തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കടകംപള്ളിയ്‌ക്കെതിരെ ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതി സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുകയാണ്.
കടകംപള്ളിയും കഴക്കൂട്ടത്തെ ഒരു ഭൂവുടമയായ സ്ത്രീയും ചേർന്ന് കേസിൽ കുരുക്കി തന്നെ അകത്തിടാൻ ശ്രമിച്ചുവെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി. സമാന സ്വഭാവമുള്ള കാര്യങ്ങള്‍ എസ്ഐടി അന്വേഷിച്ചിട്ടുണ്ടോ, തെളിവ് ശേഖരിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ രേഖാമൂലം നൽകുന്നതിന് വേണ്ടിയാണ് സിറ്റി പൊലീസ് കമ്മീഷണർ പരാതി എസ്ഐടിക്ക് കൈമാറിയത്.
ഡിജിപിക്ക് പോറ്റി നൽകിയ പരാതിയാണ് പ്രാഥമിക അന്വേഷണതതിനായി കമ്മീഷണർക്ക് കൈമാറിയത്. ശബരിമലസ്വര്‍ണ്ണക്കൊള്ളക്കേസില്‍ നേരത്തെ പ്രത്യേക അന്വേഷണസംഘം കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണ് ചോദ്യം ചെയ്തത്.
















