തിരുവനന്തപുരം:കറുത്ത മീശയ്‌ക്ക് ചുറ്റും വെഞ്ചാമരം പോലെ താടി. ഇത് ശക്തിമാനായ പുരുഷന്റെ ലക്ഷ്ണമായി കണക്കാക്കുന്നു. യൂറോപ്പിലും അമേരിക്കയിലും 19ാം നൂറ്റാണ്ടില്‍ മധ്യവയസ്കരും എന്നാല്‍ ജീവിതത്തില്‍ വിജയിച്ചവരുമായ ശക്തരായ പുരുഷന്മാര്‍ ഇത്തരം ഒരു ശൈലി അവരുടെ താടിയ്‌ക്കും മീശയ്‌ക്കും ഉപയോഗിച്ചിരുന്നുവത്രെ. ആധിപത്യം, പക്വത, ജ്ഞാനം എന്നിവയുടെ ലക്ഷ്ണമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
തറവാടിത്തത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെട്ടിരുന്ന ശൈലിയാണ് ഇത്. ഇപ്പോഴിതാ ഈ ശൈലിയുടെ പേറ്റന്‍റ് തനിക്കാണെന്ന് അവകാശപ്പെട്ട് മലയാള നടന്‍ സന്തോഷ്. താനാണ് കേരളത്തില്‍, മലയാളസിനിമയില്‍ ഇങ്ങിനെ ഒരു സ്റ്റൈല്‍ ആദ്യമായി കൊണ്ടുവന്നതെന്നാണ് സന്തോഷിന്റെ അവകാശവാദം. തനിക്ക് ശേഷമാണ് സുരേഷ് ഗോപി ആ ശൈലി തന്നില്‍ നിന്നും കടമെടുത്തതെന്നും സന്തോഷ് വാദിക്കുന്നു.
ഇക്കാര്യത്തില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും അടുത്ത ബന്ധുക്കളാണ്. അടുത്ത സുഹൃത്തുക്കളുമാണ്. എന്തായാലും സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ഒറ്റക്കൊമ്പന്‍ എന്ന സിനിമയിലെ കഥാപാത്രത്തിന് ഈ ശൈലിയാണ്- വെളുത്ത താടിയും കറുത്ത കൊമ്പന്‍മീശയും. ആ സിനിമയുടെ സൗകര്യാര്‍ത്ഥമാണ് സുരേഷ് ഗോപി ഈ താടിമീശ ശൈലി നിലനിര്‍ത്തുന്നതെന്ന് പറയുന്നു. എന്തായാലും വെള്ളത്താടി, കറുത്ത കൊമ്പന്‍ മീശ എന്ന ശൈലിയുടെ പേറ്റന്‍റിനെച്ചൊല്ലിയുള്ള ഈ വഴക്കില്‍ ആര്‍ക്കായിരിക്കും അന്തിമജയം?
















