കണ്ടാൽ അത്ര അപകടകാരിയല്ലെന്ന് തോന്നിച്ചാലും കയ്യിലിരുപ്പ് അത്ര നല്ലതല്ലാത്ത പല മൃഗങ്ങളും ജന്തുലോകത്തുണ്ട്. യാത്രയ്‌ക്കിടയിലും മറ്റും കടലിലേക്കും ജലാശയങ്ങളിലേക്കും എടുത്തു ചാടുന്നവർ അറിഞ്ഞിരിക്കേണ്ട ചിലരും ഈ കൂട്ടത്തിലുണ്ട്.
നൈൽ ചീങ്കണ്ണി
വെള്ളത്തിനടിയിൽ പതുങ്ങിയിരുന്ന് മിന്നൽ വേഗത്തിൽ ഇരപിടിക്കുന്നതിൽ ഇവർ വിദഗ്ധരാണ്. വെള്ളത്തിനടിയിൽ പൂർണ്ണമായും മുങ്ങിക്കിടന്ന് കണ്ണും മൂക്കും മാത്രം പുറത്തു കാണിച്ച് ഇരയെ കാത്തിരിക്കുന്നതാണ് ഇവയുടെ രീതി. കരയോട് ചേർന്ന് വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ സെക്കന്റുകൾക്കുള്ളിൽ പിടികൂടാൻ ഇവയ്‌ക്ക് സാധിക്കും. മനുഷ്യർക്ക് ഏറ്റവും കൂടുതൽ ഭീഷണിയുയർത്തുന്ന ഒരു ഇനമാണിത്. ഓരോ വർഷവും നൂറുകണക്കിന് ആളുകൾ ആഫ്രിക്കയിൽ ഇവയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകൾ.
ബുൾ ഷാർക്ക്
ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഒരുപോലെ ജീവിക്കാൻ കഴിയുന്ന ഈ സ്രാവുകൾ തികച്ചും പ്രവചനാതീതമായ സ്വഭാവമുള്ളവരും അക്രമാസക്തരുമാണ്. ലോകത്തിലെ ഏറ്റവും അക്രമാസക്തരായ സ്രാവുകളിൽ ഒന്നായാണ് ഇവയെ കണക്കാക്കുന്നത്
ബാരക്കുഡ
മൂർച്ചയുള്ള പല്ലുകളും വേഗതയും ഇവയെ കടലിലെ അപകടകാരികളാക്കുന്നു. മിന്നുന്ന വസ്തുക്കളോട് ഇവ പ്രത്യേകമായി ആകൃഷ്ടരാകാറുണ്ട്. ബാരക്കുഡയുടെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രത്യേകത അതിന്റെ താടിയെല്ലുകളാണ്. പുറത്തേക്ക് തള്ളിനിൽക്കുന്ന താടിയെല്ലുകളിൽ കഠാര പോലെ മൂർച്ചയുള്ള രണ്ട് നിര പല്ലുകളുണ്ട്. ഈ പല്ലുകൾ ഉപയോഗിച്ച് ഇരയെ കഷ്ണങ്ങളാക്കാൻ ഇവയ്‌ക്ക് നിമിഷങ്ങൾ മതി.
















