കോഴിക്കോട്:ധനരാജ് രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയവരെ ന്യായീകരിക്കുന്ന എം. സ്വരാജിന് ശക്തമായ മറുപടിയുമായി പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.കുഞ്ഞികൃഷ്ണന്‍. ധനരാജ് ഫണ്ട് കട്ട പാര്‍ട്ടിയിലെ ‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല.എന്നാല്‍ അഴിമതിക്കെതിരെ പോരാടിയ തന്നെ അപഹസിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും കുഞ്ഞികൃഷ്ണന്‍ കുറ്റപ്പെടുത്തി.
പയ്യന്നൂരില്‍ പാര്‍ട്ടിയിലെ ചിലര്‍ ഉയര്‍ത്തിയ അതേ ന്യായീകരണങ്ങള്‍ തന്നെ പുതിയ കണ്ടുപിടുത്തമെന്ന രീതിയില്‍ സ്വരാജ് പുനരവതരിപ്പിക്കുകയാണ് ചെയ്തത്. ചോദ്യങ്ങള്‍ക്ക് മറുചോദ്യങ്ങള്‍ കൊണ്ട് ഉത്തരം നല്‍കുന്ന വിതണ്ഡവാദമാണ് സ്വരാജിന്റേത്. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ സ്ഥിര നിക്ഷേപമാക്കിയതില്‍ 20 ലക്ഷം എങ്ങോട്ടുപോയി എന്ന് കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്റെ വിമര്‍ശനം.
പലിശ തുകയടക്കം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയതിന് തെളിവുകളുണ്ട്. ഒരു നയാപൈസ പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന സ്വരാജിന്റെ വാദം വസ്താ വിരുദ്ധമാണെന്നും ഓഡിറ്റ് നടത്തിയ താന്‍ ഇത്തരം തിരിമറികള്‍ നേരിട്ട് കണ്ടതാണെന്നും അദ്ദേഹം കുറിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരെയുള്ള പോരാട്ടമാണിത്. സത്യത്തെ ആയുധമാക്കി അഴിമതിക്കെതിരെയും നീതിക്കും വേണ്ടി പോരാട്ടം തുടരുമെന്നും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
രക്തസാക്ഷി ഫണ്ടില്‍ നിന്ന് ഒരണ പോലും വകമാറ്റിയിട്ടില്ലെന്ന് സ്വരാജ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് പിരിച്ച പണത്തിന്റെ കണക്കുകള്‍ കള്ളന്മാര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തേണ്ടതില്ലെന്നും സ്വരാജ് പറഞ്ഞു.
















