തമിഴ് സിനിമയിൽ ഇന്നും പകരം വയ്‌ക്കാനാകാത്ത ചിത്രങ്ങളിൽ ഒന്നാണ് മൂണ്ട്രാം പിറൈ . കമൽഹാസനും, ശ്രീദേവിയും മത്സരിച്ച് അഭിനയിച്ച ചിത്രമൊരുക്കിയത് ബാലു മഹേന്ദ്രയാണ് . 1982 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകൾ ഇന്നും സൂപ്പർ ഹിറ്റുകളാണ്. കണ്ണദാസൻ , വൈരമുത്തു , ഗംഗൈ അമരൻ എന്നിവരുടെ വരികൾക്ക് ഇളയരാജയാണ് സംഗീതം ഒരുക്കിയത് . 1981-ൽ മരിക്കുന്നതിന് മുമ്പ് കണ്ണദാസൻ എഴുതിയ അവസാന ഗാനവും ഇതിലുണ്ട്. ഇതിലെ കണ്ണേ കലൈമാനേ എന്ന ഗാനം കണ്ണാദാസൻ എഴുതിയ അവസാന വരികളാണ്.
നിരവധി വേദികളിൽ, ഈ ഗാനത്തിന്റെ സൃഷ്ടിയുടെ പിന്നിലെ ഹൃദയസ്പർശിയായ കഥ ഇളയരാജ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടെ ഒരു ദിവസം ഇളയരാജ മൂളുന്ന ഈണം ശ്രദ്ധയോടെ കേട്ട കണ്ണദാസൻ , “രാജാ, ഈ രാഗത്തിനുള്ള വരികൾ ഞാൻ ഇപ്പോൾ തന്നെ നൽകാം” എന്ന് പറഞ്ഞ് അവിടെ തന്നെ ഇരുന്ന് എഴുതി നൽകിയ ഗാനമായിരുന്നു അത്.
ഏതാണ്ട് ആഴത്തിലുള്ള ആത്മീയ തപസ്സുപോലെയാണ് അദ്ദേഹം ആ ഗാനം എഴുതി നൽകിയത്. എന്നാൽ ഗാനത്തിന്റെ റെക്കോർഡിംഗ് സമയത്ത് കണ്ണദാസൻ അവിടെ ഉണ്ടായിരുന്നില്ല. അപ്പോഴേക്കും അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഈ ഗാനം തയ്യാറാക്കുമ്പോൾ, ഇളയരാജയ്‌ക്ക് ഒരു കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. ഈ രാഗം ഒരു താരാട്ടുപാട്ടാകുകയും വേണം, അതേസമയം അഗാധമായ ദുഃഖത്തിന്റെ പ്രതിഫലനം ഉണ്ടാകുകയും വേണം.
കണ്ണദാസന്റെ വിയോഗത്തിനുശേഷം, ഈ ഗാനം കേൾക്കുമ്പോഴെല്ലാം, തന്റെ കണ്ണുകൾ നനയാറുണ്ടെന്നും രാജ പറഞ്ഞു “ഒരുപക്ഷേ അദ്ദേഹം തന്റെ വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് ആ മുൻകൂട്ടി അറിഞ്ഞുകൊണ്ട് ഇത് എഴുതിയോ?” എന്നാണ് ഈ ഗാനത്തെ പറ്റി ഇളയരാജയുടെ ചോദ്യം.
















