തിരുവനന്തപുരം: വിവോ, ഐക്യു സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുണ്ടെന്ന് പോലീസിന്റെ ജാഗ്രതാ നിര്‍ദേശം. ‘ഒറിജിന്‍ ഒ എസ് അപ്‌ഡേറ്റ്’ എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങള്‍ വഴി മൊബൈല്‍ ഫോണുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്തുമെന്നതിനാല്‍ ജാഗ്രത വേണം. ഫോണിലെ ഇന്‍സ്റ്റാള്‍ ഫ്രം അണ്‍ക്‌നോണ്‍സോഴ്‌സസ് എന്ന ഓപ്ഷന്‍ എപ്പോഴും ഓഫ് ചെയ്ത് വെക്കണമെന്നും പോലീസ് അറിയിച്ചു.
‘അടിയന്തരമായി സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുക’ (Urgent Sy-stem Update Required) എന്ന തരത്തിലുള്ള പോപ്പ്അപ്പ് സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ഔദ്യോഗിക അപ്‌ഡേറ്റിന് പകരം മാല്‍വെയര്‍ അടങ്ങിയ എപികെ (APK) ഫയലുകള്‍ ഡൗണ്‍ലോഡ് ആകും. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കും. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടാനാണ് സംഘം ലക്ഷ്യമിടുന്നതെന്നും പോലീസ് അറിയിച്ചു. സെറ്റിങ്‌സ് മെനുവിലെ സിസ്റ്റം അപ്‌ഡേറ്റ് വഴി അല്ലാതെ ബ്രൗസര്‍ വഴിയോ മെസേജുകള്‍ വഴിയോ വരുന്ന അപ്‌ഡേറ്റ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ‘ഫോണ്‍ ബ്ലോക്ക് ചെയ്യും’ എന്ന രീതിയില്‍ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ കണ്ടാല്‍ അവഗണിക്കണം. വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകള്‍ മാത്രം ഉപയോഗിക്കണം. അബദ്ധവശാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കണം. ഫോണ്‍ സുബാങ്കിങ്, സോഷ്യല്‍ മീഡിയ പാസ്വേഡുകള്‍ മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ഉടന്‍ മാറ്റണം. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറിലോ, https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കണമെന്നും പോലീസ് അറിയിച്ചു.











