പത്തനംതിട്ട: ശബരിമലയില്‍ നടന്ന സ്വര്‍ണത്തട്ടിപ്പിനെപ്പറ്റി എസ്‌ഐടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത് പ്രത്യേക അന്വേഷണ തട്ടിപ്പെന്ന ആരോപണം ശക്തം. അന്വേഷണം ആരംഭിച്ച് ഏഴ് മാസം കഴിയുമ്പോഴും കുറ്റപത്രം തയാറാക്കാന്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ചില ജീവനക്കാര്‍ക്കും എതിരെ മാത്രമാണ് അല്‍പമെങ്കിലും തെളിവുകള്‍ ഉള്ളത്. തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഇത് സംബന്ധിച്ച് സൂചന പോലും നല്കാനായിട്ടില്ല.
ഇതിനിടെ വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴും എസ്‌ഐടി സംഘം സന്നിധാനത്ത് പരിശോധന നടത്തിയതായി അറിയുന്നു.
കുംഭമാസ പൂജകള്‍ക്ക് നട തുറന്ന ഫെബ്രുവരി 12, 13 തീയതികളില്‍ ദ്വാരപാലക ശില്‍പ്പത്തെ വികൃതമാക്കി കൂടുതല്‍ അളവില്‍ മുറിച്ചെടുത്ത പാളികള്‍ ജംഷഡ്പൂരിലുള്ള നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലാണിപ്പോള്‍. 1998ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ കവര്‍ന്നതായി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. പാളികളില്‍ പൂശിയിരുന്ന സ്വര്‍ണത്തിന്റെ അളവിലും കൃത്യത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ നടത്തിയ പരിശോധന പാളിയതിനാലാണ് ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്മെന്റ് വിഭാഗത്തിന്റെ സഹായത്തോടെ എസ്ഐടി സന്നിധാനത്തെ ശ്രീകോവിലില്‍ നിന്ന് കൂടുതല്‍ അളവില്‍ സ്വര്‍ണം ശേഖരിച്ചത്. ദ്വാരപാലക പാളികളില്‍ അംഗ ഛേദം വരുത്തി സാമ്പിള്‍ ശേഖരിച്ചതിനെതിരെ അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പ് കഴിയും വരെ അന്വേഷണം ദീര്‍ഘിപ്പിക്കാനാണ് പാളികളുടെ സാമ്പിളുകള്‍ ജംഷഡ്പൂരിലേക്ക് അയച്ചതെന്ന ആരോപണം ശക്തമാണ്. ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സ് പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചുവെന്നും ബാക്കി വന്ന സ്വര്‍ണം ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍ വാങ്ങിയെന്നും അര്‍ത്ഥശങ്കയില്ലാതെ കണ്ടെത്തിയ എസ്‌ഐടി പിന്നെങ്ങനെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ വിറ്റതായി സംശയിക്കുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സ്വര്‍ണം വേര്‍പെടുത്തിയ ശേഷം പാളികള്‍ വില്‍ക്കാന്‍ കഴിയില്ല. ചെമ്പുപാളികള്‍ക്ക് മാത്രമായി മൂല്യം ഇല്ലാത്തതാണ് കാരണം. ഇനി സ്വര്‍ണം അടക്കം പാളികള്‍ വിറ്റിട്ടുണ്ടെങ്കില്‍ ഇതുവരെ ഉള്ള അന്വേഷണം പിഴച്ചു എന്ന കാര്യം എസ്‌ഐടിക്ക് സമ്മതിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ കുറ്റപത്രം ഇനിയും വൈകുമെന്ന കാര്യം ഉറപ്പാണ്.
















