തൃശൂര്‍ : കിറ്റ് വിവാദത്തിൽ തൃശൂർ യുഡിഎഫ് സ്ഥാനാർഥി ടി.എൻ പ്രതാപനെതിരേ ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും. നടനും ബിജെപി നേതാവുമായ ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തി എന്നു കാണിച്ചാണ് പരാതി. കിറ്റുമായി ദേവന് ബന്ധമില്ലെന്നും കിറ്റ് വിവാദം ടി.എൻ. പ്രതാപന്റെ പൊറോട്ടുനാടകം ആണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർഥി കെ.കെ. അനീഷ് കുമാർ ആരോപിച്ചു.
മണലൂര്‍ മണ്ഡലത്തിലും തൃശൂര്‍ മണ്ഡലത്തിലും കള്ളപ്രചരണങ്ങള്‍ നടത്തി ബിജെപിയുടെ വിജയത്തെ തടയാനുള്ള ശ്രമമാണ് എല്‍ഡിഎഫും യുഡിഎഫും നടത്തുന്നതെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു. ബിജെപി നേതാക്കന്മാരെ അപമാനിക്കുന്ന ശ്രമമാണ് ഇരുമുന്നണികളുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത് . ബിജെപി മഹാസമ്പര്‍ക്കം നടത്തുകയായിരുന്നു. അത് തടയുന്നതിന് വേണ്ടിയാണ് കിറ്റ് വിവാദം പോലുള്ള കള്ളപ്രചരണങ്ങള്‍ നടത്തുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ദേവന്‍ പറഞ്ഞു. ഇതുകൊണ്ടൊന്നും ബിജെപിയുടെ വിജയത്തെ തടയാന്‍ ആകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണലൂരിലെയും തൃശ്ശൂരിലെയും തോല്‍വി മുന്‍കൂട്ടി കൊണ്ടാണ് രണ്ടു മുന്നണികളും അപവാദ പ്രചരണം നടത്തുന്നത്. ആരോപണം നുണയാണെന്ന് പോലീസ് തന്നെ പറയുന്നു. തെളിവുകള്‍ ഒന്നും കണ്ടെത്തിയില്ല. എന്നിട്ടും സുനില്‍കുമാറും ടി.എന്‍ പ്രതാപനും പൊറാട്ട് നാടകം കളിക്കുകയാണ്. ഇതിനെതിരെ പൊതുജനങ്ങളെ അണിനിരത്തി വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
















