ സമൂഹത്തെ സുരക്ഷിതമാക്കാന്‍ സാധിക്കും? നവമാധ്യമകാലത്തു വിശ്വാസ്യതയുള്ള മാധ്യമം പത്രം മാത്രമാണ്.
മാറിയ മാധ്യമകാലത്ത് സ്വയം ബ്രാന്‍ഡ് ചെയ്യേണ്ട സ്ഥിതി മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. അതു ചെയ്യുന്നതു നിഷ്പക്ഷത പുലര്‍ത്തിക്കൊണ്ട് സാധ്യമാകുമോ എന്നതാണു ചോദ്യം. പക്ഷംപിടിച്ചു ജയിക്കുക എന്ന സാധ്യതയാണു മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലുള്ളത് എന്നതാണു മാധ്യമ നൈതികത നേരിടുന്ന വെല്ലുവിളിയെന്നും അനന്യ ചൂണ്ടിക്കാട്ടി മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടറും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എ.കെ. അനുരാജ് മോഡറേറ്ററായിരുന്നു. തപസ്യ സംസ്ഥാന സെക്രട്ടറി ടി. എസ്. നീലാംബരന്‍ സ്വാഗതം പറഞ്ഞു.














