
പാകിസ്ഥാനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് ടീമിന്റെ ആഹ്ലാദം
ധാക്ക: ടെസ്റ്റ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് ചരിത്ര വിജയം. ഷെര്‍ ബംഗ്ല നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 104 റണ്‍സിന്റെ മിന്നും ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ബംഗ്ലാദേശ് മണ്ണില്‍ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് ജയമെന്ന നേട്ടവും ഇതോടെ അവര്‍ സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് വിജയവും ബംഗ്ലാദേശ് കുറിച്ചു. 268 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍, അഞ്ചാം ദിനം എല്ലാം കൈവിട്ടു.
പാകിസ്ഥാന്‍ 163 റണ്‍സിന് പുറത്തായി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി.
2024 വരെ പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് ജയം പോലുമില്ലാതിരുന്ന ബംഗ്ലാദേശ് പാകിസ്ഥാനില്‍ നടന്ന പരമ്പരയില്‍ 2-0ന് ജയിച്ചിരുന്നു.
ഇമാം ഉള്‍ ഹക്കിനെ തുടക്കത്തില്‍ തന്നെ പുറത്താക്കി തസ്‌കിന്‍ അഹമ്മദ് തിരിച്ചടി നല്‍കി. അബ്ദുള്ള ഫസല്‍ 66 റണ്‍സെടുത്ത് ക്രീസില്‍ തുടര്‍ന്നെങ്കിലും മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നാഹിദ് റാണയുടെ വേഗതയേറിയ ബൗളിങ്ങും പാകിസ്ഥാന്റെ ബാറ്റിങ്ങ് നിരയെ തകര്‍ത്തു. സൗദ് ഷക്കീലിനെയും മുഹമ്മദ് റിസ്വാനെയും പുറത്താക്കിയ ശേഷമാണ് ബംഗ്ലാദേശ് മത്സരത്തിന്റെ പൂര്‍ണ ആധിപത്യം പിടിച്ചെടുത്തത്. മഴ മൂലം മൂന്നും നാലും ദിവസങ്ങളിലെ സമയം നഷ്ടമായിരുന്നെങ്കിലും ബംഗ്ലാദേശ് അവരുടെ ആക്രമണം തുടര്‍ന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 240ന് ഒന്‍പത് എന്ന് ഡിക്ലയര്‍ ചെയ്ത ബംഗ്ലാദേശ്, പാക്കിസ്ഥാനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റൊയുടെ തകര്‍പ്പന്‍ 87 റണ്‍സും മെഹിദി ഹസന്റെ വേഗമെറിയ 24റണ്‍സും ടീമിന്റെ കരുത്തായി. ആദ്യ ഇന്നിംഗ്‌സില്‍ 413 റണ്‍സ് നേടിയ ബംഗ്ലാദേശ്, പാക്കിസ്ഥാനെ 386 റണ്‍സില്‍ ഒതുക്കി 27 റണ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു. ഓഫ് സ്പിന്നര്‍ മെഹിദി ഹസന്‍ അഞ്ച് വിക്കറ്റുകള്‍ നേടി പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തി. ഈ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബംഗ്ലാദേശിന് 12 നിര്‍ണായക പോയിന്റുകളും ലഭിച്ചു.