Kerala

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

ഇതാണോ ഇവരുടെ ക്ഷേമപ്രവർത്തനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

താരസംഘടനയായ ‘അമ്മ’യിലെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി നടനും സംഘടനയുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ്. സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ അധികാരമേറ്റവർ സംഘടനയുടെ ക്ഷേമപ്രവർത്തനങ്ങൾ അട്ടിമറിച്ചെന്നും, പാവപ്പെട്ട കലാകാരന്മാർക്ക് നൽകിവന്ന സഹായങ്ങൾ നിർത്തലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള നീക്കങ്ങളാണ് നിലവിലെ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും, ‘അമ്മ’ എന്ന പുണ്യമായ പേരിനെപ്പോലും അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും ബാബുരാജ് തുറന്നടിച്ചു.

അവിടെ മത്സരിക്കാനോ അത് കൊണ്ടുനടക്കാനോ അറിയുന്ന ആൾക്കാർ ഇല്ലാത്തതുകൊണ്ടല്ല. എത്രയോ വർഷം വളരെ ഭംഗിയായിട്ടാണ് നമ്മളൊക്കെ ‘അമ്മ’ നോക്കിനടത്തിയത്. കൃത്യമായ കണക്കുകളും ബാങ്ക് ബാലൻസും ഒക്കെ ഏൽപ്പിച്ചിട്ടാണ് നമ്മൾ അവിടുന്ന് മാറിപ്പോകുന്നത്. ഇതിന്റെ പിന്നിൽ ഈ സംഘടന തുടങ്ങിയ കാലം മുതൽ പ്രവർത്തിച്ചവരുടെയും മരിച്ചുപോയവരുടെയും ഒക്കെ വലിയ അധ്വാനമുണ്ട്.

അവിടെ ട്രഷറർ അധികാരം കയ്യടക്കിയിരിക്കുകയാണ്. കാലാകാലങ്ങളായി സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ഒക്കെ നോക്കിയിരുന്ന കാര്യങ്ങളൊക്കെ ഇപ്പോൾ ട്രഷറർ ആണ് ചെയ്യുന്നത്. ട്രഷറർ അവിടെ നേരം വെളുക്കുവോളം ഇരിക്കുകയാണ്. ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ രാജിവച്ചു. ആ കുട്ടിയുടെ ഓഫിസ് ട്രഷറർ കയ്യടക്കിയിരിക്കുകയാണ്. ജീവനക്കാരി കൊടുത്ത കത്തിൽ അൻസിബയ്‌ക്കെതിരെ ഒരു നടനുമായി ചേർത്ത് ഗുരുതരമായ ആരോപണങ്ങൾ ഇവർ ഉന്നയിച്ചതായി പറയുന്നുണ്ട്. ആ കത്ത് വായിച്ചാൽ നമുക്ക് അത് ആരോടും പുറത്തു പറയാൻ പോലും പറ്റില്ല. അതുകൊണ്ടായിരിക്കാം അൻസിബ മനസ്സു മടുത്ത് രാജിവച്ചത്.

സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് കരുതിയാണ് ഇവരെ ഇതൊക്കെ ഏൽപ്പിച്ചത്. പ്രസിഡന്റ് ഒന്നും അറിയില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അവിടെ നടക്കുന്ന കാര്യങ്ങൾ പ്രസിഡന്റ് അറിയേണ്ടതല്ലേ? ലാലേട്ടൻ പ്രസിഡന്റായിരുന്നപ്പോൾ അവിടെ ഒരു ബൾബ് മാറ്റിയാൽ പോലും അദ്ദേഹം അറിയുമായിരുന്നു. ഇതിപ്പോൾ പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത്. എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് റൂം കൊടുക്കരുത് എന്ന് പറയുന്നു! താക്കോൽ മൊത്തം ഇവരുടെ കയ്യിലാണ്.

ബീന കുമ്പളങ്ങി ചേച്ചി, അവർക്ക് കഴുത്ത് തുളച്ച് ട്യൂബ് ഇട്ടിരിക്കുകയാണ്. അവർക്ക് ഞങ്ങൾ സ്ഥിരമായി ഒരു തുക എത്തിച്ചിരുന്നു. അവരുടെ അവസ്ഥ കണ്ടിട്ടാണ് അന്ന് മോഹൻലാൽ പറഞ്ഞത്, ‘മോനെ ഒന്നും നോക്കണ്ട, ആ പൈസ അവരുടെ കയ്യിൽ കൃത്യമായി എത്തണം’ എന്ന്. അതെല്ലാം ഇവർ നിർത്തിക്കളഞ്ഞു. ആ ചേച്ചി വിളിച്ചാൽ ഫോൺ എടുക്കരുത് എന്നാണ് മാനേജരോട് ഇവർ പറഞ്ഞിരിക്കുന്നത്. ഇതാണോ ഇവരുടെ ക്ഷേമപ്രവർത്തനം? എന്നും ബാബു രാജ് പറയുന്നു.

Recent Posts