പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പികെ ശശി. അവനോടൊക്കെ എന്ത് മറുപടി പറയാനാണെന്നും അവനെ വലിയ ആളായി കാണുന്നില്ലെന്നും പി കെ ശശി പറഞ്ഞു.
താന്‍ രേഖകളില്‍ പ്രായം കുറച്ച് കാണിച്ചത് യൗവ്വനം കാത്തുസൂക്ഷിക്കാന്‍ എന്ന് ജില്ലാ സെക്രട്ടറി ആരോപിച്ചതിനും പികെ ശശി മറുപടി നല്‍കി. രേഖകളില്‍ കൃത്രിമത്വം കാണിച്ചെങ്കില്‍ അത് തെളിയിക്കാന്‍ താന്‍ വെല്ലുവിളിക്കുന്നു. പാര്‍ട്ടിക്ക് വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടുമെന്നും പി. കെ. ശശി പറഞ്ഞു.
പി കെ ശശി നാമനിര്‍ദ്ദേശക പത്രികയിലെ പേരിലും വയസിലും കൃത്രിമം കാട്ടിയതായാണ് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആക്ഷേപം. പികെ ശശി പഠിച്ച കുലുക്കല്ലൂര്‍ വി എ യുപി സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റിലുള്ള പേര് ശശിധരന്‍ പി കെ എന്നാണ്. പേരില്‍ മാറ്റം വരുത്തണമെങ്കില്‍ നിലവിലുള്ള നിയമ പ്രകാരം ഗസറ്റില്‍ പരസ്യപ്പെടുത്തണം. ഇത് ചെയ്തതായി വിവരമില്ല. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയിലും കൃത്രിമം കാണിച്ചുവെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ ആരോപണം. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു. ഇതാണ് പി കെ ശശിയെ പ്രകോപിപ്പിക്കാന്‍ കാരണം.
















