തിരുവനന്തപുരം: ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തിരുവനന്തപുരം കമ്മിഷണര്‍ ഓഫീസിനു മുന്‍പില്‍ താന്‍ ധര്‍ണ നടത്തുമെന്ന് ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖ. സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീലേഖ വാട്സ് ആപ്പ് സന്ദേശയച്ചു.
താന്‍ ഇപ്പോഴും പൊലീസിന്റെ നന്മയില്‍ വിശ്വസിക്കുന്നു.എന്തായാലും നടപടി ഉണ്ടാവുമെന്നും ശ്രീലേഖ കുറിച്ചു. അതുകൊണ്ട് മാത്രമാണ് ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതെന്നും ശ്രീലേഖ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ രാത്രി നെട്ടയത്ത് വച്ചു ബി ജെ പി നേതാക്കളെയും പ്രവര്‍ത്തകരെയും തിരഞ്ഞുപിടിച്ച് വട്ടിയൂര്‍ക്കാവ് എസ് എച്ച് ഒ അകാരണമായി മര്‍ദ്ദിച്ച് പരിക്കുകള്‍ ഏല്‍പ്പിച്ചു. നാലഞ്ച് പേര്‍ ആശുപത്രിയിലാണ്. പിന്നാലെ തിങ്കളാഴ്ച പൊലീസ് ഇടപ്പഴഞ്ഞി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ചു കയറി ചില ബി ജെ പി പ്രവര്‍ത്തകരെ പിടിച്ചുകൊണ്ടു പോവുകയും ചെയ്തു. തിരഞ്ഞെടുപ്പ് സമയത്തെ രാഷ്‌ട്രീയ പൊലീസിന്റെ ഈ അധ:പതനം കഷ്ടമെന്നും ശ്രീലേഖ പറഞ്ഞു.
അതിനിടെ, ഇടപ്പഴനി കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളിയെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സി പി എം ശ്രമിച്ചിരുന്നു. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ പ്രതിയാക്കിക്കൊണ്ട് കേസെടുത്തു. അതിന്റെ തുടര്‍ച്ചയായി ഇന്നലെ പ്രശ്‌നം നടന്നു. ഇന്ന് ആ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണറുമായി സംസാരിച്ച് ഏകദേശ ധാരണയിലെത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം തങ്ങള്‍ സഹകരിച്ചു.ഇതിനിടെയാണ് ഇടപ്പഴനി മുരുക ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. പൊലീസ് വാഹനത്തിലിട്ടും പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. വട്ടിയൂര്‍ക്കാവ് സിഐയാണ് ഇതിനെല്ലാം കാരണമെന്നും ബിജെപി ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും സിറ്റി ജില്ലാ അധ്യക്ഷന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നെട്ടയത്ത് സി പി എം പ്രവര്‍ത്തകര്‍ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ചതിന്റെ തുടര്‍ച്ചയായാണ് ഇന്ന് ഇടപ്പഴനി ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ക്ഷേത്രമതപാഠശാല യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.വട്ടിയൂര്‍ക്കാവ് എസ് എച്ച് ഓ വിപിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് അതിക്രമം കാട്ടിയത്. സി.പി.എം ബന്ധം വച്ച് രാഷ്‌ട്രീയം കളിക്കുന്നു എന്ന് നേരത്തെ തന്നെ ആരോപണം നേരിടുന്ന ആളാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍.
നെട്ടയം മലമുകളില്‍ ഇന്നലെയാണ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ സി പി എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ഒരുമ്പെട്ടത്.ബിജെപി പ്രവര്‍ത്തകയ്‌ക്ക് നേരെ എതിരാളികള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തു.
















